|    Jan 16 Mon, 2017 4:33 pm

കല്ലുംതാഴത്തുള്ള മാനേജ്‌മെന്റ് കോളജ് അടച്ചു; സമരം തെരുവിലേക്ക്

Published : 22nd July 2016 | Posted By: SMR

കൊല്ലം: കല്ലുംതാഴത്തുള്ള ഫാത്തിമ കോളജ് ഓഫ് ഫാര്‍മസിയില്‍ നടന്നുവരുന്ന വിദ്യാര്‍ഥി പ്രക്ഷോഭം നേരിടാന്‍ മാനേജ്‌മെന്റ് കോളജിന് പത്ത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇതോടെ കഴിഞ്ഞ നാലുദിവസമായി കോളജ് കാംപസിനുള്ളില്‍ നടന്നുവന്നിരുന്ന വിദ്യാര്‍ഥി പ്രക്ഷോഭം കോളജ് കവാടത്തിലേക്ക് മാറ്റി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. 120 സീറ്റുകള്‍ മാത്രമാണ് സര്‍ക്കാര്‍ ഇവിടെ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ 2015-16 കാലയളവില്‍ 143 വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റ് പ്രവേശനം നല്‍കി. പല വിദ്യാര്‍ഥികളില്‍ നിന്നും ഭീമമായ ഫീസ് വാങ്ങിയാണ് മാനേജ്‌മെന്റ് സീറ്റ് നല്‍കിയതെന്നാണ് ആരോപണം. എന്നാല്‍ 120 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പരീക്ഷയ്ക്ക് അനുമതിയുള്ളു. നേരത്തെ 16 വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റിന്റെ പീഡനം മൂലവും മറ്റും പഠനം ഉപേക്ഷിച്ച് പോയതായി സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇപ്പോള്‍ 127 വിദ്യാര്‍ഥികള്‍ ആണ് ഉള്ളത്. ഇതില്‍ ഏഴുപേരെ കൂടി പല കാരണങ്ങള്‍ പറഞ്ഞ് പുറത്താക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഇതില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ നാലു കുട്ടികളും മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടിയ മൂന്നു കുട്ടികളും ഉള്‍പ്പെടും. ഇതിനെതിരേ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരത്തിലാണ്. എല്ലാ വര്‍ഷവും മാനേജ്‌മെന്റ് അനുവദിച്ചതില്‍ അധികം സീറ്റില്‍ പ്രവേശനം നല്‍കുകയും അധികമായുള്ള വിദ്യാര്‍ഥികളെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയുമാണ് ചെയ്യുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു പ്രഫഷനല്‍ സ്ഥാപനം നടത്തേണ്ടുന്ന ഒരു അടിസ്ഥാന സൗകര്യങ്ങളും ഈ സ്ഥാപനത്തില്‍ ഇല്ല. മതിയായ അധ്യാപകരോ സുരക്ഷിതമായ ക്ലാസ് മുറികളോ കുടിവെള്ള സൗകര്യമോ ഇല്ല.
ഇത് ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളോട് മോശമായാണ് മാനേജ്‌മെന്റും ജീവനക്കാരും പെരുമാറുന്നത്. വിദ്യാര്‍ഥികളുടെ സമരം അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് കോളജിന് ഇപ്പോള്‍ അവധിപ്രഖ്യാപിച്ചിരിക്കുന്നത്. ഗേറ്റ് പൂട്ടി വിദ്യാര്‍ഥികള്‍ കാംപസില്‍ കടക്കുന്നത് തടയുന്നതിനാല്‍ നാല് നായ്ക്കളെ തുറന്നുവിട്ടിരിക്കുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ നൗഫല്‍, ജിന്‍സി, മാനവ്, ശ്രീലേഖ, സജ്‌ന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക