|    Nov 23 Thu, 2017 5:09 am
FLASH NEWS

കല്‍പ്പാത്തി രഥോല്‍സവം; രഥപ്രയാണത്തിന് തുടക്കമായി

Published : 14th November 2016 | Posted By: SMR

പാലക്കാട്: കല്‍പ്പാത്തിയിലെ അഗ്രഹാര വീഥികളില്‍ താളവാദ്യങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ രഥപ്രയാണത്തിന് തുടക്കമായി.  ഇനി മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന ചരിത്ര പ്രസിദ്ധമായ കല്‍പ്പാത്തി രഥോല്‍സവത്തിന്റെ ആവേശത്തിലാണ് നാട്ടുകാര്‍.  ഒന്നാം തേരുദിവസമായ ഇന്നലെ  ശ്രീ വിശാലാക്ഷി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലെ മൂന്നു രഥങ്ങള്‍ ഗ്രാമപ്രദക്ഷിണത്തിനിറങ്ങി. വിശാലാക്ഷിസമേത വിശ്വനാഥ സ്വാമിക്ക് പുറമെ വള്ളിദേവയാനീ സമേത സുബ്രഹ്മണ്യസ്വാമിയും ഗണപതിയുമാണ് പ്രയാണം ആരംഭിച്ചത്. രാവിലെ പ്രത്യേക പൂജകള്‍ക്കുശേഷമായിരുന്നു ദേവന്‍മാരുടെ രഥാരോഹണം. തുടര്‍ന്ന് രാവിലെ രഥങ്ങള്‍ വലിച്ചുനിര്‍ത്തി. വൈകിട്ട് ഗ്രാമവീഥികളിലൂടെ പ്രയാണം തുടങ്ങി. ഇന്ന്പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥം രാവിലെ പത്തിനും പതിനൊന്നിനുമിടയില്‍ പ്രയാണം തുടങ്ങും. മൂന്നാം ദിവസമായ നാളെ പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്ന ഗണപതിക്ഷേത്രത്തിലെ രഥങ്ങളും ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് രഥോല്‍സവത്തിന്റെ പ്രധാന കേന്ദ്രമായ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയില്‍ എല്ലാ രഥങ്ങളും എത്തി നടക്കുന്ന ദേവരഥ സംഗമത്തോടെ രഥോല്‍സവം സമാപിക്കും. ജില്ലയിലെ 96 അഗ്രഹാരങ്ങളുടേയും ആചാരനുഷ്ഠാന പ്രകാരമുള്ള സങ്കലനം കൂടിയാണ് രഥോല്‍സവം. കല്‍പ്പാത്തി രഥോല്‍സവത്തോടെയാണ് ജില്ലയിലെ ക്ഷേത്രോല്‍സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള സംഗീതനാടക അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ ഒരാഴ്ചയായി നടന്നു വന്ന സംഗീതോല്‍സവവും ഇന്നലെ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍  എംഎല്‍ എ അധ്യക്ഷത വഹിച്ചു. അടൂര്‍ പി സുദര്‍ശന്റെ കച്ചേരിയോടെയാണ് കല്‍പ്പാത്തി അഗ്രഹാരവീഥികളെ ഭക്തിസാന്ദ്രമാക്കിയ സംഗീതോല്‍സവത്തിന് സമാപ്തിയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക