|    Jan 16 Mon, 2017 4:46 pm

കലാ- കായിക അധ്യാപക നിയമനം: സര്‍ക്കാര്‍ തീരുമാനത്തില്‍ അവ്യക്തത: ഉദ്യോഗാര്‍ഥികള്‍

Published : 11th September 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കലാ, കായിക, പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അവ്യക്തതയെന്ന് ഉദ്യോഗാര്‍ഥികള്‍. വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേ ര്‍ന്ന ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നൂറില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന 838 ഗവ. യുപി സ്‌കൂളുകളില്‍ 2,500 കലാ, കായിക, പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കാന്‍ തീരുമാനമെടുത്തത്.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കരാറടിസ്ഥാനത്തിലാവും നിയമിക്കുക. ഇങ്ങനെ നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 29,000 രൂപ ശമ്പളം ലഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍, മൂന്നാഴ്ച കഴിഞ്ഞിട്ടും നിയമനം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പില്‍നിന്ന് യാതൊരു ഉത്തരവും ഇറക്കിയിട്ടില്ല. സ്‌കൂളുകളിലെ തസ്തിക സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഓരോ സ്‌കൂളുകളിലും ആര്‍ട്ട്, മ്യൂസിക്, ഡാന്‍സ്, ഡ്രാമ എന്നീ തസ്തികകളാണ് നിലവിലുള്ളത്. ഇവയെല്ലാം ഒഴിഞ്ഞുകിടക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഏതൊക്കെ തസ്തികകളിലേക്കാണ് നിയമനം നല്‍കുകയെന്നതിലും വ്യക്തതയുണ്ടായിട്ടില്ല.
വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉത്തരവു വരാത്തതുമൂലം ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 6,000ഓളം കലാ, കായിക, പ്രവൃത്തിപരിചയ അധ്യാപകരുടെ ഒഴിവുകളാണുള്ളത്. കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടിലും ഈ കണക്കാണുള്ളത്. കലാ, കായിക പഠനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 4,065 അധ്യാപകരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കണമെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ നിയമനനടപടികള്‍ ആരംഭിക്കാന്‍ പോവുന്നത്. എന്നാല്‍, എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തെക്കുറിച്ച് സര്‍ക്കാര്‍ യാതൊന്നും പറയുന്നില്ല. പുതിയ തീരുമാനപ്രകാരം നിയമനം നടത്തിയാല്‍പ്പോലും സ്‌കൂളുകളില്‍ 3,500 അധ്യാപകരുടെ ഒഴിവുകള്‍ വീണ്ടും ശേഷിക്കും. പുതിയ കലാ, കായിക അധ്യാപകരെ ഒക്‌ടോബറോടെ നിയമിക്കാമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കിയിരിക്കുന്ന ഉറപ്പ്. എസ്എസ്എ ഫണ്ട് ഉപയോഗിച്ച് കേരളത്തില്‍ കലാ, കായിക അധ്യാപകരെ നിയമിക്കാനായിരുന്നു കേന്ദ്രനിര്‍ദേശം.
എന്നാല്‍, 2010 മുതല്‍ കേരളത്തിന് അനുവദിച്ചിരുന്ന കോടികളുടെ എസ്എസ്എ ഫണ്ട് നിയമനം നടക്കാത്തതുമൂലം പാഴായിപ്പോവുകയായിരുന്നു. 2010-11ല്‍ 28 കോടി രൂപയും 2011-12ല്‍ 84.02 കോടിയും 2015- 16ല്‍ 88.53 കോടിയുമാണ് കേന്ദ്രം കലാ-കായിക-പ്രവൃത്തിപരിചയ അധ്യാപകര്‍ക്കായി അനുവദിച്ചത്.
ചില വര്‍ഷങ്ങളില്‍ തസ്തികയില്ലാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടമായ അധ്യാപകരെ സംരക്ഷിക്കുന്നതിനായി ഈ തുക വകമാറ്റി ചെലവഴിക്കുകയും ചെയ്തു. ഈ അധ്യയനവര്‍ഷം 95 കോടി രൂപ ഇവര്‍ക്ക് ശമ്പളവും ആനുകൂല്യവും നല്‍കുന്നതിനായി അനുവദിച്ചിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാവും നിയമനനടപടികള്‍. 1987 മുതലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കലാ, കായിക, പ്രവൃത്തിപരിചയ അധ്യാപകരുടെ നിയമനം അനിശ്ചിതത്വത്തിലായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക