|    Jan 23 Tue, 2018 10:10 am
Home   >  Todays Paper  >  Page 4  >  

കല്ലട പദ്ധതിയിലെ അഴിമതി: മുന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കു കഠിനതടവ്

Published : 4th August 2016 | Posted By: SMR

തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതി അഴിമതിക്കേസില്‍ മുന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ആറുവര്‍ഷം വീതം കഠിനതടവും ഏഴുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.
ജലസേചനവകുപ്പ് മുന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ കെ ഫിലിപ്പ്, ചോന പണിക്കര്‍, കരാറുകാരനായ പി മാത്യു കോര എന്നിവരെയാണ് വിജിലന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ ശിക്ഷിച്ചത്. 1990ല്‍ നടന്ന കരാര്‍ പണിക്ക് സര്‍ക്കാര്‍തന്നെ കരിങ്കല്ലും മണലും വിതരണം ചെയ്തിരുന്നു.
എന്നാല്‍, പണിപൂര്‍ത്തിയായി നാലുവര്‍ഷത്തിനുശേഷം വീണ്ടുമൊരു ഉപകരാറുണ്ടാക്കി കരിങ്കല്ലും മണലും കരാറുകാരന്‍ സ്വന്തം ചെലവില്‍ പുറത്തുനിന്ന് കൊണ്ടുവന്നതാണെന്നു കാണിച്ച് 2,19,195 രൂപ തട്ടിയെടുത്ത് സര്‍ക്കാര്‍ ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നാണ് വിജിലന്‍സ് കേസ്.
കല്ലട ജലസേചന പദ്ധതി അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ എന്‍ജിനീയര്‍മാരുള്‍പ്പെടെ നാലുപേര്‍ക്ക് കഴിഞ്ഞയാഴ്ച വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു. കല്ലട ഇറിഗേഷനിലെ മുന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഗണേശന്‍, വിശ്വനാഥന്‍ ആചാരി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ രാജഗോപാലന്‍, കരാറുകാരനായ കെ എന്‍ മോഹനന്‍ എന്നിവരെയാണ് അഞ്ചുവര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ വീതം പിഴയ്ക്കും ജൂലൈ 26ന് കോടതി ശിക്ഷിച്ചിരുന്നത്. 1993-94 കാലയളവിലാണ് കല്ലട ജലസേചന പദ്ധതി പൂര്‍ത്തിയായത്.
714 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. വ്യാജരേഖകളും ബില്ലുകളും ചമച്ച പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് അഴിമതി അന്വേഷിച്ച വിജിലന്‍സ് കണ്ടെത്തിയിരുന്നു. കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കേസുകള്‍ കോടതികളുടെ പരിഗണനയിലുണ്ട്.
ആദ്യമായാണ് പദ്ധതിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇത്ര കടുത്ത ശിക്ഷ കോടതി വിധിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day