|    Oct 16 Tue, 2018 11:58 am
FLASH NEWS

കലിയടങ്ങി കടല്‍; ഭീതി മാറാതെ തീരദേശവാസികള്‍സ്വന്തം പ്രതിനിധി

Published : 5th December 2017 | Posted By: kasim kzm

പൊന്നാനി: നാലുദിവസമായി തുടരുന്ന കടലാക്രമണത്തിന് ഇന്നലെ ശമനമായെങ്കിലും കടലോരവാസികള്‍ക്ക് ഇപ്പോഴും ഭീതിയൊഴിഞ്ഞില്ല. തകര്‍ന്ന റോഡുകളും കടലെടുത്ത തീരവും നഷ്ടപ്പെട്ട വീടുകളെയും കുറിച്ചോര്‍ക്കുമ്പോള്‍ സമാധാനത്തോടെ ഉറങ്ങാന്‍പോലും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. നഷ്ടങ്ങളുടെ കണക്കുകള്‍ ഇനിയും ഔദ്യോഗികമായി തിട്ടപ്പെടുത്തിയിട്ടില്ല.
തിട്ടപ്പെടുത്തിയാല്‍ തന്നെ നാമമാത്രമായ തുകയാണ് ഇവര്‍ക്കു ലഭിക്കുക. കാരണം, കടലാക്രമണം പ്രകൃതി ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്നതുതന്നെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു കുറഞ്ഞ തുകയാണ് ഇവര്‍ക്കു നഷ്ടപരിഹാരമായി ലഭിക്കുക. മുമ്പുണ്ടായ കടലാക്രമണത്തില്‍തന്നെ എല്ലാംപോയ കുടുംബങ്ങളാണു പലരും. വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇപ്പോഴും പകരം താമസിക്കാനിടങ്ങള്‍ ലഭിച്ചിട്ടില്ല. ദുരിതം വിതച്ചാല്‍ എല്ലാരും വരും. പിന്നെ ഞങ്ങളെ എല്ലാരും മറക്കും… നിറകണ്ണുകളോടെയാണു കടലാക്രമണത്തില്‍ സ്വന്തംകൂര നഷ്ടമായ കുട്ട്യാമാക്കാന കത്ത് ഫാത്തിമ തന്റെ ദുരിതം വിവരിച്ചത്. തങ്ങള്‍ ഇനി എങ്ങനെ ജീവിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഒരേക്കറിലധികം ഭൂമി കടലെടുത്തിട്ടുണ്ട്. പലരും വീട് വയ്ക്കുമ്പോള്‍ കടല്‍ കാഴ്ചയ്ക്കും അപ്പുറമായിരുന്നു. ഇപ്പഴാവട്ടെ കടല്‍ കവര്‍ന്നത് വിടും ഭൂമിയും മാത്രമല്ല, സ്വപ്‌നങ്ങളും കൂടിയാണ്.
കടല്‍ഭിത്തി നിര്‍മാണം മാറി മാറി വരുന്ന ഭരണകര്‍ത്താക്കളുടെ പൊള്ളയായ വാഗ്ദാനമാണെന്നാണ് കടലോരവാസികള്‍ പറയുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ അതീവ ഗുരുതര പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചിരുന്നെങ്കിലും, ഇതൊന്നും യാഥാര്‍ഥ്യമായില്ല. ട്രോളിങ് നിരോധനത്തിനു ശേഷം കടലിലിറങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ പലപ്പോഴും ഒഴിഞ്ഞ വലയുമായാണ് കരയിലെത്തിയിരുന്നത്.
ഇതിനിടയിലാണ് അപ്രതീക്ഷിതമായി എത്തിയ പ്രകൃതിദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ കണ്ണീര്‍ക്കയത്തിലായത്. പുനരധിവാസ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമല്ലാത്തതുമൂലം തീരദേശവാസികളുടെ സങ്കടങ്ങള്‍ക്കും അറുതിയില്ല. ഓരോ കടലാക്രമണത്തിനും നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം ബാക്കിയാവുമ്പോഴും സര്‍ക്കാര്‍ സഹായങ്ങളും നാമമാത്രമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss