|    Nov 14 Wed, 2018 4:42 am
FLASH NEWS

കല്‍മണ്ഡപത്തെ കനാല്‍പാലം പൊൡുമാറ്റല്‍ കടലാസിലൊതുങ്ങുന്നു

Published : 20th June 2018 | Posted By: kasim kzm

പുതുശ്ശേരി: നിയമങ്ങളും നിയന്ത്രണങ്ങളുമൊക്കെ കാറ്റില്‍ പറത്തി മലമ്പുഴ കനാലിനു കുറുകെ നിര്‍മിച്ച കനാല്‍പാലം പൊളിച്ചുമാറ്റല്‍ കടലാസിലൊതുങ്ങുന്നു. പാലക്കാട്- കോയമ്പത്തൂര്‍ ദേശീയ പാതയില്‍ മരുതറോഡ് പഞ്ചായത്തില്‍പ്പെട്ട കല്‍മണ്ഡപത്തെ കല്ലേപ്പുള്ളി റോഡിലുള്ള മലമ്പുഴ ഇടതു കനാലിനു കുറുകെ നിര്‍മിച്ച പാലമാണു വിജിലന്‍സിന്റെ ഉത്തരവുണ്ടായിട്ടും നടപടികള്‍ വൈകുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ നോക്കുകുത്തിയാക്കി കല്‍മണ്ഡപം കനാലിനു സമീപത്തെ പാടം നികത്തി നിര്‍മിച്ച സ്വകാര്യ വ്യക്തിയുടെ കെട്ടിട സമുച്ചയത്തിനു വേണ്ടിയാണ് 59.5 കി.മീറ്ററിലുള്‍പ്പെടുന്ന മലമ്പുഴ ഇടതു കനാലിനു കുറുകെ 5 മീറ്ററില്‍ പാലം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ പ്രസ്തുത പാലത്തിന്റെ നിര്‍മാണത്തിന് ഇറിഗേഷന്‍ വകുപ്പ് അനുമതി നല്‍കിയതു സമീപത്തെ ഫഌറ്റ് നിര്‍മിച്ച റിയല്‍ എസ്റ്റേറ്റ് ലോബിക്കു വേണ്ടിയാണെന്നു ധനകാര്യ പരിശോധന വിഭാഗവും കണ്ടെത്തിയിരുന്നു. കല്‍മണ്ഡപം സ്വദേശി പൊതുപ്രവര്‍ത്തകനായ ഹംസ ചെമ്മാനം പാലം അനധികൃതമാണെന്നു കാണിച്ചു നല്‍കിയ പരാധിയിലെ പരിശോധനയിലാണ് ജലസേചന വകുപ്പിന്റെ മലമ്പുഴ ഡിവിഷനിലെയും പാലക്കാട് ഇടതു ബാങ്ക് സബ് ഡിവിഷനിലേയും ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കുറ്റം നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്.
ഇറിഗേഷന്‍ വകുപ്പിന്റെ ഓഫിസില്‍ നിന്ന് ഒബി/എംകെസി /02-06-02 ാം നമ്പര്‍ രേഖ നശിപ്പിച്ച് കളഞ്ഞതായും പാലം നിര്‍മ്മാണത്തിനായി നല്‍കിയ വ്യാജ അപേക്ഷകള്‍, വ്യാജ മേല്‍വിലാസത്തിലുള്ള വ്യക്തികള്‍ക്ക് കനാലിനു കുറുകെ പാലം നിര്‍മിക്കാന്‍ അനുമതി നല്‍കിയതു സംബന്ധിച്ച് രേഖകള്‍, അന്വേഷണ ഉത്തരവിനായി പരാതിക്കാരനായ ഹംസ ചെമ്മാനത്തിന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. വിവാദ പാലം നിര്‍മാണത്തിനായി ഭാസ്‌കരനെന്ന വ്യക്തിക്ക് മലമ്പുഴ എക്‌സി. എന്‍ജിനീയറുടെ 20/04/2006 ലെ എ5 – 1493/05 (80) ാം നമ്പര്‍ വകുപ്പ് പ്രകാരം അനുവാദം നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തി ല്‍ ഭാസ്‌കരനും സര്‍ക്കാരിനു വേണ്ടി എല്‍ബിസി സബ് ഡിവിഷന്‍ അസി. എക്‌സി. എന്‍ജിനീയറും തമ്മില്‍ 01-06-2006ന് കരാറിലൊപ്പിടുകയുമുണ്ടായി. എന്നാല്‍ നിയമപ്രകാരം പാലം നിലനില്‍ക്കുന്നിടത്തോളം കാലം പ്രസ്തുത രേഖകള്‍ സൂക്ഷിക്കണമെന്നിരിക്കെ ഉടമസ്ഥനെ രക്ഷപ്പെടുത്തുന്നതിനായി ഇരു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ രേഖകള്‍ നശിപ്പിച്ചതായാണ് അറിയുന്നത്.
മരുതറോഡ് പഞ്ചായത്തില്‍പ്പെട്ട കല്‍മണ്ഡപം കനാലിന്റെ സമീപത്തെ ബ്ലോക്ക് 38ല്‍ സുമാര്‍ 5 ഏക്കര്‍ (റീസര്‍വേ നമ്പര്‍ 74/3, 73/8, 741) കൃഷിഭൂമിയാണെന്നും ആയതിലേക്ക് വരാനായി കാര്‍ഷിക യന്ത്രങ്ങളും മറ്റു വാഹനങ്ങളും വരാന്‍ വഴിയില്ലാത്തതിനാലും മറ്റു വഴികള്‍ ഗതാഗതത്തിനു അന്നത്തെ മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സി. എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. പാലം നിര്‍മാണത്തിനായി അന്നത്തെ മലമ്പുഴ കനാല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ സബ് ഡിവിഷന്‍ അസി. എക്‌സി. എന്‍ജിനീയര്‍ക്ക് തുടര്‍ നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുകയായിരുന്നു.
എന്നാല്‍ തുടര്‍നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുകയായിരുന്നു. എന്നാല്‍ വ്യാജ മേല്‍വിലാസവും വ്യാജ ഉത്തരവുകളും നല്‍കി സ്വകാര്യ ലോബിക്ക് വേണ്ടി അനധികൃതമായി നിര്‍മിച്ച പാലം 12 വര്‍ഷങ്ങള്‍ കഴിയുമ്പോഴും പൊളിച്ചുമാറ്റല്‍ സംബന്ധിച്ച രേഖകളും നടപടികളും കടലാസില്‍ മാത്രമാവുകയാണ്. പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഇടതുകനാല്‍ സബ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മേല്‍പറഞ്ഞതു സംബന്ധിച്ചതടക്കമുള്ള ഉടമ്പടികളോ അനധികൃത പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച ഉത്തരവുകളോ പ്രസ്തുത രേഖകളുടെ പകര്‍പ്പോ കണ്ടെത്തിയില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss