|    Jan 23 Mon, 2017 6:17 pm
FLASH NEWS

കല്ലട ജലോല്‍സവം; ആയാപറമ്പ് പാണ്ടി ജലരാജാവ്

Published : 12th October 2016 | Posted By: Abbasali tf

കൊല്ലം: കല്ലടയാറിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ആയാപ്പറമ്പ്പാണ്ടിക്ക് ചുണ്ടന്‍ കല്ലട ജലോല്‍സവ ട്രോഫിയില്‍ മുത്തമിട്ടു. കല്ലട ടൗണ്‍ ബോട്ട് ക്ലബ്, ഫ്രണ്ട്‌സ് തൂമ്പുംമുഖം എന്നിവരുടെ നേതൃത്വത്തില്‍ ജോണ്‍സണ്‍ കാഞ്ഞുപറമ്പിലാണ് ആയാപറമ്പ് പാണ്ടി തുഴഞ്ഞത്. കൊല്ലം സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബ്ബിന്റെ നാസറുദ്ദീന്‍ മുട്ടയ്ക്കാവ് നയിച്ച കാരിച്ചാല്‍ ചുണ്ടനാണ് രണ്ടാം സ്ഥാനം. ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ജോസ് ആറാത്തുംപള്ളിയില്‍ നയിച്ച നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഇരുട്ടുകുത്തി എയില്‍ മണ്‍ട്രോതുരുത്ത് ഫീനിക്‌സ് കലാസാംസ്‌കാരിക സമിതിയുടെ ശ്രീനന്ദനം അനന്തകൃഷ്ന്‍ നയിച്ച മൂന്ന് തൈയ്ക്കന്‍, ഇരുട്ടുകുത്തി ബിയില്‍ മണ്‍ട്രോതുരുത്ത്  ഫ്രണ്ട്‌സ് ബോട്ട് ക്ലബ്ബിന്റെ കെ വിഷ്ണുലാല്‍ നയിച്ച സെന്റ് ജോസഫ് എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വെപ്പ് എയില്‍ പടിഞ്ഞാറേ കല്ലട അംബേദ്കര്‍ ബോട്ട് ക്ലബ്ബിന്റെ കലേഷ് നാഥ് നയിച്ച മണലിയും വെപ്പ് ബിയില്‍ മണ്‍ട്രോതുരുത്ത് വിനായക ബോട്ട് ക്ലബ്ബിന്റെ പി ആരോമല്‍ നയിച്ച പുന്നത്തറ പുരയ്ക്കല്‍ എന്നിവര്‍ വിജയികളായി. തെക്കനോടിയില്‍ പടിഞ്ഞാറേ കല്ലട ധന്യ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ എസ് ഷാനവാസ് നയിച്ച കാട്ടില്‍ തെക്കതിലും അലങ്കാര വള്ളത്തില്‍ മണ്‍ട്രോതുരുത്ത് ആമോദ് അശോകുമാണ് വിജയികള്‍.കല്ലട ട്രോഫിയും കാഷ് അവാര്‍ഡും കൂടാതെ കുണ്ടറ വിളംബര സ്മാരക ട്രോഫി, ശില്‍പി കോഴിമുക്ക് നാരായണന്‍ ആചാരി മെമ്മോറിയല്‍ ട്രോഫി, വീര ജവാന്‍ സുധീഷ് സ്മാരക ട്രോഫി എന്നിവയാണ് ജലരാജാവിന് ലഭിച്ചത്. രണ്ടാം സ്ഥാനമായി ജില്ലാ സഹകരണ ബാങ്ക്  ട്രോഫി, മൂന്നാം സമ്മാനമായി അഡ്വ. ശ്രീനിവാസ പണിക്കര്‍ മെമ്മോറിയല്‍ ട്രോഫി എന്നിവയാണ് നല്‍കിയത്. ആറ് ചുണ്ടന്‍വള്ളങ്ങള്‍, ഇരുട്ടുകുത്തി എ ഗ്രേഡ് -3, ബി ഗ്രേഡ്-4, വെപ്പ് എ-2, ബി-2 ഉള്‍പ്പെടെ 19 വള്ളങ്ങളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. വള്ളങ്ങളുടെ മാസ് ഡ്രില്ലോടെയായിരുന്നു വള്ളം കളി ആരംഭിച്ചത്. നെഹ്‌റുട്രോഫി വള്ളംകളിയിലെ എം ബി മുരളിയാണ് മാസ് ട്രില്‍ ഉദ്ഘാടനം ചെയ്തത്.ജലമേള വനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറായ മണ്‍ട്രോതുരുത്ത് സ്വദേശി ഡോ. ശരണ്‍ശര്‍മ്മയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍, ആര്‍ഡിഒ വി രാജചന്ദ്രന്‍, തഹസീല്‍ദാര്‍ പി ആര്‍ ഗോപാലകൃഷ്ണന്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു കരുണാകരന്‍, എന്‍ വിജയന്‍, എസ് മഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമണി ശശിധരന്‍, പഞ്ചായത്തംഗം ബി ഗോപാലകൃഷ്ണനന്‍, റിട്ട. ഡിവൈഎസ്പി കളത്തില്‍ ഗോപാലകൃഷ്ണപിള്ള, അഡ്വ. ജെ ആര്‍ പത്മകുമാര്‍, ചെയര്‍മാന്‍ കെ ബഷീര്‍, ജനറല്‍ കണ്‍വീനര്‍ ഡി സുരേഷ് ആറ്റുപുറത്ത് സംസാരിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ വിതരണം ചെയ്തു. കേരളത്തിന്റെ തനതായ സാംസ്‌കാരിക പൈതൃകം വിളിച്ചറിയിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍, അലങ്കാര വള്ളങ്ങള്‍, വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് തുഴയെറിഞ്ഞ കളിവള്ളങ്ങള്‍ തുടങ്ങിയവ ജലഘോഷയാത്രയില്‍ ദൃശ്യചാരുത പകര്‍ന്നു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക