|    May 29 Mon, 2017 5:49 am
FLASH NEWS

കലാശാലാ മ്യൂസിയം: ആമ്പല്ലൂരില്‍ നിന്നും കൊണ്ടോട്ടിയില്‍ നിന്നും പൈതൃകസാമഗ്രികള്‍

Published : 10th August 2016 | Posted By: SMR

തൃശൂര്‍: മലയാളസര്‍വകലാശാലയുടെ നിര്‍ദ്ദിഷ്ട പൈതൃക മ്യൂസിയത്തിലേക്ക് എറണാകുളം ആമ്പല്ലൂരിലെ ജെപി മേനോന്‍, മലപ്പുറം കൊണ്ടോട്ടിയിലെ മുഹമ്മദ് ഷാ മാസ്റ്റര്‍ എന്നിവര്‍ രാജഭരണകാലത്തേതടക്കമുള്ള ഒട്ടേറെ പരമ്പരാഗത സാമഗ്രികള്‍ സംഭാവനയായി നല്‍കി.
രജിസ്ട്രാര്‍ ഡോ. കെ എം ഭരതന്‍, സംസ്‌കാരപൈതൃക പഠനവിഭാഗത്തിലെ  േഡാ. ജി സജിന, ഡോ. പി സതീഷ്, മ്യൂസിയം പ്രോജക്ട് അസിസ്റ്റന്റ് ടി ടി കെ മനോജ് എന്നിവര്‍ ഇരുവരുടെയും വീടുകളിലെത്തി ഇവ ഏറ്റുവാങ്ങി.
പരമ്പരാഗത ജ്യോത്സ്യകുടുംബത്തിലെ അംഗമായ കോറോത്ത് വീട്ടിലെ മേനോന്റെ ശേഖരത്തിലുണ്ടായിരുന്ന കൊച്ചി രാജവംശത്തിന്റെ മുദ്രകളുള്ള ആധാരങ്ങളും പട്ടയങ്ങളും മുദ്രപത്രങ്ങളും ഗ്രന്ഥവരികളുമാണ് മ്യൂസിയത്തിലേക്ക് നല്‍കിയത്. താളിയോലയിലും വരിയോലയിലുമുള്ള പുരാരേഖകള്‍, പഞ്ചാംഗം, വസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള നെട്ടൂര്‍പെട്ടി, പുത്തന്‍ എന്നറിയപ്പെട്ടിരുന്ന നാണയങ്ങള്‍, ഒറ്റത്തടിയില്‍ തീര്‍ത്ത മരപ്പാത്തിയും മരികയും. ചൂരലില്‍ തീര്‍ത്ത താളിയോലകള്‍ സൂക്ഷിക്കാനുള്ള വല്ലം, അഞ്ചല്‍ രശീതുകള്‍, യോഗക്ഷേമസഭയുടെ പഴയ ലോട്ടറി ടിക്കറ്റ് തുടങ്ങിയവയെല്ലാം മേനോന്‍ മ്യൂസിയത്തിന് നല്‍കിയ ശേഖരത്തിലുണ്ട്.
ഷാ മാസ്റ്ററുടെ ശേഖരത്തില്‍ നിന്നും വൈദ്യന്‍മാര്‍ ഉപയോഗിച്ചിരുന്ന ചെല്ലപ്പെട്ടി, സാളഗ്രാമങ്ങള്‍, പഴയ മലബാറിലെ വിവിധ നാണയങ്ങള്‍, മാന്‍കൊമ്പില്‍ തീര്‍ത്ത പിടിയും തോലുറയുമായി മലപ്പുറം കത്തി, പണ്ടുകാലത്ത് വജ്രത്തിന്റെ ഗുണമേന്മ നോക്കാനുപയോഗിച്ചിരുന്ന മെഴുക് തുടങ്ങി ഒട്ടേറെ സാധനങ്ങള്‍ സംഭാവനയായി നല്‍കുകയുണ്ടായി.
പരമ്പരാഗതവും പുരാതനവുമായ കേരളീയജീവിതവും ചരിത്രവും പൈതൃകവും ദൃശ്യവത്കരിക്കൂന്ന ഒട്ടനവധി സാമഗ്രികളുമായി സര്‍വകലാശാലയുടെ പൈതൃകമ്യൂസിയം ഉദ്ഘാടനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day