|    Aug 16 Thu, 2018 11:25 pm
Home   >  Todays Paper  >  page 7  >  

കല്‍ക്കരിപ്പാടം അഴിമതി: മുന്‍ കല്‍ക്കരി സെക്രട്ടറിയടക്കം ആറു പേര്‍ക്കെതിരേ കുറ്റം ചുമത്തി

Published : 20th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏറെ വിവാദമായ കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി എച്ച്‌സി ഗുപ്തയടക്കം ആറുപേര്‍ക്കെതിരേ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി കുറ്റംചുമത്തി. ഗുപ്തയെക്കൂടാതെ കല്‍ക്കരി മന്ത്രാലയം മുന്‍ ജോയിന്റ് സെക്രട്ടറി കെ എസ് ക്രോഫ, മുന്‍ ഡയറക്ടര്‍ കെ സി സമീരിയ, വികാസ് മെറ്റല്‍സ് ആന്റ് പവര്‍ ലിമിറ്റഡ്(വിഎംപിഎല്‍), കമ്പനി മാനേജിങ് ഡയറക്ടര്‍ വികാസ് പട്‌നി, കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആനന്ദ് മല്ലിക്ക് എന്നിവര്‍ക്കെതിരേയാണ് പ്രത്യേക കോടതി ജഡ്ജി ഭരത് പരഷാര്‍ കുറ്റം ചുമത്തിയത്.
ഇന്ത്യന്‍ കുറ്റകൃത്യനിയമം, അഴിമതിവിരുദ്ധ നിയമം എന്നിവയിലെ ക്രിമിനല്‍ ഗൂഢാലോചന, പൊതുസേവകര്‍ എന്ന നിലയ്ക്കുള്ള വിശ്വാസ വഞ്ചന, പൊതുസേവകരുടെ സ്വഭാവദൂഷ്യം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
കല്‍ക്കരിപ്പാടം     അഴിമതിയു  മായി ബന്ധപ്പെട്ട മറ്റു കേസുകളിലും പ്രതിചേര്‍ക്കപ്പെട്ട ഗുപ്ത നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഇദ്ദേഹം പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്നു തെളിഞ്ഞതായും പൊതുസേവകന്‍ എന്ന നിലയ്ക്കു വിശ്വാസ്യത കളങ്കപ്പെടുത്തിയതായും കോടതി വ്യക്തമാക്കി. ഒരുലക്ഷം കോടി രൂപയിലേറെ ഖജനാവിനു നഷ്ടമുണ്ടായി എന്നു കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തിയ കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ പശ്ചിമബംഗാളിലെ മൊയിര, മധുജോര്‍ എന്നീ കല്‍ക്കരിപ്പാടങ്ങള്‍ സംബന്ധിച്ച ഇടപാടിലാണ് സിബിഐ കോടതിയുടെ നടപടി. 2012 സപ്തംബറിലാണ് ഈ രണ്ടുകല്‍ക്കരിപ്പാടങ്ങളിലും വിഎംപിഎല്ലിനു ഖനനാനുമതി നല്‍കിയത്. അതേവര്‍ഷം തന്നെ സംഭവത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍, പിന്നീട് 2014ല്‍ കേസ് അവസാനിപ്പിച്ചതായി സിബിഐ റിപോര്‍ട്ട് സമര്‍പിച്ചെങ്കിലും കോടതി അതു തള്ളുകയും വീണ്ടും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. കേസില്‍ അടുത്തമാസം ഒമ്പതിനു വിചാരണ തുടങ്ങും. കേസില്‍ കഴിഞ്ഞമാസം സിബിഐ മുന്‍ മേധാവി രഞ്ജിത് സിന്‍ഹയ്‌ക്കെതിരേയും കുറ്റംചുമത്തിയിരുന്നു. ഡല്‍ഹിയിലെ വസതിയില്‍ സിന്‍ഹ കല്‍ക്കരി അഴിമതിക്കേസിലെ ചില പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് സിന്‍ഹക്കെതിരേ കുറ്റംചുമത്തിയത്.
മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോര്‍പറേറ്റുകള്‍ക്കു ലേലംചെയ്യാതെ കുറഞ്ഞ തുകയ്ക്ക് കല്‍ക്കരിപ്പാടം ഖനനത്തിന് അനുമതി നല്‍കിയെന്നതാണു കേസ്. നിയമവിരുദ്ധമായി ഖനനാനുമതി നല്‍കിയതില്‍ പൊതുഖജനാവിന് 1.06 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss