|    May 25 Fri, 2018 6:46 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കലാശാലകളില്‍ അക്രമവാഴ്ച

Published : 16th November 2016 | Posted By: SMR

നിവേദിത  മേനോന്‍

ആര്‍എസ്എസും എബിവിപിയും- 2

സൈനികരുടെ റിക്രൂട്ട്‌മെന്റില്‍ നടക്കുന്ന അഴിമതികള്‍ നാം ചോദ്യം ചെയ്യാറില്ല. താഴ്ന്ന സൈനിക റാങ്കിലുള്ളവര്‍ക്ക് ഉയര്‍ന്ന ഓഫിസര്‍മാരുടെ വീട്ടുജോലി എടുക്കേണ്ടിവരുന്നതിനെക്കുറിച്ചോ അവരുടെ അസംതൃപ്തിയെക്കുറിച്ചോ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാറുമില്ല. 2015ല്‍ വിമുക്തഭടന്മാരുടെ സംഘടനയായ വോയ്‌സ് ഓഫ് എക്‌സ് സര്‍വീസ്‌മെന്‍ സൊസൈറ്റി ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു: സായുധസേനയുടെ സേവനവിഭാഗത്തിലുള്ള വിവേചന സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് അതിലൊന്ന്. ഉദാഹരണത്തിന്, ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ (എഡബ്ല്യുഎച്ച്ഒ) പദ്ധതിയില്‍ ഓഫിസര്‍മാര്‍ക്കും താഴെക്കിടയിലുള്ള സൈനികര്‍ക്കും വെവ്വേറെ സ്ഥലത്താണ് വീടുകള്‍ നിര്‍മിച്ചത്. ചെലവിലും വലുപ്പത്തിലും ഒരേപോലുള്ള വീടുകളാണെങ്കിലും ഉയര്‍ന്ന റാങ്കിലുള്ളവരില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് താഴെ റാങ്കിലുള്ളവരുടെ വീടുകള്‍ വേറെ സ്ഥലത്തു നിര്‍മിച്ചത്. സൈന്യത്തിലെ സേവനദാരി വ്യവസ്ഥ റദ്ദാക്കാനും അവര്‍ ആവശ്യപ്പെട്ടിരുന്നു. സൈനികരുടെ ജോലി യുദ്ധം ചെയ്യലാണ്; വീട്ടുവേലയെടുക്കലല്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു. സൈന്യത്തെ കോളനിവല്‍ക്കരണകാലത്തെ വിവേചനസമ്പ്രദായത്തില്‍ നിന്ന് മുക്തമാക്കി അമേരിക്കന്‍ സൈന്യത്തെപ്പോലെ ആധുനികവല്‍ക്കരിക്കാനും അവര്‍ ആവശ്യപ്പെട്ടിരുന്നു. സൈന്യത്തിലുള്ള എല്ലാതരം വിവേചനങ്ങളും ഒഴിവാക്കണം. ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിലടക്കം വിവിഐപികള്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന ഇല്ലാതാക്കണം. സൈന്യത്തില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് താഴെക്കിടയിലുള്ള സൈനികര്‍ക്ക് ഭയമേതുമില്ലാതെ പരാതിപ്പെടാന്‍ സാധിക്കുമാറ് നിയമം കൊണ്ടുവരണമെന്നും അവരുടെ ആവശ്യങ്ങളുടെ പട്ടികയിലുണ്ടായിരുന്നു.
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ ജീവനുപോലും ഭീഷണിയാവുന്ന വിധത്തില്‍ ഗുണനിലവാരമില്ലാത്ത യുദ്ധോപകരണങ്ങള്‍ വാങ്ങിയതിലുള്ള അഴിമതിയെക്കുറിച്ചുപോലും അന്വേഷണം നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ജവാന്‍ ഹനുമന്തപ്പ സിയാചിനില്‍ കൊല്ലപ്പെട്ടത് എന്തുകൊണ്ടാണെന്നോ ഇന്ത്യയിലെയും പാകിസ്താനിലെയും നിരവധി സൈനികര്‍ക്ക് മഞ്ഞുപ്രദേശത്ത് ജീവന്‍ നഷ്ടപ്പെടാനിടയായത് എന്തുകൊണ്ടാണെന്നോ ആരും തിരക്കിയിട്ടില്ല. 2000ല്‍ പരം ഇന്ത്യ-പാക് സൈനികരാണ് 1984ന് ശേഷം സിയാചിനില്‍ ഇത്തരത്തില്‍ മരിച്ചത്.
സിയാചിന്‍ വിഷയത്തില്‍ മുമ്പ് നിരവധി ചര്‍ച്ചകള്‍ നടന്നതാണ്. എന്നാല്‍ ന്യൂഡല്‍ഹിയിലും ഇസ്‌ലാമാബാദിലുമുള്ള നേതൃത്വത്തിന്റെ പരസ്പരവിശ്വാസമില്ലായ്മയാണ് തടസ്സമായത്. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ ഇരകളാവുന്നത് സൈനികരാണ്. ഈ മഞ്ഞുമലകളില്‍ ഇനിയും വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുന്നത് അഭികാമ്യമാണോ?
സാധാരണക്കാരന്‍ സൈന്യത്തില്‍ ചേരുന്നത് ഉപജീവനത്തിനുവേണ്ടിയാണ്. ഉറി ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷം ആകാശ് ജോഷി എഴുതിയത് ഇങ്ങനെയാണ്: ”ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അധികവും പാവപ്പെട്ടവരാണ്. അവരില്‍ ഏഴുപേര്‍ പാചകക്കാരായിരുന്നു. അവരുടെ പ്രവൃത്തിയാണോ അവരെ മരണത്തിലേക്ക് നയിച്ചത്? അവര്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത പ്രശ്‌നത്തില്‍ അവര്‍ ഇരകളായതെന്തുകൊണ്ടാണ്? യാതൊരു അഗ്നിശമനസംവിധാനവുമില്ലാത്ത കൂടാരങ്ങളില്‍ ഉറിയിലെ മിക്ക സൈനികരും കിടക്കേണ്ടിവന്നത് എന്തുകൊണ്ടാണ്? കൊല്ലപ്പെട്ട ജവാന്‍ ബിശ്വജിത്ത് ഗോറയുടെ പിതാവ് ചോദിച്ചതുപോലെ, അദ്ദേഹത്തിന്റെ 22കാരനായ മകനെ സൈന്യത്തില്‍ ചേര്‍ന്ന് 26 മാസം ആവുന്നതിനു മുമ്പ് ഇത്ര അപകടകരമായ സ്ഥലത്ത് നിയമിച്ചതെന്തിനാണ്? പത്താന്‍കോട്ട് ആക്രമണത്തിനുശേഷം അധികനാള്‍ കഴിയുന്നതിനു മുമ്പുതന്നെ സൈന്യത്തിന്റെ മര്‍മസ്ഥാനം ആക്രമിക്കാന്‍ ഭീകരര്‍ക്ക് സാധ്യമായതെങ്ങനെയാണ്?”
സായുധസേനയില്‍ സൈനിക ഉദ്യോഗസ്ഥരുടെ ഭീമമായ ഒഴിവ് നിലനില്‍ക്കുന്നതിന് കാരണമെന്താണെന്ന് അതിദേശഭക്തരായ രാജ്യസ്‌നേഹികള്‍ക്കു പറയാന്‍ സാധിക്കുമോ? ഈ ഒഴിവുകള്‍ നികത്താന്‍ ശരിയായ രാജ്യസ്‌നേഹികളായ അര്‍ണബ് ഗോസ്വാമിക്കും എബിവിപിക്കാര്‍ക്കും കഴിയുമോ? (സൈനികരുടെ മാസാന്തവേതനം അര്‍ണബ് ധരിക്കുന്ന ആഡംബര കോട്ടിന്റെ വിലയേക്കാള്‍ കുറവാണെന്നത് മറ്റൊരു കാര്യം). സൈനികരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനും പുതിയ ആളുകളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി ദേശീയ സര്‍ക്കാരിന്റെ പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ എന്തു നടപടികളാണ് സ്വീകരിച്ചത്?
ആര്‍എസ്എസിന്റെ ഉപദേശപ്രകാരം എബിവിപി എല്ലായിടത്തും, പ്രത്യേകിച്ച് സര്‍വകലാശാലകളില്‍, വിമര്‍ശനാത്മക ചിന്തകള്‍ക്കെതിരേ സ്വയംചിന്താ പദ്ധതിയുമായാണ് പ്രവര്‍ത്തിക്കുന്നത്. യാതൊരു വിമര്‍ശനവും അംഗീകരിക്കാതെ ദേശീയ പദ്ധതിയുടെ ഭാഗമായാണ് അവര്‍ നാലു മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത്. ‘ഭാരത് മാതാ കി ജയ്, ഇന്ത്യന്‍ ആര്‍മി കി ജയ്, പാകിസ്താന്‍ മൂര്‍ദാബാദ്, ഗോ ഹമാരി മാതാ ഹെ’ എന്നീ മുദ്രാവാക്യങ്ങളിലൂടെയാണ് ആര്‍എസ്എസ് രാജ്യത്തെ വിദ്യാഭ്യാസമേഖലകളില്‍ ഇടപെടുന്നത്. ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ഇല്ലാതാക്കാനും സ്ത്രീസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരുമാണത്. മാത്രമല്ല, പ്രധാനമായും അത് മറ്റുള്ളവരെ ഹിന്ദുത്വത്തിലേക്ക് നയിക്കാന്‍ വേണ്ടി സവര്‍ക്കര്‍ മുന്നോട്ടുവച്ച ചിന്തയുമാണ്.
ബോളിവുഡിലെ തിളങ്ങുന്ന താരവും ജനപ്രിയ നടനുമായ ഫവാദ് ഖാന് എതിരേ പോലും ഭാരത് മാതയുടെ പേരില്‍ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ‘നമ്മുടെ ശത്രുക്കളോടുള്ള ഇഷ്ടം അവരെ എതിര്‍ക്കാനുള്ള നമ്മുടെ ശക്തിയെ ദുര്‍ബലപ്പെടുത്തും’ എന്ന സവര്‍ക്കറുടെ പ്രമാണമനുസരിച്ചാണ് ഫവാദ് ഖാന്‍ ഭീഷണിയാവുന്നത്. പാകിസ്താന്‍ നരകമല്ലെന്നു പ്രസ്താവിച്ചതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരേ നടി രമ്യ ഈയിടെ കേസ് ഫയല്‍ ചെയ്തിരുന്നു. ദേശീയ ഹിന്ദുരാഷ്ട്ര നിര്‍മാണ പദ്ധതിയില്‍ സ്വതന്ത്രചിന്ത ഗുരുതരമായ പ്രശ്‌നമാണ്. ഉദാഹരണത്തിന്, ജെഎന്‍യുവിലെ എബിവിപി യൂനിറ്റിന്റെ പ്രസിഡന്റും ന്യൂറോ സയന്‍സില്‍ ഗവേഷക വിദ്യാര്‍ഥിയുമായ സൗരഭ് ശര്‍മയുമായുള്ള അഭിമുഖം ശ്രദ്ധിച്ചാല്‍ മതി. അദ്ദേഹം പറയുന്നു: നമ്മള്‍ കശ്മീരിനെ ബലപ്രയോഗം നടത്തി കൈയടക്കിയതാണെന്ന് ഒരു ഇന്ത്യക്കാരനും വിശ്വസിക്കില്ല. ചിലപ്പോള്‍ ചുരുക്കം ചിലര്‍ അത് സമ്മതിച്ചേക്കാം. എന്നാല്‍ ഭൂരിപക്ഷവും കശ്മീരിനെ വിളിക്കുന്നത് ഇന്ത്യയിലെ സ്വര്‍ഗം എന്നാണ്. പാഠപുസ്തകങ്ങള്‍ നോക്കുക. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമല്ലെന്ന് ഒരു പുസ്തകത്തിലുമില്ല. സ്‌കൂള്‍ പാഠപുസ്തകത്തിലുള്ളതുപോലെയല്ലല്ലോ കോളജുകളില്‍ പഠിപ്പിക്കുന്നതെന്ന് ലേഖകന്‍ ചോദിച്ചപ്പോള്‍ ശര്‍മയുടെ മറുപടി ഇങ്ങനെയായിരുന്നു: ”കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമല്ലെന്ന് ഞാന്‍ പരീക്ഷയിലെ ചോദ്യത്തിന് ഉത്തരമായി എഴുതിയിരുന്നെങ്കില്‍ എനിക്ക് ഫുള്‍ മാര്‍ക്ക് ലഭിക്കുമായിരുന്നില്ല.”
ഇത്തരത്തിലുള്ള ചിന്താശൂന്യമായ വീക്ഷണം പരിപോഷിപ്പിക്കുന്ന ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം കര്‍ക്കശമായി പിന്തുടരുന്നവരാണ് എബിവിപി പ്രവര്‍ത്തകര്‍. അടുത്തിടെ മാധ്യമങ്ങളില്‍ ജെഎന്‍യുവിലെ അക്കാദമിക് കൗണ്‍സിലിനെക്കുറിച്ച് വീണ്ടും ഒരു പ്രധാന വാര്‍ത്ത വന്നിരുന്നു. സംസ്‌കൃതകേന്ദ്രം അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയ്ക്കു വേണ്ടി സമര്‍പ്പിച്ച രണ്ടു കോഴ്‌സുകളെക്കുറിച്ചായിരുന്നു വാര്‍ത്ത. ചര്‍ച്ചയ്ക്കുശേഷം കൗണ്‍സില്‍ വിഷയം പുനക്രമീകരണം നടത്തി സമര്‍പ്പിക്കുന്നതിനുവേണ്ടി കേന്ദ്രത്തിന് തിരിച്ചയച്ചു. കൗണ്‍സില്‍ യോഗത്തിന്റെ മിനുട്‌സുകള്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനു മുമ്പുതന്നെ അടുത്തദിവസം മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ചു വാര്‍ത്ത വന്നു. ദേശവിരുദ്ധരായ ജെഎന്‍യു യോഗതത്ത്വശാസ്ത്രം, ഇന്ത്യന്‍ സംസ്‌കാരം എന്നീ കോഴ്‌സുകള്‍ നിരസിച്ചു എന്നായിരുന്നു വാര്‍ത്ത. സംസ്‌കൃതം ഇന്ത്യയുടേതും ദേശീയവുമാണെന്നും സംസ്‌കൃതകേന്ദ്രം സമര്‍പ്പിക്കുന്ന കോഴ്‌സുകള്‍ സര്‍വാദരണീയമായി അംഗീകരിക്കേണ്ടതാണെന്നുമുള്ള അര്‍ഥത്തിലാണ് വാര്‍ത്ത വന്നത്. യഥാര്‍ഥത്തില്‍ പ്രശസ്തരായ ചരിത്രകാരന്‍മാരും ഇന്ത്യന്‍ തത്ത്വശാസ്ത്രജ്ഞരും അടങ്ങിയ സമിതിയാണ് കോഴ്‌സുകള്‍ മടക്കിയത്. കോഴ്‌സിന്റെ കൃത്രിമത്വവും ആശയവല്‍ക്കരിച്ചതിലെ അവ്യക്തതയുമാണ് നിരാസത്തിനു കാരണം. കൗണ്‍സിലിലെ ഓരോ അംഗവും ചര്‍ച്ചയില്‍ പങ്കെടുത്തശേഷം ഭൂരിപക്ഷാഭിപ്രായപ്രകാരമാണ് തീരുമാനമെടുത്തത്. അതില്‍ സംസ്‌കൃത സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് യാതൊരു പരാമര്‍ശവുമുണ്ടായിരുന്നില്ല.
സംസ്‌കൃതം രാജ്യത്തിനുവേണ്ടിയുള്ളതാണ്. ഈ കോഴ്‌സുകള്‍ ഇന്ത്യക്ക് വളരെ അത്യാവശ്യമാണ്. ഇതിനു നമുക്ക് യുദ്ധം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് (മിന്നലാക്രമണം) നടത്തണം എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്. സര്‍വകലാശാല സംബന്ധിയായ ഒരു വിഷയത്തില്‍ ഇത്തരം ഭാഷയും പ്രയോഗവും ഉപയോഗിക്കുന്നതിലൂടെ ആര്‍എസ്എസിന്റെ യഥാര്‍ഥ മുഖം വ്യക്തമാവുകയാണ്.
സംസ്‌കൃതവും ഇന്ത്യയും ഒന്നാണെന്ന് പറയുന്നതും സംസ്‌കൃതകേന്ദ്രം മുന്നോട്ടുവച്ച കോഴ്‌സിനുവേണ്ടി വാദിക്കുന്നതും അതിനുവേണ്ടി യുദ്ധം പ്രഖ്യാപിക്കുന്നതും ചിന്താശേഷി അകറ്റിനിര്‍ത്തിക്കൊണ്ടുള്ള ഹിന്ദു ദേശീയ പരിപാടിയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.
ഹിന്ദുത്വ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി എല്ലാ ചിന്താവേദികളെയും ബലംപ്രയോഗിച്ചു നശിപ്പിക്കാന്‍ എബിവിപി പോരാളികളെ അയച്ചിരിക്കുകയാണവര്‍. ഡല്‍ഹി സര്‍വകലാശാലയില്‍ സ്ത്രീസ്വാതന്ത്ര്യത്തിനും പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കും വേണ്ടി ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പിഞ്ച്‌റ ടോഡ് (കൂട് തകര്‍ക്കല്‍) എന്ന പ്രക്ഷോഭം നടത്തുന്ന വിജില്‍ എന്ന വിദ്യാര്‍ഥി കൂട്ടായ്മയെ എബിവിപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. എബിവിപിയുടെ ആക്രമണത്തെക്കുറിച്ച് സംഘടനാപ്രവര്‍ത്തകര്‍ വിവരിക്കുന്നതിങ്ങനെയാണ്:
കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി സര്‍വകലാശാലാ കാംപസില്‍ ആവേശകരമായി മാര്‍ച്ച് നടത്തിയതിനുശേഷം ഞങ്ങള്‍ വിജയനഗറിലുള്ള ചായക്കടകളുടെ പരിസരങ്ങളില്‍ ലൈംഗികാതിക്രമത്തിനെതിരേയുള്ള രാത്രികാല ബോധവല്‍ക്കരണ പ്രവര്‍ത്തനം തുടങ്ങാനെത്തിയതായിരുന്നു. സാധാരണ പുരുഷന്മാരെ മാത്രം കാണാറുള്ള ആ പ്രദേശത്ത് സ്ത്രീകള്‍ കൂടിവന്നതോടെ ആ സ്ഥലത്തിന്റെ പ്രകൃതം തന്നെ മാറി. ഞങ്ങള്‍ പിഞ്ച്‌റ ടോഡിന്റെ തെരുവുനാടകം ആരംഭിച്ചപ്പോള്‍ എബിവിപിക്കാരനായ മുന്‍ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് സതേന്ദര്‍ അവാന അദ്ദേഹത്തിന്റെ മദ്യപാനികളായ ചില സുഹൃത്തുക്കളോടൊപ്പം സ്ഥലത്തെത്തി. പ്രതീക്ഷിച്ചതുപോലെ അവര്‍ ഞങ്ങളെ പരിഹസിക്കുകയും മൊബൈല്‍ ഫോണില്‍ ഞങ്ങളുടെ പ്രകടനം പകര്‍ത്തുകയും ചെയ്തു. ഞങ്ങളുടെ പ്രക്ഷോഭത്തെ വിനോദപരിപാടിയായാണ് അവര്‍ കണ്ടത്. അവര്‍ ചായക്കടക്കാരോട് കട പൂട്ടാന്‍ ആവശ്യപ്പെട്ടു. അവരുടെ സ്വരത്തില്‍ പുരുഷമേധാവിത്വത്തിന്റെയും സവര്‍ണന്റെയും ഭീഷണിയുണ്ടായിരുന്നു. ഞങ്ങളുടെ നാടകം അവസാനിച്ചപ്പോള്‍ പ്രതീക്ഷിച്ചതുപോലെ അവാനയും സംഘവും ഭാരത് മാതാ കി ജയ് എന്ന് ഉച്ചത്തില്‍ വിളിച്ചുകൂവി. പച്ച ടീഷര്‍ട്ട് ധരിച്ച ഒരു എബിവിപിക്കാരന്‍ ഞങ്ങളുടെ സംഘാംഗത്തിന് നേരെ ഒരു നൂറുരൂപ നോട്ട് നീട്ടുകയും അത് പിടിച്ചുകൊണ്ട് നൃത്തം ചെയ്തു ഞങ്ങളെ കളിയാക്കുകയും ചെയ്തു. അവര്‍ക്ക് വിനോദം പകരാനെത്തിയ തെരുവുയാചകരാണെന്ന നിലയ്ക്കായിരുന്നു അവരുടെ പെരുമാറ്റം. വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് അവരിലൊരാള്‍ ഞങ്ങളുടെ സംഘത്തിലെ ഒരു പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് അവളെ സുഹൃത്തുക്കളുടെ ഇടയിലേക്ക് തള്ളി.
ഞങ്ങള്‍, സ്ത്രീകള്‍ക്ക്, ഇങ്ങനെയുള്ള അപമാനം ഇനി സഹിക്കാന്‍ കഴിയില്ല. അന്നത്തെ രാത്രിയില്‍ ഞങ്ങള്‍ അനുഭവിക്കേണ്ടിവന്ന അപമാനംപോലെയുള്ള അതിക്രമങ്ങളും പീഡനവുമാണ് നമ്മുടെ സര്‍വകലാശാലകളില്‍ പതിവായി നടക്കുന്നത്. വിജിലിനോടുള്ള എബിവിപിയുടെ പെരുമാറ്റം ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ക്ലാസ്മുറികളിലും തിരഞ്ഞെടുപ്പുവേളയിലും തെരുവുകളിലും പൊതുയോഗസ്ഥലത്തും പ്രതിഷേധ വേദികളിലുമൊക്കെ ഇത് ആവര്‍ത്തിക്കുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും വാഴേണ്ട സര്‍വകലാശാലകള്‍ കൈക്കരുത്തിന്റെ അരങ്ങുകളാവുകയാണ്. ഈ സംഭവത്തിനുശേഷം പിഞ്ച്‌റ ടോഡുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ദിവസവും എബിവിപി ഗുണ്ടകള്‍ കൈയേറ്റം നടത്തുന്നു. എന്നാല്‍ ഇവയൊന്നും അവരെ തളര്‍ത്തിയിട്ടില്ല. ‘ഞങ്ങള്‍ ഭാരതത്തിന്റെ അമ്മമാരാവാനില്ല, എല്ലാ ബന്ധനങ്ങളും ഞങ്ങള്‍ തകര്‍ക്കും, ചരിത്രത്തിന്റെ വഴി തന്നെ ഞങ്ങള്‍ മാറ്റും’- ഈ മുദ്രാവാക്യവുമായി അവര്‍ മുന്നോട്ടുതന്നെ മാര്‍ച്ച് ചെയ്യുകയാണ്.
കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് ജെഎന്‍യുവിലെ ഒരു സംഘം എബിവിപി വിദ്യാര്‍ഥികള്‍ ഇടതുപക്ഷ സംഘടനയിലെ ഒരു മുസ്‌ലിം വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ ചെന്ന് മര്‍ദിച്ചു. സര്‍വകലാശാലാ അധികൃതര്‍ ആ വിദ്യാര്‍ഥിക്കെതിരേ ഉടനെ അച്ചടക്ക നടപടി സ്വീകരിച്ചു. എബിവിപിക്കാര്‍ക്കെതിരേ ഒരു നടപടിയുമുണ്ടായില്ല. ആ വിദ്യാര്‍ഥിയെ ഇപ്പോള്‍ കാണാതായിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സര്‍വകലാശാലാ അധികൃതര്‍ക്കെതിരേ സമരത്തിലാണ്. സര്‍വകലാശാലാ കാംപസ് ഒരിക്കല്‍ക്കൂടി ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കു സാക്ഷിയായിരിക്കുകയാണ്. നജീബ് മുസ്‌ലിമായതുകൊണ്ടാണ് എബിവിപിയുടെ മര്‍ദനത്തിന് ഇരയായതെന്നാണ് സംഭവത്തിനു ദൃക്‌സാക്ഷിയായ വിദ്യാര്‍ഥി മാധ്യമങ്ങളോട് പറഞ്ഞത്. ജെഎന്‍യുവില്‍ കായിക ബലപ്രയോഗങ്ങള്‍ സാധാരണമല്ലായിരുന്നു. എന്നാല്‍ അധികാരത്തിലുള്ള ഡല്‍ഹി സര്‍വകലാശാലയിലായാലും അധികാരമില്ലാത്ത ജെഎന്‍യുവിലായാലും എബിവിപി ഇത്തരം കലാപത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്.
അടുത്തിടെ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റിന്റെ ഓഫിസില്‍ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചതാണ് ഇതില്‍ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം. ഇതിന് ഇതുവരെ തൃപ്തികരമായ ഒരു വിശദീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ കാംപസുകളില്‍ നടന്ന മൂന്ന് സംഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു: ഒന്ന്, ക്ലാസില്‍ ചോദ്യം ചോദിച്ചതിന് ബറേലി കോളജിലെ ഒരു വിദ്യാര്‍ഥിയെ എബിവിപി നേതാക്കള്‍ കൈയേറ്റം ചെയ്തു. രണ്ട്, മംഗലാപുരത്ത് പരീക്ഷാഹാളിനു പുറത്ത് ഒരു വിദ്യാര്‍ഥിനിയുടെ സംശയത്തിനു മറുപടി പറഞ്ഞ ഒരു വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകന്‍ ആക്രമിച്ചു. മൂന്ന്, തൃച്ചി സര്‍ക്കാര്‍ ലോ കോളജില്‍ എബിവിപിയുടെ സംസ്ഥാന പ്രസിഡന്റ് സംഘടനയില്‍ ചേരാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചതിന്റെ പേരില്‍ സംഘര്‍ഷം നടന്നു. ഇവ മാധ്യമങ്ങളില്‍ വന്ന ചുരുക്കം ചില വാര്‍ത്തകള്‍ മാത്രമാണ്.
കാംപസുകളില്‍ കലാപത്തിന് പ്രകോപനമുണ്ടാക്കാന്‍ നാഗ്പൂരില്‍നിന്നാണ് എബിവിപിക്ക് നിര്‍ദേശങ്ങള്‍ ലഭിക്കുന്നത്. ഞങ്ങള്‍, സര്‍വകലാശാലാ അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലകളെ രക്ഷിക്കാന്‍ തീവ്രമായ ശ്രമം നടത്തിവരുകയാണ്. ഞങ്ങള്‍ ഇതിനു പിന്നിലെ രാഷ്ട്രീയക്കളി തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, മൗനം അവലംബിക്കുകയാണ്. ഞങ്ങള്‍ക്കറിയാവുന്ന അഹിംസാരീതിയിലൂടെ ഞങ്ങള്‍ പോരാടുകയാണ്; വിമര്‍ശനാത്മകമായ ചിന്തയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ.

(അവസാനിച്ചു.) (പരിഭാഷ: കോയ കുന്ദമംഗലം)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss