|    Aug 21 Tue, 2018 1:37 am
FLASH NEWS

കല്യാണമണ്ഡപം പണിയാന്‍ കടമെടുത്തു; തിരിച്ചടയ്ക്കാന്‍ പണമില്ലാതെ പഞ്ചായത്ത്‌

Published : 7th August 2018 | Posted By: kasim kzm

നാദാപുരം: കടം വാങ്ങി കല്യാണ മണ്ഡപം പണിത് കടക്കെണിയിലായി നാദാപുരം ഗ്രാമപ്പഞ്ചായത്ത്. വികസന പാതയില്‍ കുതിക്കുന്ന പഞ്ചായത്തിന്റെ പ്രൗഢിയുടെ പ്രതീകമായി അഞ്ചു വര്‍ഷം മുമ്പാണ് ഗ്രാമപ്പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് കല്യാണ മണ്ഡപം നിര്‍മ്മിച്ചത്. മൂന്നു കോടി രൂപ വായ്പയെടുത്താണ് ഇതിനുള്ള തുക കണ്ടെത്തിയത്.
കേരള അര്‍ബന്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും പന്ത്രണ്ട് ശതമാനം പലിശക്കാണ് കടമെടുത്തത്. കല്യാണ മണ്ഡപത്തിന്റെ പണി മുഴുമിപ്പിക്കാതെ മൂന്ന് വര്‍ഷം മുമ്പ് കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ കല്യാണ മണ്ഡപത്തിന്റെ ഉദ്ഘാടനവും കെങ്കേമമായി നടത്തി.
തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് കല്യാണ മണ്ഡപം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിഞ്ഞില്ല. പണി പൂര്‍ത്തിയായപ്പോഴാവട്ടെ ഇവിടെ സര്‍ക്കാര്‍ തലത്തിലുള്ള വിവിധ യോഗങ്ങളും മറ്റു പരിപാടികളും നടക്കുമെന്നല്ലാതെ വിവാഹം പോലുള്ള ചടങ്ങുകള്‍ നടക്കുന്നത് വിരളമാണ്.
അതിനാല്‍ തന്നെ എടുത്തു പറയത്തക്ക വരുമാനങ്ങളൊന്നും ലഭിക്കുന്നുമില്ല. ഇപ്പോള്‍ മുതലും പലിശയും ചേര്‍ത്ത് ഓരോ വര്‍ഷവും 75 ലക്ഷം രൂപയോളം തിരിച്ചടക്കണം. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നാണ് ഇത്രയും തുക കണ്ടെത്തേണ്ടത്.
തനത് ഫണ്ടായി ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപയാണ് പഞ്ചായത്തിന്റെ ശരാശരി വരുമാനം. ജീവനക്കാരുടെ ശമ്പളം, വൈദ്യുതിചാര്‍ജ്, ടെലഫോണ്‍ എന്നിങ്ങനെയുള്ള ചെലവുകള്‍ക്കായി ഒരു വര്‍ഷം അമ്പത് ലക്ഷം രൂപയെങ്കിലും തനത് ഫണ്ടില്‍ നിന്നും നീക്കി വക്കേണ്ടി വരുന്നുണ്ട്. ബാക്കി വരുന്ന തുക മുഴുവനായും വായ്പയുടെ തിരിച്ചടവിനായി വിനിയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനാല്‍ തനത് ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പാടെ നിലച്ച അവസ്ഥയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss