|    Aug 24 Thu, 2017 4:08 pm

കല്യാണത്തലേന്ന് പണപ്പെട്ടി തകര്‍ത്തു മോഷണം; എട്ട് കുട്ടികളെ ചോദ്യംചെയ്ത് വിട്ടയച്ചു

Published : 1st December 2016 | Posted By: SMR

വടകര: കല്യാണത്തലേന്ന് പണപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു. വടകര കൃഷ്ണകൃപ കല്യാണ മണ്ഡപത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.അടയ്ക്കാത്തെരുവിലെ ഹോട്ടലുടമയുടെ മകളുടെ കല്യാണത്തിനിടയിലാണ് ഓഡിറ്റോറിയത്തില്‍ നിന്നു പണം മോഷണം  പോയത്. അതിഥികള്‍ പോയി തിരക്കൊഴിഞ്ഞതിനു ശേഷം ബന്ധുക്കള്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് പണം നഷ്ടപ്പെട്ടത്. പൂട്ടുപൊളിച്ച നിലയില്‍ പെട്ടി കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ ചുറ്റും പരിശോധന നടത്തിയപ്പോള്‍ റോഡരികില്‍ നിന്നു കാലികവറുകള്‍ കണ്ടെത്തി. തുടര്‍ന്നു പോലിസില്‍ പരാതി നല്‍കുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം പുലര്‍ച്ചെ ദേശീയപാതയിലെ കടയില്‍ ഒരു സംഘം കുട്ടികള്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ടവര്‍ അറിയിച്ചതിനെ തുടര്‍ന്നു പോലിസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് കല്യാണ മണ്ഡപത്തില്‍ നിന്നു പണം കവര്‍ന്ന കാര്യം ഇവര്‍ സമ്മതിച്ചത്. എട്ടു കുട്ടികളും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. അതിനിടെ കല്യാണ മണ്ഡപത്തിലും പരിസരത്തും സിസിടിവി നിരീക്ഷണത്തിലാണെന്ന് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് പണം നഷ്ടപ്പെട്ടവര്‍ പറഞ്ഞു. ബോര്‍ഡല്ലാതെ ഒരു ക്യാമറയും ഇവിടെ ഇല്ലെന്ന് ഇവര്‍ പരാതിപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക