|    Oct 23 Tue, 2018 5:00 pm
FLASH NEWS

കല്ലക്കയം തടയണ അഴിമതി ആരോപണം; വിജിലന്‍സ് അന്വേഷണം തുടങ്ങി

Published : 8th December 2017 | Posted By: kasim kzm

വേങ്ങര: വിവിധ കുടി വെള്ള പദ്ധതികളും ജലസേചന പദ്ധതികളും ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തീകരിച്ച കടലുണ്ടി പുഴയിലെ പറപ്പൂര്‍ കല്ലക്കയം തടയണ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. നിര്‍മാണത്തിലെ അശാസ്ത്രീയതയും സ്ഥാന നിര്‍ണ്ണയവും പദ്ധതി മാറ്റവും വിവാദമായതിനെ തുടര്‍ന്നുള്ള പരാതിയിലാണ് അന്വേഷണം. ചെറുതും വലുതുമായ ഒരുഡസനോളം കുടിവെള്ള പദ്ധതികള്‍ക്കും മൈനര്‍ ഇരിഗേഷന്‍ പദ്ധതികള്‍ക്കും വേണ്ട ജലം ലഭ്യമല്ലെന്നും കല്ലക്കയത്ത് തടയ നിര്‍മിക്കണമെന്നുമുള്ള നാട്ടുകാരുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യങ്ങള്‍ക്കൊടുവിലാണ് തടയണ നിര്‍മ്മിച്ചത്.കാവിന്‍ മുമ്പില്‍ കടവ് പാലത്തിനു പടിഞ്ഞാറുഭാഗത്ത് വടക്കുമുറി ജുമാമസ്ജിദ് കടവിനു സമീപം വെള്ളമുള്ള ഭാഗത്താണ് ആദ്യ ഘട്ടത്തില്‍ തടയണക്ക് പദ്ധതിയിട്ടത്.ഇതിനായി ഈ ഭാഗത്ത് പൈലിംങ്ങ് നടത്തി പാറയും ഉറപ്പ് വരുത്തിയിരുന്നു.എന്നാല്‍ തടയണ നിര്‍മ്മിച്ചത് കല്ലക്കയത്ത് നേരത്തെ വര്‍ഷംതോറും നിര്‍മ്മിച്ചിരുന്ന താല്‍കാലിക തടയണയുടെ ഭാഗത്താണ്. കടവിന് താഴ് ഭാഗത്ത് തടയണ നിര്‍മ്മിച്ചാല്‍ കടവ് നഷ്ട്ടമാവുമെന്നതിനാല്‍ മണല്‍ ലോബിയുടെ അടക്കം ബാഹ്യ ശക്തികളുടെ ഇടപെടലാണ് സ്ഥാനമാറ്റത്തിനിടയാക്കിയതെന്ന് അന്ന് തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. അതോടൊപ്പം തന്നെ പദ്ധതിയുടെ നിര്‍വ്വഹണ വകുപ്പ് മാറ്റിയതും ഡിസൈന്‍ മാറ്റിയതും വിവാദമായിരുന്നു.44086156 രൂപ ചിലവിട്ടാണ് കല്ലക്കയത്ത് തടയണ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.കേരള വാട്ടര്‍ അതോറട്ടറി ടെണ്ടര്‍ വിളിച്ച് നിര്‍മ്മാണ മാരംഭിച്ച ശേഷം കോണ്‍ ക്രീറ്റിലുള്ള ഡിസൈന്‍ പ്രകാരം പ്രവര്‍ത്തി തുടരാനാവില്ലെന്ന് കരാറുകാരന്‍ അറിയിച്ചു.തുടര്‍ന്ന് കരാറുകാരന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും താല്പര്യപ്രകാരം ഇരുമ്പ് ഷീറ്റ് അടിച്ചിറക്കിയുള്ള പുതിയ ഡിസൈനിലെക്ക് മാറ്റി റീ ടെണ്ടര്‍ വിളിക്കുകയായിരുന്നു. ഈ ഡിസൈന്‍ പ്രായോഗികമല്ലെന്നു വാദിച്ച വാട്ടര്‍ അതോറട്ടറിയില്‍ നിന്നും നിര്‍വ്വഹണ ചുമതല മാറ്റി മൈനര്‍ ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ വകുപ്പിന് മാറ്റി നല്‍കിയിരുന്നു. പണി പൂര്‍ത്തിയായി ആദ്യ വേനലില്‍തന്നെ തടയണക്ക് ചേര്‍ച്ച സംഭവിച്ചതിനാല്‍ ഒരു തുള്ളി വെള്ളം പോലും സംഭരിച്ച് നിര്‍ത്താനായില്ല. വെള്ളം കെട്ടിനിന്ന സമയത്ത് നിരവധി ഭാഗങ്ങളില്‍ കാര്യമായ ചോര്‍ച്ചയുമുണ്ടായി. പദ്ധതി പ്രവര്‍ത്തി സംബന്ധിച്ച് വിശദ അന്വേഷണം വേണമെന്ന് നേരത്തേ എല്‍.ഡി.എഫ്. വേങ്ങര മണ്ഡലം കമ്മറ്റി ആവശ്യമുന്നയിച്ചിരുന്നു.തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തടയണ നിലനില്‍ക്കുന്ന ഏഴാം വാര്‍ഡ് അംഗം ഗ്രാമ പഞ്ചായത്ത് ബോര്‍ഡില്‍ പ്രമേയം കൊണ്ട് വന്നിരുന്നു.പ്രമേയത്തെ തുടര്‍ന്ന് അന്വേഷണമാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് വിജിലന്‍സിനെ സമീപിച്ചിരുന്നു.ഇതെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. മണ്ഡലത്തിലെ വരള്‍ച്ച അവലോകനം ചെയ്യാനും കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമാക്കാനും പി കെ കുഞ്ഞാലി കുട്ടി എംപിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ഉദ്വോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗത്തില്‍ കല്ലക്കയം തടയണയുടെ പരാജയം വിലയിരുത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss