|    Oct 21 Sun, 2018 7:32 pm
FLASH NEWS

കലിതുള്ളി നിറഞ്ഞൊഴുകി കാലവര്‍ഷം

Published : 19th September 2017 | Posted By: fsq

 

മലപ്പുറം/എടക്കര/കൊണ്ടോട്ടി: ജില്ലയില്‍ ശക്തമായി തുടരുന്ന മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇന്നലെയും തുടര്‍ന്നു. വീടുകള്‍ക്കകത്ത് വെള്ളം കയറിയും മരംപൊട്ടി വീണ് വീടുകള്‍ തകര്‍ന്നും നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. പലയിടങ്ങളിലും റോഡുകളില്‍ വെള്ളം കയറി. മലയോര മേഖലയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ മഴയില്‍ വഴിക്കടവ് നാടുകാണിച്ചുരം മണ്ണിടിഞ്ഞ് അപകട ഭീഷണിയിലായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് മക്കരപറമ്പ് കുറുവ റോഡില്‍ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം പ്രയാസത്തിലായി. നാറാണത്ത് പടിപ്പുരയില്‍ 36 വീടുകളിലേക്ക് വെള്ളംകയറി.എടക്കര പോത്തുകല്ലില്‍ ശക്തമായ കാറ്റില്‍ മരം പൊട്ടിവീണ് കോളനിയിലെ വീട് ഭാഗികമായി തകര്‍ന്നു. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി ഇരുട്ടുകുത്തി കോളനിയിലെ പാലന്‍ വെള്ളന്റെ വീടാണ് തകര്‍ന്നത്. ഞായറാഴ്ച വൈകിട്ട് ആഞ്ഞുവീശിയ കാറ്റിലാണ് കോളനി വീടുകള്‍ക്ക് ഭീഷണിയായി നിന്നിരുന്ന മരം പൊട്ടിവീണത്. ഭാഗ്യം തുണച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. പാലന്‍ വെള്ളന്റെ വീടിന്റെ ടെറസിനും ചുമരുകള്‍ക്കും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. വാതില്‍ കട്ടിലകള്‍ തെന്നിമാറി. വീടിനോട് ചേര്‍ന്ന് ഇറക്കിക്കെട്ടിയ ഭാഗം പാടെ തകര്‍ന്നു. മൂന്ന് വര്‍ഷത്തോളമായി ശരീരം തളര്‍ന്ന് കിടപ്പിലായ പാലന്‍ വെള്ളനും ചെറിയ കുട്ടികളും ഉള്‍പ്പെടുന്ന കുടുംബമാണ് വീട്ടില്‍ കഴിയുന്നത്. കോളനിയിലെ വീടുകള്‍ക്ക് അപകടഭീഷണിയുയര്‍ത്തി നിരവധി മരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വീടിന്  മുകളിലേക്ക് പടര്‍ന്ന് കിടക്കുന്ന മരശിഖരങ്ങള്‍ യഥാസമയം വെട്ടിമാറ്റുന്നതില്‍ വനം വകുപ്പ് അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കോളനിവാസികള്‍ പറയുന്നു. വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് ഇരുട്ടുകുത്തി കോളനി സ്ഥിതി ചെയ്യുന്നത്. എന്നാല്‍, മരം വീണ് വീടിന് കേടുപാട് പറ്റിയിട്ടും സ്ഥലം ചെന്ന് നോക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ മറ്റോ തയാറായില്ലെന്ന് ആരോപണമുണ്ട്. തിങ്കളാഴ്ച വാര്‍ഡ് അംഗം രവിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ചാണ് വീടിന് മുകളില്‍ നിന്ന് മരക്കൊമ്പുകള്‍ വെട്ടിമാറ്റിയത്. കനത്ത മഴയെ തുടര്‍ന്ന് വഴിക്കടവ് ആനമറിയില്‍ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ സുരക്ഷാ ഭീഷണിയിലായി. ആനമറിയിലെ പുഴച്ചിനിപ്പാറ സീനത്തിന്റെ വീടിന്റെ അടുക്കള ഭാഗം മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്നു. വീടിന് മുകളിലായി താമസിക്കുന്ന മാട്ടുമ്മല്‍ കാളിയുടെ വീണ് ഏത് നിമിഷവും തകര്‍ന്ന് വീഴുമെന്ന നിലയിലാണ്. മഴയില്‍ മണ്ണിടിഞ്ഞ് കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ് മേഖലയില്‍ വീടുകള്‍ അപകട ഭീഷണിയിലായി. കൊണ്ടോട്ടി നഗരസഭ 37-ാം വാര്‍ഡ് കാഞ്ഞിരപ്പറമ്പ് മുതുവോട്ട്-പാണാളില്‍ മേഖലയിലാണ് മണ്ണിടിഞ്ഞത്.അപകടത്തെ തുടര്‍ന്ന് മുതുവോട്ട് ജാനകിയുടെ വീട് അപകട ഭീതിയിലായി. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം. മുതുവോട്ട് ജാനകി, മുതുവോട്ട് സ്വാമി എന്നിവരുടെ സ്ഥലമതിര്‍ത്തിയിലാണ് 30 അടിയോ—ളം താഴ്ചയിലേക്ക് മണ്ണിടിഞ്ഞത്. ജാനകിയുടെ വീട്, കുളിമുറി, വിറക് പുര തുടങ്ങിയവ അപകട ഭീഷണിയിലാണ്. താഴ്ഭാഗത്തുളള വീടിന് സമീപത്തേക്ക് മരങ്ങള്‍ കടപുഴകി. പദേശത്ത് മറ്റിടങ്ങളിലും വിളളല്‍ കാണുന്നതായി പ്രദേശ വാസികള്‍ പറഞ്ഞു.താഴ്ഭാഗത്ത് വീടുകളും മദ്രസയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്കുളള ആളുകളും വിദ്യാര്‍ത്ഥികളും പോകുന്ന വഴിയിലേക്കാണ് മരങ്ങള്‍ നിലം പൊത്തിയത്. വീടിന് പിറക് വശത്തെ പ്ലാവുകള്‍ കടപുഴകി വീണ് ആദ്യം മണ്ണിടിച്ചിലുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. പിന്നീട് ഇന്നലെ പുലര്‍ച്ചെയും മണ്ണിടിച്ചിലും പടുമരങ്ങള്‍ നിലം പൊത്തുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന വൈദ്യുത തൂണും മണ്ണിനടയിലായി. കുടിവെളള വിതരണ പൈപ്പും തകര്‍ന്നു. അപടകത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശം വില്ലേജ്, നഗരസഭ അധികൃതര്‍ സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss