|    Jan 22 Sun, 2017 9:19 am
FLASH NEWS

 കലോല്‍സവങ്ങള്‍ അടിമുടി മാറണം

Published : 4th January 2016 | Posted By: SMR

എ എസ് അജിത്കുമാര്‍

സ്‌കൂള്‍ കലോല്‍സവങ്ങള്‍ മല്‍സരവേദിയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമെന്നു മാത്രമല്ല ഉദ്ദേശിച്ചത്. സംഗീതത്തെയും നൃത്തത്തെയും മറ്റു കലകളെയും കുറിച്ചുള്ള പൊതുധാരണകളെ രൂപപ്പെടുത്തുകയും കലാവ്യവഹാരങ്ങളെ സജീവമായി നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു പ്രധാന പരിപാടിയാണ് ഇത്. സര്‍ക്കാര്‍ രക്ഷാധികാരത്തില്‍ നടത്തുന്ന കലോല്‍സവങ്ങള്‍ മറ്റു പ്രാദേശിക മല്‍സരങ്ങളുടെയും മാതൃകയായി വര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ സാധാരണനിലയില്‍ കലോല്‍സവങ്ങള്‍ക്കെതിരേ ഉയരുന്ന പണക്കൊഴുപ്പിന്റെയോ വിധിനിര്‍ണയത്തിലെ അഴിമതിയുടെയോ അനാരോഗ്യകരമായ മല്‍സരത്തിന്റെയോ തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഇവയുടെ പ്രശ്‌നങ്ങളിലേക്ക് ആഴത്തില്‍ പോവുന്നവയല്ല. അത്തരം വിമര്‍ശനങ്ങള്‍ ഒരുതരം ശുദ്ധിവാദവുമാണ്. കലോല്‍സവങ്ങള്‍ എന്തുതരം സാംസ്‌കാരികമൂല്യങ്ങളെയാണ് കേരളീയത എന്ന പേരില്‍ നിലനിര്‍ത്തുന്നത്? യുവജനോല്‍സവങ്ങളെ ഈ നിലയ്ക്ക് തുടര്‍ന്നുകൊണ്ടുപോയാല്‍ മതിയോ? അതോ കൂടുതല്‍ തുറന്ന, വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുന്ന ഒന്നായി അതിനെ മാറ്റേണ്ടതുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു.
കലോല്‍സവത്തിന്റെ ഇനങ്ങളും നിയമാവലികളും മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളും ശാസ്ത്രീയം എന്നു വിളിക്കപ്പെടുന്ന കലകള്‍ക്ക് മേധാവിത്വമുള്ള രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. പ്രാധാന്യം കൊടുക്കപ്പെടുന്നത് ഭരതനാട്യം തുടങ്ങിയ നൃത്തങ്ങള്‍ക്കും കര്‍ണാടക സംഗീതം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ സംഗീതധാരകള്‍ക്കുമാണ്. സിനിമാപാട്ട് ഈ വര്‍ഷം വരെ പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. നാടന്‍പാട്ട് ഒരു മല്‍സര ഇനമായി വന്നത് ഈ അടുത്ത കാലത്തു മാത്രം. സിനിമാറ്റിക് ഡാന്‍സിന് ഇപ്പോഴും കലോല്‍സവവേദിയില്‍ പ്രവേശനമില്ല. കുറേ കലാരൂപങ്ങളെ പുറത്തുനിര്‍ത്തിയും ചിലതിന് ‘യഥാര്‍ഥ’ കലാരൂപങ്ങളായി പ്രാധാന്യം കല്‍പിച്ചുമാണ് കലോല്‍സവം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഈ വ്യവഹാരങ്ങളെക്കുറിച്ച് അല്‍പ്പം വിശദമായി ചര്‍ച്ച ചെയ്യാം.
സിനിമാപാട്ടിനെ കുറിച്ചുള്ള കാര്യങ്ങളില്‍ തുടങ്ങാം. ഈ വര്‍ഷം മുതല്‍ ഗാനമേളയ്ക്കും വൃന്ദവാദ്യത്തിനും സിനിമാപാട്ടുകള്‍ ഉപയോഗിക്കാമെന്ന് ഡിപിഐ അപ്പലറ്റ് അതോറിറ്റി വ്യക്തമാക്കിയെന്ന വാര്‍ത്ത വന്നു. അതുസംബന്ധിച്ച് മാതൃഭൂമി പത്രം മുഖപ്രസംഗം എഴുതിയത് ‘സിനിമാപാട്ടില്‍ കുട്ടികള്‍ മുങ്ങിമരിക്കാതെയും നോക്കണം’ എന്ന തലക്കെട്ടോടു കൂടിയാണ്. തുടര്‍ന്ന് എഴുതുന്നു: ”കുട്ടികള്‍ ഏറ്റവും എളുപ്പം കിട്ടുന്ന സിനിമാപാട്ടുകളില്‍ മാത്രമായി മുങ്ങിമരിക്കുന്നതിനു പകരം നമ്മുടെ മാതൃഭാഷയുടെ നെടുംതൂണായ കാവ്യശാഖയുടെ വേരുകളിലൂടെ നിര്‍ബന്ധമായും കടന്നുപോവേണ്ടതുണ്ട്.” ‘സാമൂഹികവിരുദ്ധരും’ ‘പ്രകൃതിവിരുദ്ധരും’ ഒക്കെ ആയിത്തീരാതിരിക്കാന്‍ നമ്മെ തടയുന്നത് കവിതയാണെന്നും കവിതയുമായി പുലബന്ധമില്ലാതെ വന്നാല്‍ മാതൃഭാഷയുടെയും സംസ്‌കാരത്തിന്റെയും മരണം സംഭവിക്കുമെന്നും വിധ്വംസകചിന്തകള്‍ കിനിഞ്ഞിറങ്ങുമെന്നുമുള്ള പേടികള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടാണ് മുഖപ്രസംഗം മുന്നോട്ടുപോവുന്നത്. സിനിമാപാട്ട് വളരെ അപകടമുള്ള ഒന്നായി കാണുന്ന ഈ ആശങ്കയ്ക്കു കാരണമെന്താണ്? ചരിത്രത്തിലേക്ക് ഒന്ന് നോക്കിയാല്‍ കാണാം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ തുടക്കകാലഘട്ടത്തില്‍ ഇതു പോലെയുള്ള പേടി നിലനിന്നിരുന്നുവെന്ന്. 1950 മുതല്‍ 1962 വരെ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രിയായിരുന്ന ബി വി കേഷ്‌കര്‍ മുതല്‍ തന്നെ ആരംഭിക്കുന്ന ഒരു പേടിയാണിത്. ഹൈന്ദവമുഖമുള്ള ഒരു ഇന്ത്യന്‍ സംഗീതത്തെ നിര്‍മിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഒരു മഹാരാഷ്ട്ര ബ്രാഹ്മണനായ കേഷ്‌കറിനെ അലട്ടിയിരുന്ന ഒന്നാണ് സിനിമാപാട്ട്. ഇന്ത്യന്‍ സംഗീതത്തിന്റെ പതനത്തിനു കാരണം മുസ്‌ലിം ഭരണാധികാരികളും മുസ്‌ലിം സംഗീതജ്ഞരുമാണെന്ന വീക്ഷണക്കാരനായിരുന്നു കേഷ്‌കര്‍. അതുമായി ബന്ധപ്പെട്ട് അദ്ദേഹം കുറേ സിദ്ധാന്തങ്ങളുണ്ടാക്കിയിട്ടുണ്ട്. ആ കാലത്തെ ദേശീയവാദസംഗീതത്തിന്റെ സൃഷ്ടിക്കു വേണ്ടിയുള്ള ശ്രമങ്ങളെ ഡേവിഡ് ലെലിവേല്‍ഡ് വിശദമായി പഠനവിധേയമാക്കിയിട്ടുണ്ട്. ആ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ആകാശവാണിയില്‍ സിനിമാപാട്ടുകള്‍ കുറച്ചുനാളത്തേക്ക് പ്രക്ഷേപണം നിര്‍ത്തിവച്ചത്. ഉര്‍ദു വാക്കുകള്‍ കൂടുതല്‍ ഉപയോഗിച്ചിരുന്നുവെന്നതുകൊണ്ടും അവ ‘ലൈംഗിക’മാണ് എന്ന നിലപാടുള്ളതുകൊണ്ടും കേഷ്‌കര്‍ അവയെ കണ്ടിരുന്നത് ‘മനുഷ്യപരിണാമത്തിലെ താഴ്ന്ന ഘട്ട’മായാണ്. ഈ ഘട്ടത്തില്‍ സിനിമാപാട്ടുകള്‍ പ്രക്ഷേപണം ചെയ്തിരുന്ന സിലോണ്‍ റേഡിയോയിലേക്ക് ശ്രോതാക്കള്‍ തിരിഞ്ഞപ്പോഴാണ് വിവിധ്ഭാരതിയുമായി ആകാശവാണി വരുന്നത്. സിനിമാപാട്ടുകള്‍ക്കെതിരേ ഉണ്ടാക്കിയെടുത്ത ഒന്നാണ് ആകാശവാണിയിലെ ലളിതഗാനങ്ങള്‍.
അന്നത്തെ ഒരു ഹൈന്ദവ ബ്രാഹ്മണ ദേശീയവാദ വ്യവഹാരമായിരുന്നു സിനിമാപാട്ടിനോടുള്ള പേടിയെന്ന് കേഷ്‌കറിന്റെ ഇടപെടലുകളില്‍നിന്നു മനസ്സിലാക്കാം. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് കിഷോര്‍കുമാറിന്റെ പാട്ടുകളെ നിരോധിച്ച ചരിത്രവും ആകാശവാണിക്കുണ്ട്.
ഇപ്പോഴും സംഗീതവ്യവഹാരങ്ങളിലൊക്കെ സിനിമാസംഗീതത്തെ താഴ്ന്നതായി ചിത്രീകരിക്കുന്നതു കാണാം. ഒരുപക്ഷേ, വിവിധ ജാതി-മത വിഭാഗങ്ങളില്‍പെട്ടവരും വിവിധതരം സംഗീതരൂപങ്ങളും കലരുന്ന ഒരു മലിനമായ ഇടമായിട്ടായിരിക്കും ഈ സംഗീതശാഖയെ ശുദ്ധവാദികള്‍ കണ്ടത്. മലയാളത്തിലെ സിനിമാപാട്ടുകള്‍ നാടനും ശാസ്ത്രീയവും പാശ്ചാത്യവും അറബി-മാപ്പിള സംഗീതവും എല്ലാം കൂടിക്കുഴയുന്ന ഒന്നാണ്. ലക്ഷക്കണക്കിനു ശ്രോതാക്കളുടെ ജീവിതവുമായി ചേര്‍ന്നുപോവുന്ന സിനിമാസംഗീതത്തെ കലോല്‍സവത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നത് ഒരു വരേണ്യബോധം തന്നെയാണ്.
കലോല്‍സവവേദികളില്‍ യഥാര്‍ഥ കലയായി അംഗീകരിക്കപ്പെടുന്നത് ശാസ്ത്രീയ കലകളാണ്. പണ്ട് രാജാക്കന്മാരായിരുന്നു ശാസ്ത്രീയകലകളുടെ രക്ഷാധികാരികള്‍. ശാസ്ത്രീയസംഗീതം ഉള്‍പ്പെടെയുള്ളവ കൊട്ടാരങ്ങളില്‍നിന്നു പൊതുയിടത്തില്‍ വന്നപ്പോള്‍ ആ രക്ഷാധികാരസ്ഥാനത്തേക്ക് പിന്നീടു കടന്നുവന്നത് കൊളോണിയല്‍ ഭരണത്തിന്റെ കീഴില്‍ വളര്‍ന്നുവന്ന നവബ്രാഹ്മണ മധ്യവര്‍ഗമായിരുന്നു. ഇപ്പോള്‍ ഈ രക്ഷാധികാരത്തിന്റെ പാരമ്പര്യത്തെ പിന്തുടര്‍ന്നുകൊണ്ട് കേരള സര്‍ക്കാര്‍ തന്നെ ശാസ്ത്രീയ കലകളെ പോറ്റുന്നവരായി മാറിയിരിക്കുന്നു. കേരളത്തിലെ സംഗീത കോളജുകള്‍ ശാസ്ത്രീയ സംഗീത സ്ഥാപനങ്ങള്‍ മാത്രമാണെന്നതും ഈ സമീപനത്തെ ഉറപ്പിക്കുന്നു. ഒരുപക്ഷേ, തിരുവിതാംകൂര്‍ രാജഭരണത്തിന്റെ ജാതിയാധിപത്യ സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയാവണം ഈ സാംസ്‌കാരിക സമീപനം. സര്‍ക്കാര്‍ പാരമ്പര്യ കലകളുടെയും ശാസ്ത്രീയ കലകളുടെയും രക്ഷാധികാരികളാവുന്ന അവസ്ഥ.
ഔദ്യോഗികവും അനൗദ്യോഗികവുമായുള്ള നിയമങ്ങളിലൂടെയാണ് ശാസ്ത്രീയ കലകളുടെ മാനദണ്ഡങ്ങള്‍ എല്ലാ കലാരൂപങ്ങള്‍ക്കുമേലും അടിച്ചേല്‍പ്പിക്കുന്നത്. മൂല്യനിര്‍ണയത്തിനുള്ള നിര്‍ദേശം ശ്രദ്ധിച്ചാല്‍ അതു മനസ്സിലാവും. ലളിതഗാനം ശാസ്ത്രീയസംഗീതം എന്നിവയ്‌ക്കൊക്കെ ഒരേ മാനദണ്ഡമാണെന്നതാണ് രസകരം. ശാരീരം, ശ്രുതി, ലയം, താളം, ജ്ഞാനഭാവം എന്നിവയ്ക്കാണ് മാര്‍ക്ക്. ശാസ്ത്രീയസംഗീതത്തില്‍ അധികമായുള്ളത് മനോധര്‍മം ആണ്. ലളിതസംഗീതത്തിനെ ശാസ്ത്രീയസംഗീതത്തിന്റെ മാനദണ്ഡങ്ങളില്‍ കുരുക്കിയിടുന്നു. ലളിതസംഗീതം എന്ന പേര് തന്നെ വരുന്നത് ശാസ്ത്രീയത എന്നു വിളിക്കുന്ന സംഗീതത്തെ സങ്കീര്‍ണം എന്ന് അടയാളപ്പെടുത്തുന്നതുകൊണ്ടാണ്. ലളിത ഗാനം എന്നു വില്‍ക്കപ്പെടുന്ന ഇനം തന്നെ ആവര്‍ത്തനവിരസതകൊണ്ട് മുഷിപ്പിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. ആലാപനശൈലികളിലെ പുതിയ സമീപനങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്നില്ല. പൗരസ്ത്യം, പാശ്ചാത്യം എന്ന് തരംതിരിക്കപെട്ടിട്ടുള്ള ഉപകരണസംഗീത മല്‍സരങ്ങളുടെ മാനദണ്ഡങ്ങളും നാദം, ലയം തുടങ്ങിയ ശാസ്ത്രീയസംഗീതത്തിന്റെ വ്യവഹാരത്തില്‍ വരുന്നവയാണ്.
ചെണ്ടമല്‍സരത്തില്‍ അനൗദ്യോഗികമായ ഒരു കീഴ്‌വഴക്കമായി തന്നെ സവര്‍ണമേളമെന്നു കരുതാവുന്ന പഞ്ചാരിമേളത്തിനാണ് മാര്‍ക്ക് കിട്ടുക. ശിങ്കാരിമേളംപോലെ ദലിതര്‍ അടക്കമുള്ളവര്‍ കൂടുതല്‍ വായിക്കുന്ന മേളം കലോല്‍സവവേദിയിലും താഴ്ന്നതായാണ് പരിഗണിക്കപ്പെടുന്നത്. കേരളത്തില്‍ ഇപ്പോള്‍ യുവജനങ്ങളുടെ ഇടയില്‍ വളരെ സജീവമായി ഒരു പാശ്ചാത്യസംഗീത ബാന്‍ഡ് ട്രെന്‍ഡ് ഉണ്ട്. എന്നാല്‍, ഇവയെപ്പോലെ പുതിയ കാലത്ത് ഉണ്ടാവുന്ന ഒന്നും കലോല്‍സവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നില്ല.
പാശ്ചാത്യ സംഗീത ആലാപനശൈലിയിലും മല്‍സര ഇനങ്ങളിലില്ല. കേരളത്തിന്, പ്രത്യേകിച്ചും എണ്‍പതുകളില്‍, ഒരു സജീവമായ പാശ്ചാത്യ സംഗീത ബാന്‍ഡുകളുടെ ചരിത്രമുണ്ടായിരുന്നു എന്ന് ഓര്‍ക്കേണ്ടതാണ്. ഇപ്പോള്‍ ഇന്റര്‍നെറ്റ് തുറന്നുതരുന്ന പുതിയ കലാബോധത്തിലേക്ക് കുട്ടികള്‍ പോകുമ്പോഴാണ് സര്‍ക്കാര്‍ അടഞ്ഞ കലാവ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.
കലോല്‍സവങ്ങളുടെ സവര്‍ണതയെ മറികടക്കാന്‍, വ്യത്യസ്തമായ കലാരൂപങ്ങളെ ഉള്‍ക്കൊള്ളുന്ന ഒന്നായി മാറ്റാന്‍, അതുപോലെ കൂടുതല്‍ പ്രതിഭകള്‍ക്ക് അവസരം കൊടുക്കാന്‍ കലോല്‍സവങ്ങളുടെ നടത്തിപ്പില്‍ കാര്യമായ പരിഷ്‌കരണം നടത്തേണ്ടിയിരിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 112 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക