|    Aug 20 Sun, 2017 9:49 am

കല്യാട് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം ; വാഹനങ്ങള്‍ തകര്‍ത്തു

Published : 5th August 2017 | Posted By: fsq

 

ഇരിക്കൂര്‍: കല്യാട് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ സംഘര്‍ഷത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്. വാഹനങ്ങളും തകര്‍ത്തു. പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി ജിനേഷ്(40), ദിനേശന്‍(38), സിപിഎം പ്രവര്‍ത്തകരായ വി സിബിന്‍(34), ബി വിഷ്ണു(30), ടി നിഷാന്ത്(34), ബി വൈഷ്ണവ്(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഹമ്മദ് ബ്ലാത്തൂരിനെയും ജിനേഷിനെയും കണ്ണൂര്‍ കൊയിലി ആശുപത്രിയിലും സിപിഎം പ്രവര്‍ത്തകരെ ഇരിട്ടിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിബിനെ പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ കല്യാടും പരിസരങ്ങളിലുമുള്ള ചില പ്രദേശങ്ങളില്‍ കഞ്ചാവും വിദേശ മദ്യവും ലഹരി സാധനങ്ങളും വന്‍തോതില്‍ വില്‍പന നടത്തുന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. സിപിഎം കേന്ദ്രങ്ങളിലാണ് വ്യാപമെന്നുള്ള വാര്‍ത്തയില്‍ പേര് പരാമര്‍ശിച്ച പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് മേഖലയെ ഒഴിവാക്കിയിരുന്നു. ഇതാണു അക്രമത്തില്‍ കലാശിച്ചത്. ഇതിനു പിന്നില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി സ്വയംസഹായ സംഘമാണെന്നും നാടിനെ അവമതിപ്പിക്കുന്ന വാര്‍ത്തയാണെന്നും ആരോപിച്ച് സിപിഎമ്മും ബിജെപിയും ഉള്‍പ്പെടെ എതിര്‍പ്പുമായെത്തിയിരുന്നു. ഇക്കാര്യം സിപിഎം പ്രവര്‍ത്തകര്‍ പ്രദേശവാസിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് ആരാഞ്ഞപ്പോള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന മറുപടിയാണ് സംഘര്‍ഷത്തിനിടയാക്കിയത്. മര്‍ദ്ദനമേറ്റ ഇയാളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കല്യാട് പ്രതിഷേധ പ്രകടനം നടക്കുമ്പോള്‍ ടൗണിലും പരിസരങ്ങളിലും നാട്ടുകാര്‍ സംഘടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഇരിക്കൂറില്‍ നിന്ന് പോലിസ് സംഘവും എത്തി. ഇതിനിടെ, രാത്രി 11ഓടെ മട്ടന്നൂരില്‍ നിന്നു തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദ് ബ്ലാത്തൂരും ജിനേഷും സഞ്ചരിച്ച കാര്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ പോവാന്‍ ശ്രമിച്ചപ്പോഴാണ് തടിച്ചുകൂടിയവര്‍ ഇരുവരെയും പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചത്. മുഹമ്മദ് ബ്ലാത്തൂരിന്റെ കെഎല്‍ 13 എന്‍ 7861 ഇന്നോവ കാറിന്റെ ചില്ല് കല്ലിട്ട് തകര്‍ക്കുകയും ചെയ്തു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സജി ജോസഫ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് ബ്ലാത്തൂരിനെയും ജിനേഷിനെയും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍, സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി രാമചന്ദ്രന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക