|    Oct 20 Sat, 2018 1:20 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഇന്ന് ഫിഫ ഏറ്റെടുക്കും

Published : 25th September 2017 | Posted By: fsq

 

കൊച്ചി: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനുള്ള സ്‌റ്റേഡിയങ്ങള്‍ ഇന്നു കൈമാറും. പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിന് പുറമേ പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ട്, വെളി സ്‌റ്റേഡിയങ്ങളും ഇന്ന് ഫിഫയ്ക്ക് വിട്ടുനല്‍കുമെന്ന് നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. കലൂര്‍ സ്‌റ്റേഡിയത്തിലെയും പരിശീലന മൈതാനങ്ങളുടെയും ഫിഫ നിര്‍ദേശിച്ച പണികളെല്ലാം പൂര്‍ണമായിക്കഴിഞ്ഞു. ഫിഫയുടെ നിലവാരത്തില്‍ തന്നെയാണ് എല്ലാ സ്‌റ്റേഡിയങ്ങളും ഒരുക്കിയിരിക്കുന്നത്.  പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഫിഫ സംഘം കൊച്ചിയിലെ ഒരുക്കങ്ങളില്‍ പൂര്‍ണതൃപ്തി പ്രകടിപ്പിച്ചു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന്  തീര്‍ത്തും ലളിതമായ ചടങ്ങിലാണ് സ്റ്റേഡിയം കൈമാറുന്നത്. അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ രാജ്യത്തെ വേദികളുടെ ചുമതല വഹിക്കുന്ന (വെന്യൂ ഓപ്പറേഷന്‍സ് മാനേജര്‍) റോമ ഖന്നയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു 11.30ന് കലൂര്‍ സ്‌റ്റേഡിയത്തിലെത്തി ചടങ്ങില്‍ പങ്കെടുക്കുമെന്നും  മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇവര്‍ക്ക് പുറമേ കായിക വകുപ്പിന്റെ പ്രതിനിധികളും ചടങ്ങിലുണ്ടാകും. ഹൈക്കോടതി വിധി പ്രകാരം ഫിഫ സംഘം എത്തുന്നതിനു മുമ്പ് കലൂര്‍ സ്‌റ്റേഡയം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളോട് ഒഴിഞ്ഞുപോകുവാന്‍ ജിസിഡിഎ നിര്‍ദേശം നല്‍കിയിരുന്നു. ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെയുള്ള ഐടി മേഖലയിലെ സ്ഥാപനങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പെ സ്റ്റേഡിയത്തില്‍ നിന്ന് പിന്മാറിയിരുന്നു. ശേഷിക്കുന്നവര്‍ക്കൂടി ഇന്ന് ഒഴിയുന്നതോടെ സ്റ്റേഡിയവും പരിസരവും പൂര്‍ണമായും ഫിഫയുടെ നിയന്ത്രണത്തിലാകും. നേരത്തേ കഴിഞ്ഞ 15ന് സ്‌റ്റേഡിയം ഫിഫയ്ക്കു കൈമാറാനായിരുന്നു അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍,  കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കട ഉടമകള്‍ ഒഴിയാനുള്ള നോട്ടീസിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഇരു ഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി 25നു മുന്‍പ് കടകള്‍ ഒഴിയാന്‍ നിര്‍ദേശിച്ചു. വ്യാപാരികള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ജിസിഡിഎ 25 ലക്ഷം രൂപ എറണാകുളം ട്രഷറിയില്‍ നിക്ഷേപിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇന്നു സ്‌റ്റേഡിയങ്ങള്‍ കൈമാറുന്നതോടെ പരിശീലന മൈതാനങ്ങളുടെ നിയന്ത്രണങ്ങളുടെ പൂര്‍ണ അധികാരം ഫിഫയുടെ മാത്രമാകും. ലോകകപ്പ് അവസാനിക്കുംവരെ ഇതു തുടരുകയും ചെയ്യും. അണ്ടര്‍ 17 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങള്‍ക്കാണു കൊച്ചി വേദിയൊരുക്കുന്നത്. മുന്‍ലോക ചാംപ്യന്മാരായ ബ്രസീല്‍, അണ്ടര്‍ 17 ലോകകപ്പില്‍ മൂന്ന് വട്ടം ഫൈനല്‍ കളിച്ച സ്‌പെയിന്‍, ഉത്തര കൊറിയ, നൈജര്‍ എന്നീ ടീമുകളാണ് കൊച്ചിയില്‍ ബൂട്ട്‌കെട്ടുന്നത്. കൊച്ചിയിലെ ആദ്യമല്‍സരം ഒക്‌ടോബര്‍ ഏഴിനാണ്. ഗ്രൂപ്പ് മല്‍സരങ്ങള്‍ക്ക് പുറമേ ജര്‍മനി ഗിനിയ മത്സരവും കൊച്ചി സ്‌റ്റേഡിയത്തില്‍ നടക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ക്കു ശേഷം ഒന്നു വീതം പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്. ഇന്നലെ നടന്ന സ്‌റ്റേഡിയത്തിലെ വായു നിലവാര പരിശോധനയില്‍ ഫിഫ സംതൃപ്തി പ്രകടിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss