|    Apr 21 Sat, 2018 7:17 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കലോല്‍സവം: അരങ്ങിലെത്തുന്നത് ലാസ്യനടനങ്ങളുടെ സൗമ്യഭാവങ്ങള്‍

Published : 19th January 2016 | Posted By: G.A.G

എം ബി ഫസറുദ്ദീന്‍

തിരുവനന്തപുരം: അനന്തപുരിയില്‍ ഇന്ന് തിരശ്ശീല ഉയരുന്ന ഏഴുനാളത്തെ കലോല്‍സവ ത്തില്‍ ആദ്യം അരങ്ങിലെത്തുന്നത് ലാസ്യനടനങ്ങളുടെ സൗമ്യഭാവങ്ങള്‍. ഉദ്ഘാടനത്തിനു ശേഷം ഒന്നാം വേദിയില്‍ ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മല്‍സരത്തോടെയാണ് അരങ്ങുണരുക. ആദ്യദിനം 13 വേദികളിലാണ് മല്‍സരം നടക്കുന്നത്. തിരുവാതിരക്കളി, കുച്ചുപ്പുടി, ഭരതനാട്യം, ഓട്ടന്‍തുള്ളല്‍, കഥകളി, മൂകാഭിനയം, പഞ്ചവാദ്യം, മോണോ ആക്റ്റ്, ചമ്പുപ്രഭാഷണം, ഓടക്കുഴല്‍, അക്ഷരശ്ലോകം, ശാസ്ത്രീയസംഗീതം തുടങ്ങിയ ഇനങ്ങളാണ് മറ്റുവേദികളില്‍ അരങ്ങേറുക. 19 വേദികളിലായി 232 ഇനങ്ങളില്‍ 12,000ത്തോളം പ്രതിഭകളാണ് കലോല്‍സവത്തിനെത്തുന്നത്. മൂന്നുവര്‍ഷം വിധികര്‍ത്താക്കളായവരെ ഒഴിവാക്കിയാണ് ഇത്തവണ വിധിനിര്‍ണയത്തിനുള്ളവരുടെ പാനല്‍ തയ്യാറാക്കിയത്. വിധികര്‍ത്താക്കളെ വിജിലന്‍സിന്റെ നേതൃത്വത്തി ല്‍ നിരീക്ഷിക്കും. പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായ കലോല്‍സവമാണ് നടത്തുന്നത്. ഭക്ഷണപന്തലില്‍ വെള്ളം കുടിക്കാന്‍ സ്റ്റീല്‍ ഗ്ലാസുകളാവും ഉപയോഗിക്കുക. അപ്പീലുകളുടെ എണ്ണം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്. തൈക്കാട് പോലിസ് ഗ്രൗണ്ടിലൊരുക്കിയ ഭക്ഷണപ്പന്തലിന്റെയും ഊട്ടുപുരയുടെയും അമരത്ത് ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിയാണ്. ഒരേസമയം 3,000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പന്തലാണ് ഒരുക്കിയത്. എല്ലാദിവസവും ഉച്ചയൂണിനൊപ്പം വിവിധതരം പായസവും നല്‍കും.

ഇന്ന് ഉച്ചയൂണിന് അമ്പലപ്പുഴ പാല്‍പ്പായസം നല്‍കും. തുടന്നുള്ള ദിവസങ്ങളില്‍ ഭക്ഷണത്തില്‍ വൈവിധ്യം പ്രതീക്ഷിക്കാമെന്നു ഭക്ഷണ കമ്മിറ്റി അറിയിച്ചു. നഗരത്തിലെ 13 സ്‌കൂളുകളിലാണ് കലോല്‍സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കു താമസ സൗകര്യം ഒരുക്കിയത്. അഞ്ച് സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും എട്ട് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും സൗകര്യമൊരുക്കും. കലോല്‍സവ വേദിയിലും താമസ സ്ഥലങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ട്. സാംസ്‌കാരിക സായാഹ്നവും കലോല്‍സവ ചരിത്രം അനാവരണം ചെയ്യുന്ന ചിത്രപ്രദര്‍ശനവും നടക്കും. കലോല്‍സവം പൊതുജനങ്ങളില്‍ എത്തിക്കാന്‍ ഐടി@സ്‌കൂളിന്റെ നേതൃത്വത്തില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കലോ ല്‍സവത്തിനെത്തുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ റെയില്‍വേ സ്‌റ്റേഷനിലും കെഎസ്ആര്‍ടി ബസ്‌സ്റ്റാന്റിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങും.

ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തലസ്ഥാനത്ത് വീണ്ടുമെത്തുന്ന കലോല്‍സവത്തെ ജനകീയ മേളയാക്കാനുള്ള ശ്രമങ്ങളിലാണ് സംഘാടകര്‍. ഹെല്‍ത്തി സ്‌റ്റേ എന്ന പേരില്‍ വൈദ്യസഹായവും ആംബുലന്‍സ്് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യ ടീമായ കാസര്‍കോട് ഇന്നു രാവിലെ 7.15നുള്ള മാവേലി എക്‌സ്പ്രസ്സില്‍ തലസ്ഥാനത്തെത്തും. സംസ്‌കൃതോല്‍സവം, അറബി കലോല്‍സവം എന്നിവയ്ക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss