|    Feb 27 Mon, 2017 5:44 am
FLASH NEWS

കലോല്‍സവം കോഴ വിവാദത്തില്‍ മുങ്ങി

Published : 19th November 2016 | Posted By: SMR

അടിമാലി: രണ്ടാംദിനം സിബിഎസ്ഇ കലോല്‍സവം സമാപിച്ചത് കോഴ വിവാദത്തില്‍ കലങ്ങിമറിഞ്ഞ്.കാറ്റഗറി മൂന്നില്‍ സംഘനൃത്തം മല്‍സരത്തിന്റെ ഫലപ്രഖ്യാപനത്തിലാണ് വിധികര്‍ത്താക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മല്‍സരാര്‍ഥികളും സ്‌കൂള്‍ അധികൃതരും രംഗത്തെിയത്. സംഘനൃത്ത വേദിയില്‍ സിനിമാപാട്ടിന്റെ അകമ്പടിയായി സിനിമാറ്റിക് ഡാന്‍സിലേതടക്കമുള്ള ചുവടുകള്‍ വച്ച് നൃത്തം ചെയ്ത ടീമിനാണ് ഒന്നാം സമ്മാനം നല്‍കിയതെന്ന ആരോപണമുയര്‍ത്തിയത് പാറമേക്കാവ് സ്‌കൂള്‍ ടീമായിരുന്നു . ഇവര്‍ അവതരിപ്പിച്ച സംഘനൃത്തം മുന്‍നിരയിലെത്തിയുമില്ല. ഒന്നാം സമ്മാനത്തിന് വിധികര്‍ത്താക്കള്‍ക്കു കോഴയായി ഒന്നേമുക്കാല്‍ ലക്ഷം രൂപ ഇടനിലക്കാരന്‍ വഴി നല്‍കിയെന്ന ആരോപണം മറ്റു ചില സ്‌കൂളുകളും ഉന്നയിച്ചു.സംഘനൃത്ത ഫല പ്രഖ്യാപനത്തിനെതിരേ മല്‍സരിച്ച ചില ടീമുകള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.ആദ്യദിനത്തില്‍ ദഫ്മുട്ട് ഫലത്തിലും പിന്നീട് തിരുവാതിരയിലും കോഴ വിവാദം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ പരസ്യമായ പ്രതിഷേധവുമായി സ്‌കൂള്‍ അധികൃതരും മല്‍സരാര്‍ഥികളും രംഗത്തെത്തിയത്. അപ്പീല്‍ കമ്മിറ്റി ഓഫിസില്‍ തള്ളിക്കയറിയ സംഘം മുദ്രാവാക്യം വിളിച്ചതോടെ പ്രശ്‌നം രൂക്ഷമായി.തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താമെന്നും മല്‍സരത്തിന്റെ വീഡിയോ പരിശോധിക്കാമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. സംസ്ഥാന സ്‌കൂള്‍ കലോല്‍സവ മല്‍സര ഫലങ്ങളില്‍ കോഴ വിവാദം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം അനധികൃത ഇടപാടുകള്‍ നടത്തിയതായി പരാമര്‍ശിച്ചിരുന്നു. ഇതില്‍ നിന്ന് സിബിഎസ്ഇ കലോല്‍സവും മുക്്തമല്ലെന്നാണ് അടിമാലി വിശ്വദീപ്തി സ്‌കൂളിലെ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.ഇവിടെ നേരത്തെ തീരുമാനിച്ച ജഡ്ജസിനെയല്ലാതെ പകരം മറ്റു വിധികര്‍ത്താക്കളെ ഫലം നിര്‍ണയിക്കാന്‍ ഇരുത്തിയതായും പരാതി ഉയര്‍ന്നു. ഒന്നാംസമ്മാനത്തിന് ഒന്നേമുക്കാല്‍ ലക്ഷം, രണ്ടാംസ്ഥാനത്തിന് ഒന്നരലക്ഷം, മൂന്നാമതെത്താന്‍ ഒന്നേകാല്‍ ലക്ഷം രൂപ എന്ന രീതിയിലാണ് മല്‍സര ടീമുകളില്‍ നിന്ന് തുക ഈടാക്കുന്നതെന്നാണ് ആക്ഷേപം. കോഴ വിവാദം ഉയര്‍ന്നതോടെ രണ്ടുദിവസങ്ങളിലായി നടന്ന മല്‍സര ഫലങ്ങളും സംശയത്തിന്റെ നിഴലിലായി.സ്ഥിരമായി വിധികര്‍ത്താക്കളെ എത്തിക്കുന്നത് ഒരേ സംഘമാണെന്നും ഇവരിലൂടെയാണ് കോഴ ഇടപാടുകള്‍ നടക്കുന്നതെന്നും ആക്ഷേപമുണ്ട്. അതേസമയം, സഹോദയ, സിബിഎസ്ഇ മാനേജ്‌മെന്റുകള്‍ക്കിടയിലുള്ള പടലപ്പിണക്കമാണു പല പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും പറയുന്നു. സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ള വിധികര്‍ത്താക്കളെ തന്നെ മല്‍സര ഫലനിര്‍ണയത്തിന് ലഭിക്കുമെന്നിരിക്കെ അതിനു ശ്രമിക്കാതെ ചിലരുടെ താല്‍പ്പര്യം മാത്രം പരിഗണിച്ച് ജഡ്ജസിനെ എത്തിക്കുന്നതും ആരോപണങ്ങള്‍ക്കിടയാക്കുന്നുണ്ട്. അതേസമയം, കോഴ ഇടപാടുകള്‍  നടന്നിട്ടില്ലെന്നും ഇതുസംബന്ധിച്ച പരാതികള്‍ ഗൗരവത്തോടെ പരിഗണിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കലോല്‍സവ അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day