|    Jan 17 Tue, 2017 4:49 pm
FLASH NEWS

കല്‍ബുര്‍ഗിയുടെ കൊലയ്ക്കു പിന്നില്‍

Published : 1st September 2015 | Posted By: admin


എഡിറ്റോറിയല്‍

പ്രമുഖ കന്നഡ എഴുത്തുകാരനും കന്നഡ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ മല്ലേശപ്പ കല്‍ബുര്‍ഗി എന്ന 77കാരനായ വയോധികനെ കഴിഞ്ഞ ദിവസം ധര്‍വാദിലെ അദ്ദേഹത്തിന്റെ ഗൃഹത്തില്‍ വച്ചു വെടിവച്ചുകൊന്നത് ഞെട്ടിക്കുന്ന സംഭവമാണ്. അദ്ദേഹം കന്നഡ ഭാഷയിലെ എഴുത്തുകാരനും ചിന്തകനുമായിരുന്നു. വ്യക്തിജീവിതത്തില്‍ എളിമയും സ്വഭാവശുദ്ധിയും പുലര്‍ത്തുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയ മനുഷ്യന്‍. എന്നിട്ടും ഘാതകര്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തത് എന്തിനെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു: ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുത.
കല്‍ബുര്‍ഗി സമൂഹത്തിലെ തെറ്റായ പ്രവണതകളെയും ദുരാചാരങ്ങളെയും ശക്തമായി വിമര്‍ശിക്കുകയും അത്തരം പ്രവണതകളെ ഉച്ചാടനം ചെയ്യാനായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. സമൂഹത്തില്‍ അടിയുറച്ച ജാതിചിന്തയും അന്ധവിശ്വാസങ്ങളും തുറന്നുകാട്ടി അദ്ദേഹം. പിന്തിരിപ്പന്‍ ശക്തികള്‍ക്കും അവരുടെ ഇരുണ്ട ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരേ വാക്കുകള്‍കൊണ്ടു പ്രതിരോധം തീര്‍ത്ത അദ്ദേഹം സംഘപരിവാരശക്തികളുടെ കണ്ണിലെ കരടായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നിരോധിക്കണമെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്നും അവര്‍ പ്രചാരവേല നടത്തിയിരുന്നു. ഹിന്ദുത്വ വര്‍ഗീയതയുടെയും സവര്‍ണ ജാതീയതയുടെയും മൂല്യവ്യവസ്ഥയ്‌ക്കെതിരേ പുരോഗമന ചിന്താഗതിക്കാരായ നിരവധി ബുദ്ധിജീവികള്‍ കര്‍ണാടക സംസ്ഥാനത്ത് പ്രതിരോധം ഉയര്‍ത്തുകയുണ്ടായി. യു ആര്‍ അനന്തമൂര്‍ത്തിയും കല്‍ബുര്‍ഗിയുമൊക്കെ അവരുടെ നിരയില്‍ ഉള്‍പ്പെടുന്നു. അനന്തമൂര്‍ത്തിയുടെ നേരെ ഇതേ സംഘങ്ങള്‍ കടുത്ത ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്.
ഇന്ത്യയില്‍ സമീപകാലത്ത് ഇത്തരം പ്രവണതകള്‍ വര്‍ധിച്ചുവരുകയാണ്. സാമൂഹികമായ തിന്മകളെ തുറന്നുകാട്ടുന്നവരെ കായികമായി ഇല്ലായ്മ ചെയ്യുന്ന പ്രവണത ഇതാദ്യമല്ല. മഹാരാഷ്ട്രയില്‍ നരേന്ദ്ര ധബോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയെയും ഇതേ ഇരുട്ടിന്റെ ശക്തികള്‍ വെടിവച്ചുകൊന്നത് സമീപകാലത്താണ്. ഈ രക്തസാക്ഷികള്‍ തങ്ങളുടെ സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്കെതിരേ വിരല്‍ചൂണ്ടിയവരാണ്. അന്ധവിശ്വാസപ്രചാരണവും ആള്‍ദൈവ വ്യവസായവും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമല്ലെന്നു ചൂണ്ടിക്കാട്ടി അത്തരം പ്രവണതകളെ തുറന്നെതിര്‍ക്കുക മാത്രമാണ് അവര്‍ ചെയ്തത്.
അവര്‍ക്കെതിരേ മലീമസമായ പ്രചാരവേല നടത്തിയതും അവരെ തകര്‍ക്കാന്‍ എല്ലാവിധ കരുനീക്കങ്ങളും നടത്തിയതും തീവ്ര വലതുപക്ഷ ഹിന്ദുത്വശക്തികളാണ് എന്നത് സമകാല യാഥാര്‍ഥ്യമാണ്. ഹിന്ദുത്വരാഷ്ട്രീയം രാജ്യത്ത് ഏതുതരത്തിലുള്ള ദുഷ്ടശക്തികളെയാണ് സംരക്ഷിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നത് എന്നതിന് ഈ സംഭവങ്ങള്‍ കൃത്യമായ ഉദാഹരണമാണ്. മഹാരാഷ്ട്രയായാലും കര്‍ണാടകയായാലും ഇത്തരത്തിലുള്ള രാഷ്ട്രീയശക്തികള്‍ക്കു മേല്‍ക്കൈയുള്ള പ്രദേശങ്ങളിലാണ് ചിന്തയുടെ അഗ്‌നിസ്ഫുലിംഗങ്ങളെ തോക്കെടുത്തു നേരിടാന്‍ ഇരുട്ടിന്റെ ശക്തികള്‍ തയ്യാറാവുന്നത് എന്ന കാര്യം ചിന്തനീയവുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക