|    Dec 14 Fri, 2018 4:07 am
FLASH NEWS

കല്‍പ്പറ്റയുടെ സമഗ്രവികസനം: മാര്‍ഗരേഖ തയ്യാറായി

Published : 26th May 2018 | Posted By: kasim kzm

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിന്റെ സമഗ്രവികസനത്തിന് മാര്‍ഗരേഖ തയ്യാറായി. ‘പച്ചപ്പ്’ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ പഴശ്ശി ഹാളില്‍ ചേര്‍ന്ന നിയോജക മണ്ഡലം തല കമ്മിറ്റി രൂപീകരണ യോഗത്തിലാണ് തീരുമാനം.
ജൂണ്‍ 24ന് കല്‍പ്പറ്റയിലാണ് മെഡിക്കല്‍ ബോര്‍ഡ് ചേരുക. പഞ്ചായത്തുകള്‍ ജൂണ്‍ 5നകം ലിസ്റ്റ് സമാഹരിച്ച് നല്‍കണം. മണ്ഡലത്തിലെ കാപ്പി കൃഷിയുടെ ഉല്‍പാദന വര്‍ധന ലക്ഷ്യമിട്ട് ചെറുകിട കാപ്പിത്തോട്ടങ്ങളില്‍ മഴവെളളം സംഭരിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസംഭരണികള്‍ നിര്‍മിക്കും. ഇതിന്റെ ഭാഗമായി 28ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഏകദിന ശില്‍പശാല നടത്തും.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍  വിഷയങ്ങളിലും എ പ്ലസ് നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ജൂണ്‍ 1ന് ഉച്ചയ്ക്കു രണ്ടിന് കല്‍പ്പറ്റയില്‍ മെറിറ്റ് മീറ്റ് നടത്താനും തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, വൃക്ഷത്തൈകള്‍ വിതരണം എന്നിവയുണ്ടാവും. പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ആഗസ്ത് 20, 21, 22 തിയ്യതികളില്‍ കല്‍പ്പറ്റ ഫെസ്റ്റ് സംഘടിപ്പിക്കും. വിവിധ പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും. സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നു ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നതു പരിശോധിച്ച് നടപടിയെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെടുമെന്ന് എംഎല്‍എ പറഞ്ഞു. പുഴ സംരക്ഷണത്തിന് മുള, ഈറ്റത്തൈകള്‍ വച്ചുപിടിപ്പിക്കും. ജൂണ്‍ 30നകം പുഴ സംരക്ഷണത്തിനുളള പ്രൊജക്റ്റുകള്‍ പഞ്ചായത്തുകള്‍ തയ്യാറാക്കും. ഡിസംബര്‍ 31നകം പുഴയുടെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തീകരിക്കും.
റവന്യൂവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയാണ് അതിര്‍ത്തി നിര്‍ണയം നടത്തുക. പുഴസംരക്ഷണത്തിന് അതാത് പഞ്ചായത്തുകളില്‍ പ്രത്യേക സംരക്ഷണ സേനയെ വിന്യസിക്കും. പദ്ധതിയുടെ വാര്‍ഡുതല കമ്മിറ്റികള്‍, നാട്ടുകൂട്ടം, വീട്ടുകൂട്ടം എന്നിവ ജൂലൈ 31നകം രൂപീകരിക്കാനും ആഗസ്ത് ആദ്യവാരത്തില്‍ സംഗമം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. സി കെ ശശീന്ദ്രന്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ് ജനറല്‍ കണ്‍വീനറുമായി പച്ചപ്പ് നിയോജക മണ്ഡലംതല കമ്മിറ്റി രൂപീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ അംഗങ്ങളായിരിക്കും. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ കലക്ടര്‍ എസ് സുഹാസ്, എഡിഎം കെ എം രാജു, ഹരിതകേരള മിഷന്‍ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍കിഷന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss