|    Nov 19 Sun, 2017 5:35 pm
FLASH NEWS

കല്യാട് അനധികൃത ഭൂമി തിരിച്ചെടുക്കല്‍ നടപടി തുടങ്ങി

Published : 20th March 2017 | Posted By: fsq

 

ഇരിക്കൂര്‍: പടിയൂര്‍ പഞ്ചായത്തിലെ കല്യാട് വില്ലേജില്‍ അവകാശികളില്ലാതെയും നികുതി അടയ്ക്കാതെയുമുള്ള 800 എക്കര്‍ ഭൂമിയുടെ അവകാശികളെ കണ്ടെത്താന്‍ റവന്യൂവകുപ്പ് പരിശോധന തുടങ്ങി. സംസ്ഥാനത്ത് അന്യംനില്‍ക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ ഭൂമി കണ്ടെത്തി നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കല്യാട് പ്രദേശത്തെ പഴയ റീസര്‍വേ 46/1ലും പുതിയ റീസര്‍വേ 46/4 ലും ഉള്‍പ്പെട്ട 800 ഏക്കറോളം ഭൂമി അവകാശികളില്ലാതെയുണ്ട്. ഹൈക്കോടതി തന്നെ സിലാന്റ് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയതായിരുന്നു. ആദ്യഘട്ടത്തില്‍ സിലാന്റിന്റെ വിസ്തീര്‍ണം 1600 ഏക്കറോളം ഉണ്ടായിരുന്നുവെന്നാണ് റവന്യൂ വകുപ്പില്‍നിന്ന് ലഭിച്ച വിവരം. ഈ ഭൂമിയില്‍ അവകാശമുന്നയിച്ച് ചിലര്‍ പരാതി നല്‍കിയിരുന്നു. പരാതിക്കാര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ ആറുമാസം സമയം അനുവദിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങളില്‍ ഇരിട്ടി താലൂക്ക് ഓഫിസിലും കലക്ടറേറ്റിലും എല്ലാ പ്രവൃത്തി ദിവസങ്ങളിലും കല്യാട് വില്ലേജ് ഓഫിസില്‍ വ്യാഴാഴ്ചകളിലും അപേക്ഷ സമര്‍പ്പിക്കാം.
എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ അഞ്ച് അപേക്ഷകളാണു ലഭിച്ചത്. ദശാബ്ദങ്ങളായി നികുതി അടയ്ക്കാത്തതും അവകാശം സംബന്ധിച്ച് ശരിയായ രേഖകളില്ലാത്തതുമാണ് 800 ഏക്കറോളം വരുന്ന ഭൂമി. ഇത് വില്ലേജില്‍ തന്നെ ആദ്യ വലിയ സംഭവമാണ്. വിശാലമായി പരന്നുകിടക്കുന്ന അവകാശികളില്ലാത്ത സ്ഥലങ്ങള്‍ പലരും വളച്ചുകെട്ടിയും കല്ലുനിരത്തിയും കൈവശപ്പെടുത്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും വന്‍തോതില്‍ ഭൂമി കൈയേറ്റം നടക്കുന്നു. വ്യാപകമായി ചെങ്കല്‍ ഖനനം നടക്കുന്നു. ഇവിടെനിന്നു ദിനേന 2000ലധികം ലോറികളാണ് ചെങ്കല്ലുമായി പോവുന്നത്. അഡീഷനല്‍ തഹസില്‍ദാര്‍ ജോസ് ഏലിയാമ്മ, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം സി സീനത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്ഥലം പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക