|    Jan 17 Tue, 2017 12:54 am
FLASH NEWS

കല്‍ക്കരിപ്പാടം അഴിമതി: സിബിഐ മുന്‍ മേധാവിക്ക്എതിരേ കുറ്റംചുമത്തി

Published : 13th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ മുന്‍ മേധാവി രഞ്ജിത് സിന്‍ഹയ്‌ക്കെതിരേ കുറ്റംചുമത്തി. സുപ്രിംകോടതി നിയോഗിച്ച അന്വേഷണസമിതിയുടേതാണ് നടപടി. ഡല്‍ഹിയിലെ വസതിയില്‍ വച്ച് സിന്‍ഹ കല്‍ക്കരി അഴിമതിക്കേസിലെ ചില പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണു നടപടി. സമിതിയുടെ മുദ്രവച്ച റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സിന്‍ഹ ‘ദുരൂഹമായ മൗനം പാലിച്ചു’ എന്ന് റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ഉള്‍പ്പെടെ പ്രമുഖര്‍ ഉള്‍പ്പെട്ടതാണ് കല്‍ക്കരിപ്പാടം അഴിമതിക്കേസ്.
സമിതിയുടെ റിപോര്‍ട്ട് ഓടിച്ചുവായിച്ചെന്നും സിന്‍ഹയുടെ വസതിയിലെ സന്ദര്‍ശകരുടെ പേരുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വാസ്തവമാണെന്ന് ബോധ്യമായതായും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു. എന്നാല്‍, സിന്‍ഹയ്ക്കു വേണ്ടി ഹാജരായ അഡ്വ. വികാസ് സിങ് ആരോപണങ്ങള്‍ നിഷേധിച്ചു. സന്ദര്‍ശകരുടെ പട്ടികയായി കോടതിയില്‍ ഹാജരാക്കിയ ഡയറിയിലും സന്ദര്‍ശക രജിസ്റ്ററിലും പറയുന്ന ദിവസങ്ങളില്‍ സിന്‍ഹ ഡല്‍ഹിയില്‍ ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ ഇരുകക്ഷികളുടെയും വാദം കേട്ട ശേഷം ജസ്റ്റിസ് മഥന്‍ ബി ലോകുര്‍ അധ്യക്ഷനായ ബെഞ്ച് വിധിപറയാന്‍ മാറ്റിവച്ചു.
സിന്‍ഹയ്‌ക്കെതിരേ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ നടപടികളാണ് കേസില്‍ അദ്ദേഹത്തെ കുടുക്കിയത്. കേസന്വേഷണത്തിന്റെ ചുമതലയുള്ള സിബിഐയുടെ മേധാവിയായിരിക്കെ സിന്‍ഹയുടെ വസതിയിലെത്തിയ കേസിലെ പ്രതികളുടെ പട്ടിക ഭൂഷണ്‍ സുപ്രിംകോടതിക്കു കൈമാറിയിരുന്നു. നേരത്തേ 2ജി സ്‌പെക്ട്രം കേസില്‍ ആരോപണവിധേയരായ കമ്പനി പ്രതിനിധികളുമായി സിന്‍ഹ കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു. മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് റിലയന്‍സ്, ടാറ്റ, ബിര്‍ല, ജിന്‍ഡാല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് ലേലംചെയ്യാതെ കുറഞ്ഞ തുകയ്ക്ക് കല്‍ക്കരിപ്പാടം ഖനനത്തിന് അനുമതി നല്‍കിയെന്നാണ് ആരോപണം.
ഇത്തരത്തില്‍ നിയമവിരുദ്ധമായി ഖനനാനുമതി നല്‍കിയതില്‍ പൊതുഖജനാവിന് 1.06 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപോര്‍ട്ട്.
സിഎജിയുടേത് ഊതിവീര്‍പ്പിച്ച കണക്കാണെന്ന് യുപിഎ സര്‍ക്കാര്‍ ആരോപിച്ചിരുന്നെങ്കിലും എല്ലാ ഖനന ലൈസന്‍സുകളും സുപ്രിംകോടതി റദ്ദാക്കി. അന്നത്തെ നിയമമന്ത്രി അശ്വിനികുമാര്‍, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവല്‍, വ്യവസായികളായ നവീന്‍ ജിന്‍ഡാല്‍, കുമാരമംഗലം ബിര്‍ല, മുന്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രി ദേസരി നാരായണ റാവു, മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ് തുടങ്ങിയവരും ആരോപണവിധേയരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക