|    Jan 24 Tue, 2017 10:52 pm
FLASH NEWS

കലോല്‍സവം: അപ്പീലുകള്‍ നിയന്ത്രിക്കുമെന്ന് മന്ത്രി

Published : 6th January 2016 | Posted By: SMR

തിരുവനന്തപുരം: സ്‌കൂള്‍ കലോല്‍സവങ്ങളിലെ അപ്പീലുകള്‍ നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ഓരോ വര്‍ഷവും 12,000 മല്‍സരാര്‍ഥികളാണ് കലോല്‍സവത്തില്‍ പങ്കെടുക്കുന്നത്. എല്ലാവര്‍ക്കും ഒന്നാംസ്ഥാനം കിട്ടണമെന്നാണ് രക്ഷാകര്‍ത്താക്കളുടെ ആഗ്രഹം. സമ്മാനം ലഭിക്കാത്തത് വിധികര്‍ത്താക്കളുടെ പിഴവാണെന്നു പറഞ്ഞ് അവര്‍ കോടതിയില്‍ പോവുകയാണ്. എല്ലാവരും അപ്പീലുമായി പോവുന്ന സ്ഥിതിയുണ്ടായാല്‍ കലോല്‍സവ നടത്തിപ്പിന് അത് ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
അപ്പീലുകള്‍ ആര്‍ക്ക് കൊടുക്കണമെന്നതു സംബന്ധിച്ച് കലോല്‍സവ മാന്വല്‍ പരിഷ്‌കരണത്തില്‍ മാര്‍ഗരേഖയുണ്ടാക്കും. അടുത്ത കലോല്‍സവത്തിലായിരിക്കും ഇത് പ്രാബല്യത്തില്‍ വരുക. ലോകായുക്തയിലും ബാലാവകാശ കമ്മീഷനിലും അപ്പീലുമായി സമീപിക്കുന്നത് ശരിയായ നടപടിയല്ല. ഇത് പ്രായോഗികമാണോ എന്ന കാര്യം പരിശോധിക്കും. മൂന്നു വര്‍ഷം തുടര്‍ച്ചയായി കലോല്‍സവത്തില്‍ വിധിനിര്‍ണയം നടത്തിയ വിധികര്‍ത്താക്കളെ ഒഴിവാക്കും.
ഏതെങ്കിലും കലോല്‍സവത്തില്‍ ആരോപണ വിധേയരായവരെയും മാറ്റിനിര്‍ത്തും. കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ തിരിച്ചുകൊണ്ടുവരുകയെന്ന തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മാറ്റമില്ല. എന്നാല്‍, ഇതിനോട് ആരും യോജിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മല്‍സരാര്‍ഥികളുടെ അപ്പീലുകളുമായെത്തിയാല്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ലോകായുക്തയ്ക്ക് കത്തു നല്‍കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ അറിയിച്ചു. ലോകായുക്തയിലെത്തുന്ന അപ്പീലുകളെല്ലാം അംഗീകരിക്കുകയാണു ചെയ്തുവരുന്നത്.
ലോകായുക്തയ്ക്ക് അപ്പീല്‍ പരിഗണിക്കാന്‍ അധികാരമുണ്ടോയെന്നു കണ്ടെത്തുന്നതിനായി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിരിക്കുകയാണ്. അപ്പീലുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്താന്‍ എല്ലാ ജില്ലയിലും പ്രത്യേക നിരീക്ഷണസംഘത്തെ ചുമതലപ്പെടുത്തി.
കര്‍ട്ടന്‍ വീണുപോവുക, ലൈറ്റ് പോവുക, മല്‍സരാര്‍ഥിക്ക് എന്തെങ്കിലും അപകടം സംഭവിക്കുക ഉള്‍പ്പെടെയുള്ള സാങ്കേതികപ്പിഴവുണ്ടാവുക എന്നിവയ്ക്കാണ് അപ്പീല്‍ കൊടുക്കാ ന്‍ കഴിയുക. നിയമപരമായി ഒരു മണിക്കൂറിനുള്ളില്‍ അപ്പീല്‍ നല്‍കിയിരിക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍, വിധിനിര്‍ണയം മോശമാണെന്നു പറഞ്ഞാണ് പലരും അപ്പീല്‍ പോവുന്നത്. ഇതിനാല്‍, മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായ അപ്പീലുകള്‍ അംഗീകരിക്കില്ല.
പാലക്കാട്ട് 180 അപ്പീലുകളുണ്ടായിരുന്നത് നിരീക്ഷണസംഘം 25 ആയി വെട്ടിക്കുറച്ചു. നിരീക്ഷണത്തിനായി വിധികര്‍ത്താക്കളുടെ പേരും ഫോ ണ്‍ നമ്പരും അടക്കമുള്ള വിവരങ്ങള്‍ വിജിലന്‍സിനു കൈമാറും. ഡിപിഐയുടെ അനുമതിയില്ലാതെ ഒരു വിധികര്‍ത്താവിനെയും നിയമിക്കില്ല. കൂടാതെ ഏറ്റവും കൂടുതല്‍ അപ്പീലുകളുമായെത്തുന്ന സ്‌കൂളുകളുടെ വിവരം പരസ്യപ്പെടുത്തുമെന്നും ഡിപിഐ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക