|    Dec 10 Mon, 2018 1:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കല്‍ക്കരിപ്പാടം അഴിമതിക്കേസ്മന്ത്രാലയം മുന്‍ സെക്രട്ടറി അടക്കം കുറ്റക്കാര്‍

Published : 1st December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി ഖനന വകുപ്പു സെക്രട്ടറി എച്ച് സി ഗുപ്തയടക്കം അഞ്ചുപേര്‍ കുറ്റക്കാരെന്ന് ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി. അഴിമതി, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വിശദമായ വാദങ്ങള്‍ക്കും ശിക്ഷ വിധിക്കുന്നതിനുമായി ഡിസംബര്‍ മൂന്നിന് ഹരജി വീണ്ടും പരിഗണിക്കും. പ്രതികള്‍ക്കു പരമാവധി ഏഴു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കും. മുന്‍ കല്‍ക്കരിമന്ത്രാലയം ഡയറക്ടര്‍ കെ സി സമരിയ, ജോയിന്റ് സെക്രട്ടറി കെ എസ് ക്രോഫ, വികാസ് മെറ്റല്‍സ് ആന്റ് പവര്‍ ലിമിറ്റഡ് കമ്പനി (വിഎംപിഎല്‍), ഇതിന്റെ മാനേജിങ് ഡയറക്ടര്‍ വികാസ് പട്‌നി, കമ്പനിയുടെ ഔദ്യോഗിക ഉടമ്പടിക്കാരനായ ആനന്ദ് മാലിക് എന്നിവരും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക ജഡ്ജി ഭരത് പരാശര്‍ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമബംഗാളിലെ കല്‍ക്കരിപ്പാടം ഖനനാനുമതിയുമായി ബന്ധപ്പെട്ട് 2012 സപ്തംബറിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. പശ്ചിമബംഗാളിലെ വടക്കും തെക്കുമുള്ള കല്‍ക്കരിപ്പാടങ്ങള്‍ വിഎംപിഎല്ലിന് നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. കല്‍ക്കരിപ്പാടം അഴിമതിയില്‍ ഗുപ്ത മുഖ്യപങ്കു വഹിച്ചിട്ടുള്ളതായി സിബിഐ കണ്ടെത്തിയിരുന്നു. പിന്നീട് എന്‍ഐഎയുടെ അന്വേഷണത്തില്‍ പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയത് സിബിഐ കോടതി ശരിവയ്ക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഗുപ്തയ്‌ക്കെതിരേ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എട്ടു വ്യത്യസ്ത കുറ്റപത്രങ്ങളാണ് ഗുപ്തയ്‌ക്കെതിരേ ഫയല്‍ ചെയ്തിരിക്കുന്നത്. എല്ലാ കേസുകളും പ്രത്യേകമായാണ് പരിഗണിക്കുന്നത്. നേരത്തേ, കമല്‍ സ്‌പോഞ്ച് ആന്റ് സ്റ്റീല്‍ പവര്‍ ലിമിറ്റഡ് (കെഎസ്എസ്പിഎല്‍), വിനി അയേണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട രണ്ടു കല്‍ക്കരിക്കേസുകളിലും ഗുപ്ത കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ കെഎസ്എസ്പിഎല്ലുമായി ബന്ധപ്പെട്ട കേസില്‍ ക്രോഫയും സമരിയയും കുറ്റക്കാരാണ്.
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, എച്ച് സി ഗുപ്ത എന്നിവര്‍ക്ക് കഴിഞ്ഞ ഡിസംബറില്‍ ഇതേ കോടതി മൂന്നു വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു. ജാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടം കൊല്‍ക്കത്ത ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്കു പുറമെ, കോഡ 25 ലക്ഷവും ഗുപ്ത ഒരു ലക്ഷവും പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ജാര്‍ഖണ്ഡിലെ മുന്‍ ചീഫ് സെക്രട്ടറി എ കെ ബസു, കോഡയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന വിജയ് ജോഷി എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss