|    Jan 24 Tue, 2017 12:27 am

കല്‍പ്പറ്റ-മേപ്പാടി റോഡ്: വീണ്ടും സമരത്തിന് കളമൊരുങ്ങുന്നു

Published : 14th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: കല്‍പ്പറ്റ-മേപ്പാടി റോഡ് പ്രവൃത്തിയിലെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും കല്‍പ്പറ്റ പിണങ്ങോട് റോഡ് പ്രവൃത്തിയിലെ ക്രമക്കേട് അന്വേഷിച്ച് എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു നേതാക്കള്‍ അറിയിച്ചു. കല്‍പ്പറ്റ- മേപ്പാടി റോഡ് പ്രവൃത്തി 2015 സപ്തംബറിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്നായിരുന്നു കരാറുകാരന്‍ പറഞ്ഞിരുന്നത്. കാലാവധി പൂര്‍ത്തിയാക്കി ഒരു മാസം കഴിഞ്ഞിട്ടും 25 ശതമാനം പോലും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം കൗണ്‍സിലര്‍ അടക്കമുള്ള ആളുകള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. നിലവിലെ എംഎല്‍എ വിജയിച്ചയുടന്‍ റോഡ് സന്ദര്‍ശിച്ച് ഒരു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, നാലു മാസം കഴിഞ്ഞിട്ടും എഗ്രിമെന്റ് കാലാവധി പൂര്‍ത്തിയായിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാതെ ഇപ്പോള്‍ ഉദ്യോഗസ്ഥരോടും കരാറുകാരോടും ഒത്തുകളിച്ച് എസ്റ്റിമേറ്റ് തുക റിവൈസ് ചെയ്യാന്‍ ഒത്താശ ചെയ്യുകയാണ്. ഏഴര കിലോമീറ്ററില്‍ താഴെയുള്ള റോഡിന് ഏഴര കോടിയിലധികം തുക വകയിരുത്തിയിട്ടും പണി പൂര്‍ത്തിയാക്കാതെ ഇപ്പോള്‍ റിവൈസ് എസ്റ്റിമേറ്റിന് ശ്രമിക്കുന്നത് അഴിമതി ലക്ഷ്യംവച്ചാണെന്ന് ആരോപണമുയര്‍ന്നു. ആക്ഷന്‍ കൗണ്‍സിലിനും എംഎല്‍എക്കും ഇപ്പോള്‍ റോഡ് പണി പൂര്‍ത്തിയാവാത്തതില്‍ യാതൊരു പരാതിയുമില്ല.ഇത് ഒരു കാരണവശാലും യൂത്ത് കോണ്‍ഗ്രസ് അനുവദിക്കില്ല. കല്‍പ്പറ്റ ചുങ്കം ജങ്ഷനില്‍ നിന്നു പിണങ്ങോട് റോഡിലേക്കുള്ള റോഡ് മാര്‍ക്കറ്റ് പരിസരം 1.800 മീറ്റര്‍ ടാറിങിനും ചുങ്കം ജങ്ഷനിലും എന്‍എംഡിസിക്ക് സമീപമുള്ള വളവിലും ഇന്റര്‍ലോക്ക് ചെയ്യുന്നതിനും കരാര്‍ എടുത്തെങ്കിലും 126 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയാനാണ് ശ്രമിച്ചത്. ഈ പ്രവൃത്തിയിലും യൂത്ത് കോണ്‍ഗ്രസ്സിന് പരാതിയുണ്ട്. ഈ രണ്ടു റോഡുകളുടെയും പ്രവൃത്തിയില്‍ വിജിലന്‍സ് അന്വേഷണം വേണം.  പ്രക്ഷോഭങ്ങളുടെ ആദ്യപടിയായി 17നു രാവിലെ 10ന് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ പിഡബ്ല്യുഡി ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തും. തുടര്‍ന്നും നടപടിയുണ്ടായില്ലെങ്കില്‍ ദേശീയപാത ഉപരോധം, പിഡബ്ല്യുഡി ഓഫിസ് ഉപരോധം, കലക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മണ്ഡലം പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡിന്റോ ജോസ്, വി സുവിത്ത്, കെ മഹേഷ്, മനോജ് പുല്‍പ്പാറ, സുനീര്‍ ഇത്തിക്കല്‍, എം ജി സുനില്‍കുമാര്‍, സി ഷെഫീഖ്, എം ജി മോഹന്‍കുമാര്‍, ബിനീഷ് എമിലി, പ്രകാശന്‍ എമിലി, പ്രതാപ്, ഷിനോദ് പെരുന്തട്ട, അഭിജിത്ത്, ഹര്‍ഷല്‍ കോന്നാടന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക