|    Nov 19 Mon, 2018 1:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കലൈഞ്ജര്‍ക്ക്‌ വിട

Published : 8th August 2018 | Posted By: kasim kzm

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കലൈഞ്ജര്‍ എം കരുണാനിധി (94) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകീട്ട് 6.30നായിരുന്നു അന്ത്യം. ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായത്. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വൈകീട്ട് 4.30ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
മരണവേളയില്‍ മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം കെ സ്റ്റാലിനും കുടുംബാംഗങ്ങളും നേതാക്കളും സമീപത്തുണ്ടായിരുന്നു. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ നൂറുകണക്കിന് അനുയായികളാണ് ആശുപത്രി പരിസരത്ത് തമ്പടിച്ചത്. ജൂലൈ 19ന് ശ്വസനതടസ്സം ഒഴിവാക്കുന്നതിന് കഴുത്തില്‍ ഘടിപ്പിച്ച ട്രക്കിയസ്റ്റമി ട്യൂബ് മാറ്റിസ്ഥാപിക്കാനുള്ള ശസ്ത്രക്രിയക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. നില മോശമായതിനെ തുടര്‍ന്ന് ജൂലൈ 29നാണ് കാവേരി ആശുപത്രിയിലേക്കു മാറ്റിയത്. രണ്ടു ദിവസം മുമ്പ് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാവുകയായിരുന്നു.
കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വന്‍തോതില്‍ പോലിസിനെ വിന്യസിച്ചു. ഇന്നു സംസ്ഥാനത്ത് അവധിയും ഒരാഴ്ചത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോപാലപുരത്തെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖരുടെ നിരതന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാഗപട്ടണം ജില്ലയിലെ തിരുകുവളെയില്‍ 1924 ജൂണ്‍ മൂന്നിന് പിന്നാക്കസമുദായമായ ഇശയ വെള്ളാള വിഭാഗത്തില്‍ ജനിച്ച മുത്തുവേല്‍ കരുണാനിധി ഇ വി രാമസ്വാമി(പെരിയോര്‍)യുടെ ശിഷ്യനായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പേര്. ചെറുപ്രായത്തിലേ നാടകത്തിലും സിനിമയിലും താല്‍പര്യം പ്രകടിപ്പിച്ച കരുണാനിധി, 14ാം വയസ്സു മുതല്‍ സാമൂഹികവിഷയങ്ങളില്‍ ഇടപെട്ടുതുടങ്ങി. തിരക്കഥ രചിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്കുള്ള പ്രവേശനം. 20ാമത്തെ വയസ്സില്‍ ജൂപിറ്റര്‍ പിക്‌ചേഴ്‌സില്‍ തിരക്കഥാകൃത്തായി ചേര്‍ന്നു. രാജകുമാരിയാണ് ആദ്യസിനിമ. കണ്ണമ്മ, മണ്ണിന്‍ മൈന്തന്‍, പരാശക്തി, പുതിയ പരാശക്തി, മന്ത്രികുമാരി, പാസ പറവൈകള്‍, പൂംപുഹാര്‍ തുടങ്ങി നിരവധി സിനിമകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്.
1949ല്‍ സി എന്‍ അണ്ണാദുരൈ ഡിഎംകെ സ്ഥാപിച്ചപ്പോള്‍ ഒപ്പം ചേര്‍ന്ന അദ്ദേഹം 1957ല്‍ കുളിത്തലൈയിലെ ആദ്യപോരാട്ടത്തില്‍ വിജയിച്ച് എംഎല്‍എയായി. 1961ല്‍ പാര്‍ട്ടി ഖജാഞ്ചിയായ കരുണാനിധി 1962ല്‍ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി. 1967ല്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ പൊതുമരാമത്തു മന്ത്രിയായി. 1969ല്‍ അണ്ണാദുരൈയുടെ നിര്യാണത്തെ തുടര്‍ന്ന് ഡിഎംകെ അധ്യക്ഷനും അതേവര്‍ഷം തന്നെ മുഖ്യമന്ത്രിയുമായി.
1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ വര്‍ഷങ്ങളിലായി അഞ്ചു തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി. കഴിഞ്ഞ ജൂലൈ 27ന് കരുണാനിധി പാര്‍ട്ടി അധ്യക്ഷനായതിന്റെ 50ാം വാര്‍ഷികമായിരുന്നു. നിരവധി കൃതികള്‍ കരുണാനിധി രചിച്ചിട്ടുണ്ട്. പത്മാവതി, ദയാലു അമ്മാള്‍, രാസാത്തി അമ്മാള്‍ എന്നിവരാണ് കരുണാനിധിയുടെ ഭാര്യമാര്‍. മുത്തു, അഴഗിരി, സ്റ്റാലിന്‍, തമിഴരശ്, സെല്‍വി, കനിമൊഴി എന്നിവരാണ് മക്കള്‍. മൃതദേഹം രാജാജി നഗറില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. അതേസമയം, സംസ്‌കാരസ്ഥലത്തെ ചൊല്ലി സര്‍ക്കാരും ഡിഎംകെയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss