|    Sep 21 Fri, 2018 7:24 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കലോല്‍സവങ്ങള്‍ സമ്മാനിച്ച ദൂതുപോലൊരു നൂപുരജീവിതം

Published : 3rd January 2018 | Posted By: kasim kzm

ഫഖ്‌റുദ്ദീന്‍  പന്താവൂര്‍

തൃശൂര്‍: ഓരോ സ്‌കൂള്‍ കലോല്‍സവങ്ങളിലും നൃത്തയിനങ്ങളില്‍ വിജയിച്ച മിടുക്കികളെ പിന്നീടു വേദികളി ല്‍ കാണാറേയില്ല. മല്‍സരങ്ങള്‍ക്കും മാര്‍ക്കിനും ഗ്രേഡിനും അപ്പുറം കലയുടെ ആത്മാവ് തിരിച്ചറിയാതെ പോവുന്നവരാണു പലരും.
മലപ്പുറത്തുകാരി മന്‍സിയക്കു കലോല്‍സവം സമ്മാനിച്ചതു നൃത്തം തന്നെ ജീവിതമെന്ന പാഠമാണ്. മഞ്ചേരി എന്‍എസ്എസ് കോളജില്‍ ബിഎ ഫങ്ഷനല്‍ ഇംഗ്ലീഷ് പൂര്‍ത്തിയാക്കിയ മന്‍സിയ മൂന്നു വര്‍ഷവും  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കലാതിലകമായി. സംസ്ഥാന, സ്‌കൂള്‍ കലോല്‍സവങ്ങളില്‍ ഭരതനാട്യത്തി ല്‍ തുടര്‍ച്ചയായി മലപ്പുറം ജില്ലയിലെ ഉയര്‍ന്ന ഗ്രേഡ് മന്‍സിയക്കായിരുന്നു. പിഎസ്‌വി നാട്യസംഘത്തില്‍ 10 വര്‍ഷമായി കഥകളി അഭ്യസിക്കുന്ന ഏക മുസ്‌ലിം വിദ്യാര്‍ഥിനി; അതാണ് മന്‍സിയ. മന്‍സിയയുടെ ജ്യേഷ്ഠ സഹോദരി റൂബിയയും കലോല്‍സവങ്ങളില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു. അണ്ണാമലൈ യൂനിവേഴ്‌സിറ്റിയില്‍ ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ റൂബിയ അവിടെ ഭരതനാട്യം അധ്യാപികയാണ്. റൂബിയയുടെ വഴി അനിയത്തി മന്‍സിയയും സ്വീകരിച്ചു. നി യമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പിന്തുണയും സഹായവും കൊണ്ടാണു മലപ്പുറത്തുകാരി മന്‍സിയ മദ്രാസ് സര്‍വകലാശാലയില്‍ എംഎ ഭരതനാട്യം പഠിക്കാന്‍ പോയത്. രണ്ടു വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തിയത് ഒന്നാം റാങ്ക് സ്വന്തമാക്കിയാണ്.
ചെറുപ്പം മുതല്‍ ഭരതനാട്യവും മോഹിനിയാട്ടവും കഥകളിയും കേരളനടനവുമെല്ലാം വഴങ്ങിയ മന്‍സിയക്ക് എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ സ്‌കൂള്‍ കലോല്‍സവ വേദികളില്‍ ഒന്നാം ഗ്രേഡ് തന്നെയായിരുന്നു.
പിതാവ് അലവിക്കുട്ടിയും മാതാവ് ആമിനയും മക്കളുടെ സ്വപ്‌നങ്ങള്‍ക്ക് എന്നും താങ്ങായി ഒപ്പം നിന്നു. കലോല്‍സവങ്ങള്‍ സമ്മാനിച്ച നൃത്തജീവിതം ഉപേക്ഷിച്ചില്ല. കലാമണ്ഡലത്തില്‍ എംഫില്‍ ഭരതനാട്യത്തിന് ചേര്‍ന്ന മന്‍സിയയുടെ സ്വപ്‌നം ഡാന്‍സില്‍ ഗവേഷണ ബിരുദം നേടണമെന്നാണ്. സ്‌കൂള്‍ കലോല്‍സവക്കാലം കഴിഞ്ഞിട്ടും വിധികര്‍ത്താവിന്റെ റോളിലെത്താറുണ്ട്. മന്‍സിയയുടെ ജീവിതത്തെ ആസ്പദമാക്കി റഫീക്ക് മംഗല്ലശ്ശേരി 2007ല്‍ ‘റാബിയ’ എന്ന നാടകം രചിച്ചിരുന്നു. റഫീക്ക് തന്നെ തിരക്കഥയെഴുതി, അരുണ്‍ എസ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘എന്നു മമ്മാലി എന്ന ഇന്ത്യക്കാരന്‍’ എന്ന സിനിമയില്‍ മുഖ്യ വേഷത്തിലഭിനയിച്ചതും മന്‍സിയ തന്നെ. ചിത്രം അടുത്ത ദിവസംതിയേറ്ററുകളിലെത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss