|    Jul 24 Mon, 2017 10:30 pm
FLASH NEWS

കല്‍മണ്ഡപം – ചന്ദ്രനഗര്‍ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു

Published : 3rd August 2016 | Posted By: SMR

പുതുശ്ശേരി: ദേശീയ-സംസ്ഥാന പാതകള്‍ കടന്നുപോകുന്ന കല്‍മണ്ഡപം മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് ശമനമില്ല.
ദേശീയപാത 966 തുടങ്ങുന്ന ചന്ദ്രനഗറില്‍ അനുദിനം ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും പരിഹരിക്കാന്‍ കഴിയാതെ നട്ടംതിരിയുകയാണ് അധികൃതര്‍. കൊച്ചി – സേലം ദേശീയപാതയിലൂടെ എറണാകുളം ഭാഗത്തുനിന്നും കോയമ്പത്തൂരിലേക്കും കോയമ്പത്തൂര്‍ ഭാഗത്തുനിന്നും കൊച്ചിഭാഗത്തേക്കും വരുന്ന ചരക്കുവാഹനങ്ങളും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും ഒലവക്കോട് ഭാഗത്തുനിന്ന് കോഴിക്കോട് ബൈപാസുവഴി വാഹനങ്ങളുമെക്കെ കടന്നുപോവുന്ന പ്രധാന പാതയാണ് കല്‍മണ്ഡപം – ചന്ദ്രനഗര്‍ പാത.
കല്‍മണ്ഡപത്തുനിന്ന് ചന്ദ്രനഗറിലേക്ക് 200 മീറ്റര്‍ ദൂരം മാത്രമാണെന്നിരിക്കെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും പലപ്പോഴും 10 മിനിറ്റിലധികം സമയമെടുക്കേണ്ടിവരും വാഹനങ്ങള്‍ക്ക്. ഭാരതമാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളും പാര്‍വ്വതികല്യാണമണ്ഡപവും ചന്ദ്രനഗറിലാണെന്നിരിക്കെ സ്‌കൂളിന്റെ അധ്യായന സമയങ്ങളിലും കല്യാണമണ്ഡപത്തില്‍ പരിപാടികള്‍ നടക്കുമ്പോഴും ഇവിടങ്ങളില്‍ ഏറെ ഗതാഗതക്കുരുക്കാണ്. പലപ്പോഴും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പോലിസുകാര്‍ക്ക് പാടുപെടേണ്ടിവരും ഇവിടെ.
സ്‌കൂള്‍ തുറന്നതോടെ രാവിലെ എട്ടര മുതല്‍ പത്തുവരെയും വൈകീട്ട് മൂന്നുമുതല്‍ നാലരവരെയും ഇവിടെ സ്‌കൂള്‍ വാഹനങ്ങളുടെ തിരക്കുള്ളതിനാല്‍ ഗതാഗതക്കുരക്ക് രൂക്ഷമാണെന്നാണ് സ്ഥിരം യാത്രക്കാര്‍ പറയുന്നത്. ഞായറാഴ്ചകളില്‍ മറ്റും മണ്ഡപത്തില്‍ കല്യാണമോ മറ്റുപരിപാടികളോ നടക്കുന്നുണ്ടെങ്കിലും സ്ഥിതി ഇതുതന്നെ. വാളയാര്‍ – വടക്കഞ്ചേരി പാത നാലുവരിയാക്കിയതോടെ ഈ ഭാഗത്ത് അപകടങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. കോയമ്പത്തൂരിലേയും തൃശ്ശൂരിലേയും സ്വകാര്യ മെഡിക്കല്‍കോളജ് ആശുപത്രികളിലേക്കുള്ള ആംബുലന്‍സുകളും പലപ്പോഴും ഇത്തരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടാല്‍ അത്യാസന്നനിലയിലുള്ള രോഗികളുടെ ജീവന്‍ വരെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പലപ്പോഴും വളരെ പണിപ്പെട്ടാണ് ആംബുലന്‍സുകള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതെന്നാണറിയുന്നത്. ഇവിടെ വാഹന ഗതാഗതം വണ്‍വേ ആയതാണ് പ്രശ്‌നം രൂക്ഷമാകുന്നത്.
കോഴിക്കോട് ഭാഗത്തുനിന്നും കല്‍മണ്ഡപം ബൈപാസ് ജങ്ഷനില്‍ എത്തുന്ന വാഹനങ്ങള്‍ എതിര്‍ഭാഗത്തുള്ള കരിങ്കരപ്പുള്ളി കനാല്‍ റോഡ് വഴി തൃശ്ശൂര്‍ ബൈപാസിലേക്ക് കടത്തിവിട്ടാല്‍ കല്‍മണ്ഡപം മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗത്തെ തിരക്ക് ഒരുപരിധിവരെ ഒഴിവാക്കാനാവും. ഇത്തരത്തില്‍ കോഴിക്കോട് ബൈപാസ് വഴിവരുന്ന വാഹനങ്ങള്‍ക്ക് കനാല്‍വഴി ദേശീയപാതയിലേക്ക് പ്രവേശിച്ച് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകാന്‍ കഴിയില്ല. ഇതിനിടെ ക്രമീകരണങ്ങള്‍ നടത്താനും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. കല്‍മണ്ഡപം ബൈപാസ് ജങ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതും വാഹനയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കോയമ്പത്തൂര്‍ – തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന ചരക്കുവാഹനങ്ങള്‍ കടന്നുപോവുന്ന പ്രധാന ബൈപാസിന്റെ പ്രവേശനകവാടമായ കല്‍മണ്ഡപം ജങ്ഷനില്‍ അപകടസാധ്യതയോറെയുമാണ്. നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടും ഇവിടെ മതിയായ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. അന്തര്‍സംസ്ഥാന സര്‍ക്കാര്‍ – സ്വകാര്യബസ്സുകളും നിരവധി ചരക്കുവാഹനങ്ങളും സ്വകാര്യവാഹനങ്ങളും കടന്നുപോകുന്ന പ്രധാനപാതയായ കല്‍മണ്ഡപം – ചന്ദ്രനഗര്‍ പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നാണ് ജനകീയാവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക