|    Aug 17 Fri, 2018 5:20 pm
FLASH NEWS
Home   >  National   >  

കലൈഞ്ജര്‍ തമിഴകത്തിന്റെ ‘കലാകാരന്‍’

Published : 7th August 2018 | Posted By: afsal aph

77 തിരക്കഥകള്‍, കവിത, നാടകം, സിനിമ, പത്രപ്രവര്‍ത്തനം-തമിഴന്റെ മനം കീഴടക്കിയ കലാകാരനാണ് കരുണാനിധി. ഇരുപതാം വയസ്സില്‍ രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സ് കരുണാനിധിയെ സമീപിച്ചതോടെ സിനിമാ മേഖലയിലേക്ക് കാലെടുത്തുവച്ചു. ഈ സിനിമയില്‍ മുഖ്യ വേഷം ചെയ്ത എംജിആറുമായി സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എംജിആറിനെ ദ്രാവിഡന്‍ ആശയങ്ങളിലേക്കാകര്‍ഷിച്ചത് കരുണാനിധിയായിരുന്നു. തുടര്‍ന്ന് 77ഓളം സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. നിരവധി പുസ്തകങ്ങളും നാടകങ്ങളും ലേഖനങ്ങളും എഴുതിയ അദ്ദേഹം തമിഴ് സാഹിത്യത്തിന് നല്‍കിയ സംഭാവനകളും അതുല്യമാണ്. ‘കലാകാരന്‍’ എന്നര്‍ത്ഥം വരുന്ന ‘കലൈഞ്ജര്‍’ എന്ന വിശേഷണവും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി. പെരിയോരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു.
അറുപതാണ്ട് നീണ്ട സാംസ്‌കാരിക, സിനിമാ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എംജിആര്‍, ജയലളിത എന്നിവര്‍ക്കൊപ്പം കലൈഞ്ജറും തമിഴന്റെ മനം കീഴടക്കി.
തഞ്ചാവൂര്‍ ജില്ലയിലെ തിരുകൂവളൈയില്‍ പിന്നാക്ക സമുദായമായ ഇശയ വെള്ളാല വിഭാഗത്തില്‍ 1924 ജൂണ്‍ മൂന്നിനു ജനനം. ഇ.വി. രാമസ്വാമി പെരിയോറിന്റെ ശിഷ്യനായാണ് പൊതുപ്രവര്‍ത്തനം. പതിനാലാം വയസ്സില്‍ തമിഴ്‌നാട് തമിഴ് മാനവര്‍ മന്‍ട്രം പ്രവര്‍ത്തകനായി. 1949 ല്‍ സി.എന്‍. അണ്ണാദുരൈ ഡിഎംകെ സ്ഥാപിച്ചപ്പോള്‍ ഒപ്പംചേര്‍ന്നു.
മൂന്നു ഭാര്യമാരിലായി ആറു മക്കളാണ് കരുണാനിധിക്ക്. ആദ്യ ഭാര്യ പദ്മാവതി നേരത്തെ മരണമടഞ്ഞു. ഇതില്‍ മുത്തു എന്ന മകനുണ്ട്. രണ്ടാം ഭാര്യ ദയാലു അമ്മാളില്‍ അഴഗിരിക്കും സ്റ്റാലിനും പുറമെ തമിഴരശ്, ശെല്‍വി എന്നീ മക്കള്‍. മൂന്നാം ഭാര്യ രാസാത്തി അമ്മാളുടെ മകളാണു കനിമൊഴി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss