|    Apr 20 Fri, 2018 12:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കലാവസന്തം മിഴിതുറന്നു

Published : 20th January 2016 | Posted By: SMR

സുധീര്‍ കെ ചന്ദനത്തോപ്പ്

തിരുവനന്തപുരം: താരങ്ങള്‍ വിണ്ണില്‍നിന്നു മണ്ണിലേക്കിറങ്ങി. ഇനി സ്വാതിയുടെയും രവിവര്‍മയുടെയും തിരുനാട് കലയുടെ കൂടി തലസ്ഥാനം. കലയും കാല്‍പനികതയും വരയും ഇഴചേര്‍ത്ത് കലാകേരളം കാത്തിരുന്ന ഏഴു സുന്ദരനാളുകള്‍ കലാസാന്ദ്രമാക്കാന്‍ ആളും അരങ്ങും ഒരുങ്ങി. 19 വേദികളില്‍ 232 ഇനങ്ങളിലായി 12000ഓളം കലാപ്രതിഭകള്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കാനെത്തും. ആസ്വദിക്കാന്‍ അനന്തപുരിയും. അരികിലെത്തുന്നവരെ ഇരുകൈയും നീട്ടി സ്വീകരിച്ച നഗരം ഏഴു രാപകലുകള്‍ കലാകേരളത്തിന്റെ കൗമാരത്തെ നെഞ്ചോടു ചേര്‍ക്കും. വീറുചോരാതെ, വാശിവിടാതെ, സൗഹൃദത്തിന്റെ മാറ്റുകുറയാതെ കലാകൗമാരം ഇനി തിരുവനന്തപുരത്തെ ഉറക്കാതെ കാക്കും.
പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്ത് രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ പതാക ഉയര്‍ത്തിയതോടെയാണ് 56ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കമായത്. ഇത് ആറാംതവണയാണ് തലസ്ഥാനനഗരി ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ആതിഥ്യമരുളുന്നത്.
ഉച്ചയ്ക്കുശേഷം തലസ്ഥാന നഗരത്തിന്റെ സാംസ്‌കാരികപൈതൃകം വിളിച്ചോതുന്ന ഘോഷയാത്രയുമായി കുരുന്നുനക്ഷത്രങ്ങള്‍ അനന്തപുരിയുടെ നഗരവീഥികള്‍ കീഴടക്കി. ഘോഷയാത്ര പുത്തരിക്കണ്ടം മൈതാനിയില്‍ എത്തിച്ചേര്‍ന്നതോടെ ഉദ്ഘാടനവേദിയില്‍നിന്ന് ‘ആയിരമായിരം ആണ്ടുകള്‍ മുമ്പേ ആദിമവേദാക്ഷരമായി കലയുടെ നൂപുരനാദമുണര്‍ന്നത് കാലം ചെവിയോര്‍ക്കുന്നു…’ എന്ന സ്വാഗതഗാനം വാനിലുയര്‍ന്നു. നാദത്തിന്റെയും നൃത്തത്തിന്റെയും സര്‍ഗശേഷിയുടെയും കൂടിച്ചേരലുകളുടെയും വരവറിയിച്ച സ്വാഗതഗാനം 56 സംഗീതാധ്യാപകര്‍ ആലപിച്ചപ്പോള്‍ കേരളത്തിന്റെ കലാരൂപങ്ങള്‍ ഒന്നുചേരുന്ന ചുവടുകളുമായി 56 വിദ്യാര്‍ഥികള്‍ രംഗാവിഷ്‌കാരവുമായെത്തി.
വൈകീട്ട് ആറോടെ ഉല്‍സവസമാനമായ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലാദീപം തെളിയിച്ചതോടെ കലയുടെ മാരിവില്ല് തെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് അധ്യക്ഷനായിരുന്നു. ശുഭസായന്തന മുഹൂര്‍ത്തത്തില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തിനുശേഷം പ്രധാന വേദിയായ ചിലങ്കയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍പ്രതിഭകള്‍ മോഹിനിയാട്ടവുമായി അരങ്ങിലെത്തി. കുച്ചിപ്പുടിയും ഭരതനാട്യവും ഓട്ടന്‍തുള്ളലും കഥകളിയും ഉള്‍പ്പെടെ ക്ഷേത്രകലകള്‍കൊണ്ട് സമ്പന്നമായി ആദ്യദിനം വേദികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss