|    Aug 14 Tue, 2018 11:09 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കല്‍പന ലഭിച്ചത് സിപിഎം ഓഫിസില്‍ നിന്ന്; ഒരേ കേസില്‍ യുവാവിനെ രണ്ടു പ്രാവശ്യം അറസ്റ്റ് ചെയ്തു

Published : 4th August 2018 | Posted By: kasim kzm

ആലുവ: സിപിഎം ഓഫിസില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശാനുസരണം ലക്കും ലഗാനുമില്ലാതെ പായുകയാണ് കേരള പോലിസ്. ബ്രാഞ്ച് കമ്മിറ്റിയംഗങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നവരെ വിദ്യാര്‍ഥിയെന്നോ സ്ത്രീകളെന്നോ നോക്കാതെ ഉടനടി കസ്റ്റഡിയിലെടുക്കുന്ന സംഭവങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഹാദിയയുടെ വിവാഹം അസാധുവാക്കിയ വിധിക്കെതിരേ ഹൈക്കോടതി മാര്‍ച്ച് നടത്തിയതിന് അറസ്റ്റിലായ യുവാവിനെ അതേ കേസില്‍ വീണ്ടും പിടികൂടി അറസ്റ്റ് ചെയ്യാനുള്ള ശ്രമം പുലിവാലായതോടെ പോലിസ് ഉപേക്ഷിച്ചു. അവസാനം മാപ്പുപറഞ്ഞാണ് പോലിസ് യുവാവിനെ തിരിച്ചയച്ചത്. മന്നം താണിപ്പാടം സ്വദേശി സഗീറിനെ ഹൈക്കോടതി മാര്‍ച്ച് കേസില്‍ ഒരുവര്‍ഷം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്ത സഗീര്‍ ഒരുമാസം കാക്കനാട്ടെ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്. ഈ കേസില്‍ ആദ്യ അറസ്റ്റും സഗീറിന്റേതായിരുന്നു.
എന്നാല്‍, മഹാരാജാസില്‍ വിദ്യാര്‍ഥിസംഘട്ടനത്തില്‍ എസ്എഫ്‌ഐ വിദ്യാര്‍ഥി കുത്തേറ്റു മരിച്ച സംഭവത്തിന്റെ മറവില്‍ നടത്തുന്ന പോലിസ് വേട്ടയില്‍ സഗീറിനെയും പോലിസ് പിടികൂടുകയായിരുന്നു.
ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായ സഗീറിനെ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നെത്തിയ പോലിസ് സംഘമാണ് ഡ്യൂട്ടിക്കിടയില്‍ കസ്റ്റഡിയിലെടുത്തത്. ഒരു നിര്‍ധനരോഗിക്ക് സൗജന്യ സേവനം ചെയ്യാന്‍ ഒരുങ്ങുന്നതിനിടയിലായിരുന്നു പോലിസെത്തിയത്.
പിടികൂടിയശേഷം ആലുവ പോലിസ് സ്‌റ്റേഷനിലെത്തിച്ച സഗീറിനെ വൈകീട്ട് ഏഴോടെ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. എന്തിനാണു തന്നെ പിടികൂടിയതെന്ന സഗീറിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പോലിസ് മറുപടി പറയുന്നുണ്ടായിരുന്നില്ല. പതിവുപോലെ പിടിയിലായവരെ ഉടനടി ഹൈക്കോടതി മാര്‍ച്ചില്‍ അറസ്റ്റ് രേഖപ്പെടുത്താനുള്ള തിരക്കിലായിരുന്നു പോലിസ്.
രാത്രി വൈകി സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്‌ഐ ചോദ്യംചെയ്യാനാരംഭിച്ചു. ഹൈക്കോടതി മാര്‍ച്ചില്‍ പങ്കെടുത്തിരുന്നോ എന്നറിയാന്‍ ചോദ്യംചെയ്യല്‍ തുടങ്ങി. താങ്കള്‍ തന്നെയാണ് ഹൈക്കോടതി മാര്‍ച്ചുമായി ബന്ധപ്പെട്ട് തന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഒരുമാസം റിമാന്‍ഡിലായിരുന്നെന്നും സഗീര്‍ പറഞ്ഞതോടെ പോലിസ് പുലിവാലു പിടിച്ചു. ഇതോടെ അബദ്ധം പറ്റിയതാണെന്നു പറഞ്ഞ് യുവാവിനോട് ക്ഷമയും ചോദിച്ച് തിരിച്ചയക്കുകയാണ് പോലിസ് ചെയ്തത്.
സിപിഎം നേതാക്കള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പോലിസ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഈ സംഭവം. പോലിസ് പീഡനത്തിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് സഗീര്‍ തേജസിനോട് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss