|    Dec 13 Wed, 2017 2:56 pm
FLASH NEWS

കല്‍പ്പറ്റ-മേപ്പാടി റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടിയില്ല

Published : 7th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: കല്‍പ്പറ്റ-മേപ്പാടി റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ മാറ്റി, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി റോഡ് ഗതാഗയോഗ്യമാക്കണമെന്ന് ജനതാദള്‍ (യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  മുന്‍ എംഎല്‍എ എം വി ശ്രേയാംസ് കുമാര്‍ മുന്‍കൈയെടുത്താണ് റോഡ് പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കിയത്. 7.16 കോടി രൂപയ്ക്കാണ് റോഡിന്റെ പ്രവൃത്തി കരാര്‍ നല്‍കിയത്. പൊതുമരാമത്ത് വകുപ്പ് 2015 സപ്തംബര്‍ 26നാണ് പ്രവൃത്തി നടത്തുന്നതിനായി റോഡ് കരാറുകാരന് കൈമാറിയത്. കരാര്‍ വ്യവസ്ഥ പ്രകാരം 2016 സപ്തംബറിലാണ് പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍, ഇതുവരെ 50 ശതമാനം പ്രവൃത്തിപോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഇതുവരെ നടത്തിയ പ്രവൃത്തികളിലും അപാകതകള്‍ ഏറെയാണ്.കരാറുകാരനും ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടും ചേര്‍ന്ന് ഈ റോഡ് പ്രവൃത്തിക്കായി വീണ്ടും കൂടുതല്‍ തുക അനുവദിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. റോഡിന്റെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു സ്ഥലം എംഎല്‍എയ്ക്കും ജില്ലാ വികസന സമിതിക്കും കൊടുത്ത ഉറപ്പ് കരാറുകാരന്‍ പലതവണ ലംഘിച്ചു. ഈ സാഹചര്യത്തില്‍ നിലവിലെ കരാറുകാരനെ മാറ്റി, റോഡ് പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ പുലര്‍ത്തുന്ന അലംഭാവം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് കെ കെ ഹംസ അധ്യക്ഷത വഹിച്ചു. അഡ്വ. ജോര്‍ജ് പോത്തന്‍, കെ എ ചന്തു, ഡി രാജന്‍, ജോസ് പനമട, യു എ ഖാദര്‍, വി പി വര്‍ക്കി, കെ എസ് ബാബു സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക