|    Jun 25 Mon, 2018 11:52 am
FLASH NEWS
Home   >  Kerala   >  

കല്‍പന ഇനി ഓര്‍മ

Published : 25th January 2016 | Posted By: G.A.G

kalpana1 

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
ഒരു വിഷാദ ഗാനം പാതിയില്‍ നിര്‍ത്തി കലാജിവിതത്തില്‍ നിന്ന് ഇറങ്ങിപ്പോയ കല്‍പ്പനയെ ഒരു വിങ്ങലോടെയാണ് മലയാള സിനിമാലോകത്തിന് ഇനി ഓര്‍ക്കാനാവുക. ചിരിപ്പിക്കുവാനും, കരയിക്കുവാനും അനായാസം സാധിക്കുന്ന അപൂര്‍വം നടിമാരിലൊരാളാണ് കല്‍പനയുടെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത്.
മലയാളത്തിലെ പെണ്‍ ഹാസ്യത്തിന്റെ ഒറ്റ നാമമാണ് കല്‍പ്പന. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചു. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് തികച്ചും ആകസ്മികമായി മരണം കടന്നു വന്നത്.
Kalpana 3സഹോദരിമാരായ ഉര്‍വശിയും കലാരജ്ഞിനിയും  സഹോദരന്മാരായ കമല്‍റോയും, പ്രിന്‍സും ഉള്‍പ്പെടുന്ന സിനിമാ കുടുംബത്തിലെ അംഗമായ കല്‍പന. 1977 ല്‍ പി സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത ‘ വിടരുന്ന മൊട്ടുകളി’ലൂടെയാണ് നടി ഉര്‍വശിക്കൊപ്പം ബാല താരമായി എത്തുന്നത് .തുടര്‍ന്ന് എം.ടി യുടെ മഞ്ഞില്‍ ഗ്രേസിയായി .അരവിന്ദന്റെ പോക്കുവെയിലില്‍ നായികയുമായി . 2012 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് കല്‍പ്പനയെ തേടിയെത്തി .ഭര്‍ത്താവ് അനില്‍ ബാബുവുമായുള്ള ബന്ധം വിഛേദിച്ചതും ഈ വര്‍ഷത്തില്‍ തന്നെ.’ഞാന്‍ കല്‍പ്പന” എന്ന പേരില്‍ അനുഭവക്കുറിപ്പുകളും ഇതിനകം പുറത്ത് വന്നു .

മലയാള സിനിമാ തറവാട്ടിലെ ചിരിയുടെ തമ്പുരാട്ടി അതായിരുന്നു അന്തരിച്ച നടി കല്‍പ്പന . ചിരിയുടെ പകല്‍ പൂരം , അഭിനയത്തിന്റെ കല്‍പ്പനാചാതുര്യം എരിഞ്ഞടങ്ങിയിരിക്കുന്നു … ഈ ചിരി മായില്ല മനസില്‍ നിന്നും … മായ്ക്കാനാവില്ല ഒരു മരണത്തിനും .
കല്‍പ്പനയുടെ വിയോഗം ഒരു ഞെട്ടലോടെയാണ് മലയാള സിനിമാലോകം കേട്ടത് .വിശ്വസിക്കാനായില്ല ആര്‍ക്കും .
ഹാസ്യതാരം എന്ന വിശേഷണത്തില്‍ തളക്കപ്പെട്ടു പോയ ഒരു നല്ല സ്വഭാവനടിയായ കല്‍പ്പനയെ  നമ്മുടെ സിനിമാ ലോകം  വേണ്ടപോലെ പരിഗണിച്ചിട്ടില്ല എന്നത് ഒരു ദുഃഖമായി എന്നും അലട്ടും . സമീപകാലത്തിറങ്ങിയ ചില ചിത്രങ്ങളിലെ പ്രകടനം അത് ശരി വെക്കുന്നുമുണ്ട് . മലയാള സിനിമ കല്‍പ്പന എന്ന നടിക്ക് നല്‍കിയ ഏറ്റവും വലിയ ടിബ്യൂട്ട് ആയിരുന്നു ഈ അടുത്തിറങ്ങിയ ”ചാര്‍ളി ‘ എന്ന സിനിമ .
ആ കഥാപാത്രത്തെ പോലെ അവരും   പെട്ടെന്നൊരുനൊടി പ്രപഞ്ചത്തിന്റെ അപാരതയിലേക്ക് അപ്രത്യക്ഷമായിരിക്കുന്നു . കടലാഴങ്ങളിലേക്ക് നീന്തിപ്പോയ ആ കഥാപാത്രത്തെ പോലെ ….. ചാര്‍ളിയില്‍ ആ ഒരു നിമിഷത്തില്‍ മാത്രമാണ് ചാര്‍ളി കരഞ്ഞത് . ഇന്ന് മലയാള സിനിമാലോകവും ഒന്നിച്ച് കണ്ണീര്‍ പൊഴിക്കുന്നു …

ഇത്രയും നിഷ്‌കളങ്കമായി ചിരിക്കാനറിയാവുന്ന മനുഷ്യര്‍ തന്നെ വിളരമാണ് .  ഇതെഴുതുമ്പോള്‍  തൊണ്ണൂറുകളിലെ ജഗതി  കല്‍പ്പന ജോഡിയുടെ നിരവധി ഹാസ്യ രംഗങ്ങള്‍ മനസിലൂടെ മിന്നി മായുകയാണ് . മലയാളിക്ക് ഒരു നേര്‍ത്ത ചിരിയോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയാത്ത മുഖം ഇനിയില്ലെന്നോര്‍ക്കുേമ്പോള്‍ എന്തെന്നില്ലാത്ത നിരാശ തോന്നുന്നു .

എം ടിയുടെ മഞ്ഞ് ,അരവിന്ദന്റെ പോക്കുവെയില്‍ , പഞ്ചവടിപ്പാലം ,ബ്രിഡ്ജ്. സ്പിരിറ്റ് ,ഇഷ്ടം ,ചാര്‍ളി തുടങ്ങി  300 ലധികം സിനിമകളില്‍ ഇതിനകം  കല്‍പ്പന അഭിനയിച്ചു .ബാലതാരമായിട്ടായിരുന്നു തുടക്കം പത്താം വയസ്സില്‍ . നാടക പ്രവര്‍ത്തകനായ വി പി നായരുടെയും വി ജയലക്ഷമിയുടെയും മകളായ കല്‍പ്പനക്ക് അഭിനയമികവ് ആ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതായിരുന്നു . ഭൂമിയില്‍ പിറവി കൊണ്ടത് തന്നെ അഭിനയിക്കാന്‍ ആയിരുന്നുവെന്ന് കല്‍പ്പനയുടെ അഭിനയ ജിവിതം നമ്മോട് പറയുന്നു . മലയാളത്തിന്റെ മനോരമ എന്നാണ് മലയാള സിനിമാ ലോകം കല്‍പ്പനയെ വിശേഷിപ്പിച്ചിരുന്നത് .

ഒരു പോസ്റ്റ്മാന്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്നതായി ഒരിക്കല്‍ കല്‍പ്പന പറഞ്ഞിരുന്നു . എല്ലാവരുടെ വീട്ടിലും കത്തുമായി വന്ന് സന്തോഷത്തോടെ ചിരിക്കുന്ന ജോലി … പക്ഷെ അതുണ്ടായില്ല ..പഠനത്തില്‍ പിന്നിലായിരുന്നു എങ്കിലും കലാരംഗത്ത് ഏറെ മുന്നിലായിരുന്നു .

kalpana-4
90 കളില്‍ ജഗദീഷ് ,ജഗതി ,കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ് എന്നിവരുമായി ചേര്‍ന്നുള്ള സിനിമകള്‍ മറക്കാനാവാത്ത നിരവധി ചിരിയരങ്ങുകള്‍ സൃഷ്ടിച്ചു.
ഒടുവില്‍ ചാര്‍ളിയിലെ ക്വീന്‍മേരി…ചിരിച്ചും ചിന്തിപ്പിച്ചും അങ്ങിനെ എത്രയെത്ര കഥാപാത്രങ്ങള്‍.

 

 

 

 

 

 

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss