|    Oct 20 Sat, 2018 12:16 pm
FLASH NEWS

കലാസൃഷ്ടിയില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വയ്ക്കരുത്: സതീഷ് ബാബുസേനന്‍

Published : 7th December 2015 | Posted By: SMR

തിരുവനന്തപുരം: എന്തുകാണണം, എന്തുകാണേണ്ട എന്ന് തിരഞ്ഞെടുക്കാനുളള വിവേചന സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കുള്ളപ്പോള്‍ സംവിധായകര്‍ ത്യാഗത്തോടെ രൂപപ്പെടുത്തുന്ന കലാസൃഷ്ടിയിന്മേല്‍ കത്രിക വയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമില്ലെന്ന് സംവിധായകന്‍ സതീഷ് ബാബുസേനന്‍. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ ടഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മല്‍സരവിഭാഗത്തിലെ ‘ചായം പൂശിയ വീടി’ന്റെ സംവിധായകരില്‍ ഒരാളായ അദ്ദേഹം.
മൂന്ന് നഗ്നരംഗങ്ങളുണ്ടെന്ന പേരില്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ചിത്രത്തിന് മേളയില്‍ മാത്രമാണ് പ്രദര്‍ശനത്തിനുള്ള അവസരം ലഭിച്ചത്. ഗോവന്‍ ചലച്ചിത്രമേളയില്‍ അവസരം ലഭിച്ചില്ല. സംവിധായകരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ സമൂഹം മാനിക്കണമെന്നും സതീഷ് വ്യക്തമാക്കി.മനുഷ്യരുടെ ബാഹ്യആന്തരിക ചിന്തകളുടെ ബന്ധത്തെ അനാവരണം ചെയ്യുന്നതിനുള്ള ശ്രമമാണ് ചായം പൂശിയ വീടെന്ന് സംവിധായകരില്‍ മറ്റൊരാളായ സന്തോഷ് ബാബുസേനന്‍ പറഞ്ഞു. സിനിമകള്‍ ഓണ്‍ലൈനില്‍ സജീവമാകുന്ന സാഹചര്യത്തിലാണ് പ്രതീക്ഷ. ഓണ്‍ലൈന്‍ സിനിമകള്‍ക്ക് സെന്‍സര്‍ മാനദണ്ഡങ്ങളെ ഭയക്കേണ്ടതില്ല. കടുത്ത സെന്‍സര്‍ഷിപ്പിനെതിരെ ശബ്ദിക്കാന്‍ സിനിമാ ലോകം ഒന്നടങ്കം മുന്നിട്ടിറങ്ങണമെന്നും അതിനുള്ള ചവിട്ടുപടിയാണ് തങ്ങളുടെ സിനിമയെന്നും അദ്ദേഹം വ്യക്തമാക്കി.ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണ് ചായംപൂശിയ വീടെന്ന് നടന്‍ അക്രം മുഹമ്മദ് പറഞ്ഞപ്പോള്‍ നായികയായ നേഹാ മഹാജന്‍ സ്ത്രീത്വത്തിന്റെ ആഘോഷമാണ് ചിത്രമെന്ന് അഭിപ്രായപ്പെട്ടു. മലയാളം സിനിമയെ പശ്ചാത്തലമാക്കി കെ ടി ഷാഹുല്‍ ഹമീദ് രചിച്ച പത്തോളം കഥകളുടെ സമാഹാരമായ താരങ്ങള്‍ വെടിയേറ്റുവീണ രാത്രി എന്ന പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ് നാഥ് പ്രകാശനം ചെയ്തു. സംവിധായകനും അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ ടി കെ രാജീവ് കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഐഡി സംവിധായകന്‍ കെ എം കമലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഗ്രാമാന്തരീക്ഷത്തിന്റെ
ഗൃഹാതുരത്വവുമായി ടാഗോര്‍ തിയേറ്റര്‍ പരിസരം
തിരുവന്തപുരം: ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു നാടന്‍ ചായക്കടകള്‍. എല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് വിശേഷങ്ങള്‍ പങ്കുവയ്ക്കാനും ചര്‍ച്ചകള്‍ക്കും കൊച്ചുവര്‍ത്തമാനങ്ങള്‍ക്കുമുള്ള ഈ ഇടങ്ങള്‍ ഗ്രാമാന്തരീക്ഷം സഹിതം പുനസൃഷ്ടിക്കപ്പെട്ടിരിക്കുകയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്റര്‍ വളപ്പില്‍. ഈറയിലുള്ള അഴികള്‍ക്കിടയിലൂടെ നോക്കിയാല്‍ കണ്ണാടിപ്പെട്ടികളില്‍ നിറഞ്ഞിരിക്കുന്ന പലഹാരങ്ങളുണ്ട്. സൊറ പറഞ്ഞിരിക്കാന്‍ ചായയും കിട്ടും. ഓലപ്പുരയും സിനിമാ പോസ്റ്ററുകള്‍ പതിച്ച കാളവണ്ടിയും സൈക്കിളിലെ ഫിലിം പെട്ടിയും കിണറുമെല്ലാം ചേര്‍ന്ന് പുത്തന്‍ സിനിമാസ്വാദകരുടെ ഹൃദയത്തില്‍ പഴയ നാട്ടിന്‍പുറത്തിന്റെ ദൃശ്യങ്ങള്‍ വരച്ചിടുന്നു. പഴയതലമുറയില്‍പ്പെട്ടവര്‍ക്ക് അന്നത്തെ സിനിമാ പശ്ചാത്തലത്തിന്റെ മധുരമായ ഓര്‍മകളും ഈ സങ്കേതം സമ്മാനിക്കുന്നു. പഴയകാല സിനിമാ കൊട്ടകയുടെ മാതൃകയില്‍ തീര്‍ത്ത ചിത്രമാലിക ടാക്കീസിലാണ് ഡെലിഗേറ്റ് സെല്ലിന്റെ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ഇരുപതാണ്ടിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന മേളയുടെ ഓരോ വര്‍ഷത്തെ ലോഗോയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കിഴക്കേക്കോട്ടയിലെ കവാടത്തിന്റെ മാതൃകയാണ് പ്രധാനവേദിയായ കനകക്കുന്നിന്റെ മുന്നിലുള്ളത്. ഗ്രാമാന്തരീക്ഷത്തേയും ആവേശത്തേയും സിനിമാസ്വാദകരുടെ മനസ്സിലേക്കെത്തിക്കുന്നതിന്റെ ശ്രമമാണ് ഇതിനു പിന്നിലെന്ന് ചുക്കാന്‍ പിടിച്ച ഹൈലേഷ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss