|    Nov 15 Thu, 2018 2:37 pm
FLASH NEWS

കല്‍ക്കുണ്ടില്‍ ആറ് ആടുകളെ പുലി കൊന്നു

Published : 23rd June 2017 | Posted By: fsq

 

കരുവാരകുണ്ട്: കല്‍കുണ്ട് ചേരിപ്പടിക്കു സമീപത്തെ ജനവാസ കേന്ദ്രത്തിലെത്തിയ പുലികള്‍ ആറ് ആടുകളെ കൊന്നു. തടത്തില്‍ യാസിര്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ആടുകള്‍. വീടിനടുത്ത് ആടുകള്‍ക്കു വേണ്ടി നിര്‍മിച്ച താല്‍കാലിക ഷെഡ്ഡില്‍ കെട്ടിയിട്ടിരുന്ന ആടുകളെ ഓരോന്നായി ഷെഡ്ഡിനു പുറത്തേക്ക് പുലികള്‍ വലിച്ചിഴച്ചു കൊണ്ടുപോയാണ് വകവരുത്തിയത്. കയറിന്റെ കുരുക്കില്‍ കുടുങ്ങി ആടുകളുടെ കഴുത്തിന്റെ ഭാഗം മുറിഞ്ഞ നിലയിലായിരുന്നു. കെട്ടിയിടാത്ത ഒരാടിനെ ഒരു കിലോമീറ്റര്‍ ദൂരമുള്ള കുന്നിന്‍ ചെരിവിലെത്തിച്ച് പുലികള്‍ കൊന്നു തിന്നുകയും ചെയ്തിട്ടുണ്ട്. എഴുപത്തയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേസമയം, ആടുകളെ പുലികള്‍ കൊന്ന സംഭവം വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സംഭവസ്ഥലത്തേക്ക് അവര്‍ തിരിഞ്ഞു നോക്കിയില്ലന്നും നാട്ടുകാര്‍ക്കിടയില്‍ ആരോപണമുണ്ട്. എന്നാല്‍, കാട്ടുമുയലോ പന്നിയോ അപകടത്തില്‍പെട്ട് ചത്തെന്നറിഞ്ഞാല്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വരെ ഉടനടി സ്ഥലം സന്ദര്‍ശിക്കാനെത്തുമെന്നും ഇത്രയും ഭീകരമായ പ്രശ്‌നത്തെ അവര്‍ നിസാരവല്‍ക്കരിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. പ്രദേശത്ത് വനം വകുപ്പ് പുലി ക്കെണി സ്ഥാപിച്ചാല്‍ ഇവയെ പിടികൂടാമെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. കരുവാരകുണ്ട് പഞ്ചായത്ത് അതിര്‍ത്തിയില്‍പെട്ട ഓലപ്പാറയില്‍ കഴിഞ്ഞവര്‍ഷം വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ മൂന്ന് പുലികള്‍ കുടുങ്ങിയിരുന്നു. കിഴക്കേതല ടൗണിലും കുട്ടത്തിയിലും അരിമണല്‍ ഭാഗത്തും ഒരു വര്‍ഷം മുമ്പ് നാട്ടുകാര്‍ പുലികളെ നേരിട്ടുകണ്ടിരുന്നു. കല്‍കുണ്ട് മേഖലയില്‍ ടാപ്പിങ് തൊഴിലാളികളടക്കമുള്ളവര്‍ പുലികളെ നേരിട്ട് കണ്ടതായും പറയപ്പെടുന്നു. കുട്ടികളടക്കമുള്ളവര്‍ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. മലഞ്ചെരുവുകളിലെ പാറയിടുക്കുകളിലും മടകളിലുമാണ് ഇവയുടെ വാസമെന്നും കര്‍ഷകര്‍ പറയുന്നു. ഒരു വര്‍ഷം മുമ്പ് കുണ്ടോട മലവാരത്ത് മേയാന്‍ വിട്ടിരുന്ന പോത്തുകളെ പുലികള്‍ ഭക്ഷണമാക്കിയിരുന്നു. ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കശാപ്പ് ചെയ്യുന്ന പുലികളെ വനംവകുപ്പ് അധികൃതര്‍ എത്രയും വേഗം പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണമെന്നും പുലികള്‍ വകവരുത്തിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് കാലതാമസമൊഴിവാക്കി നഷ്ടപരിഹാരം ഉടന്‍ വിതരണം നടത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സംഭവസ്ഥലം വെറ്റിനറി സര്‍ജന്‍ സജീവ് കുമാര്‍ സന്ദര്‍ശിച്ചു. പുലികളുടെ കാല്‍പാടുകളും കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss