|    Dec 17 Mon, 2018 3:31 am
FLASH NEWS

കല്ലടയാറ്റില്‍ ചാടിയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരും

Published : 9th July 2018 | Posted By: kasim kzm

പത്തനാപുരം: കല്ലടയാറ്റില്‍ ചാടിയ പെണ്‍കുട്ടിയെ രണ്ടാം ദിവസം  കണ്ടെത്താനായിട്ടില്ല.ശക്തമായ അടിയൊഴുക്കും കല്ലടയാറ്റിലെ ഉയര്‍ന്ന ജലനിരപ്പുമാണ് തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി പാതിരിക്കല്‍ സ്വദേശി രവി പത്തനാപുരം പോലിസില്‍ പരാതി നല്‍കി.
പിടവൂര്‍ ജങ്ഷനിലെ വ്യാപാരസ്ഥാപനത്തിലെ സി സി ടി വി യിലുള്ള ദൃശങ്ങളില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങളും പതിഞ്ഞിരുന്നു. ഇത് തന്റെ മകള്‍ തന്നെയെന്ന് രവിയും സ്ഥിരീകരിച്ചു. ശനിയാഴ്ച്ച രാവിലെ പത്തോടെ മാതാവിനൊപ്പം പത്തനാപുരത്തെത്തിയ പെണ്‍കുട്ടി കുന്നിക്കോടുള്ള അമ്മൂമ്മയുടെ വീട്ടില്‍ പോകുകയാണെന്നും വൈകീട്ട് തിരികെയെത്താം എന്നുപറഞ്ഞ്  മാതാവിനെ ഇപ്പോള്‍ താമസിക്കുന്ന വാഴപ്പാറയിലെ വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നെന്നും പറയുന്നു. പത്തനാപുരത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് ബസ് കയറിയ പെണ്‍കുട്ടി പിടവൂര്‍ ജങ്ഷനില്‍ ഇറങ്ങി മുട്ടത്ത് കടവ് പാലത്തിലെത്തി കല്ലടയാറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് നിഗമനം.
പെണ്‍കുട്ടി രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ പത്തനാപുരം പോലിസിലെത്തി പരാതി നല്‍കുകയായിരുന്നു. പിടവൂരിലെ വ്യാപാരസ്ഥാപനത്തില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് തന്റെ മകള്‍ തന്നെയെന്ന് രവി പറയുന്നു. ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്ത് പെണ്‍കുട്ടി വീട്ടിലെഴുതി വച്ചിരുന്നതും വീട്ടുകാര്‍  കണ്ടെത്തിയിരുന്നു. ഇതും സംശയത്തിനിട നല്‍കുന്നു.പട്ടാഴിയിലുള്ള യുവാവുമായി പ്രണയത്തിലായിരുന്നെന്ന് ഇളമണ്ണൂല്‍ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയുടെ ഈ കത്തില്‍ പറയുന്നുണ്ട്. പിടവൂര്‍ മുട്ടത്ത് കടവ് പാലത്തില്‍ നിന്നും ശനിയാഴ്ച്ച ഉച്ചയ്ക്ക് 12ഓടെയാണ് പെണ്‍കുട്ടി ആറ്റിലേക്ക് ചാടിയത്. പിടവുര്‍ ജങ്ഷനിലൂടെ ആരോടോ ദേഷ്യപെട്ട് ഫോണില്‍ സംസാരിച്ച് വന്നതായും ഫോണും ബാഗും ആറ്റിലേക്ക് എറിഞ്ഞ ശേഷം പെണ്‍കുട്ടിയും പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചാടാന്‍ ഒരുങ്ങുന്നത് കണ്ട് ഇതു വഴി ഇരുചക്ര വാഹനത്തില്‍ വന്ന ദമ്പതികളും പെട്ടി ഓട്ടോ തൊഴിലാളിയും തടയാന്‍ എത്തിയെങ്കിലും പെണ്‍കുട്ടി വേഗത്തില്‍ എടുത്ത് ചാടുകയായിരുന്നു. ആറ്റില്‍ ചൂണ്ടയിട്ടിരുന്ന ആള്‍ പെണ്‍കുട്ടി മുങ്ങി താഴുന്നത് കണ്ട് ആറ്റിലേക്ക് ചാടിയെങ്കിലും വെള്ളത്തില്‍ ഒഴുകിപ്പോകുകയായിരുന്നു. ചുവന്ന നിറത്തിലുള്ള ചുരിദാറായിരുന്നു വേഷമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പത്തനാപുരം ഫയര്‍ഫോഴ്‌സും പോലിസും കൊല്ലത്ത് നിന്നെത്തിയ മുങ്ങല്‍ വിദഗ്ദ്ധരും നാട്ടുകാരും ഇന്നലെ വൈകീട്ട് ആറുവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss