|    Dec 16 Sun, 2018 4:05 pm
FLASH NEWS
Home   >  Editpage  >  Editorial  >  

കലാലയങ്ങളെ കലാപാലയങ്ങളാക്കരുത്

Published : 20th May 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത്  – കെ പി അബൂബക്കര്‍, മുത്തനൂര്‍
ഈയിടെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ അവസാനിച്ചപ്പോള്‍ പാഠപുസ്തകങ്ങള്‍ കലാലയാങ്കണങ്ങളില്‍ വച്ചുതന്നെ അഗ്നിക്കിരയാക്കുകയും സ്ഥാപനങ്ങളുടെ ഓടുകളും ജനല്‍ച്ചില്ലുകളും തച്ചുതകര്‍ക്കുകയും ചെയ്തുകൊണ്ടും താണ്ഡവമാടിയുമാണ് വിദ്യാര്‍ഥികള്‍ സ്ഥാപനങ്ങളില്‍ നിന്ന് ഇറങ്ങിപ്പോന്നത്. എന്തുകൊണ്ടാണെന്നറിയില്ല, വാര്‍ത്താമാധ്യമങ്ങള്‍ ഇതു ഗൗരവമായി എടുത്തുകണ്ടില്ല. പതുക്കെ ഒരു ദിനം ഒന്ന് റിപോര്‍ട്ട് ചെയ്തു. അത്ര മാത്രം.
സ്വന്തം വീട്ടില്‍ ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുകയായിരുന്ന ശ്രീജിത്തിനെ പിടിച്ചുകൊണ്ടുപോയി പോലിസ് ഉരുട്ടിക്കൊന്ന സംഭവവും ബക്കര്‍വാല സമുദായക്കാരനായ മുഹമ്മദ് യൂസുഫ് പുജ്‌വാലയുടെ എട്ടു വയസ്സുകാരിയായ മകളെ ബലാല്‍സംഗം ചെയ്തു കൊന്ന സംഭവവുമൊക്കെ അതിനിടെ വന്നതുകൊണ്ടായിരിക്കും വാര്‍ത്താമാധ്യമങ്ങള്‍ അങ്ങനെ ചെയ്തത് എന്നു കരുതി സമാധാനിക്കാം. അതെന്തായാലും മധ്യവേനലവധിക്കു വിദ്യാലയങ്ങള്‍ ഈ വര്‍ഷം അടച്ചപ്പോള്‍ അരങ്ങേറിയ സംഭവങ്ങള്‍ നിസ്സാരമായി കണ്ടുകൂടാ. ഏറെ ഗൗരവതരമാണത്.
അറിവു പകര്‍ന്നുകൊടുത്ത അധ്യാപകരോടും ഒരു ഡസനോളം വര്‍ഷം പഠിച്ചും കളിച്ചും കഴിച്ചുകൂട്ടിയ സ്ഥാപനത്തോടും യാതൊരു കടപ്പാടുമില്ലാത്തവരായി മാറിയിരിക്കുന്നു നമ്മുടെ പുതുതലമുറ. അതുകൊണ്ടാണല്ലോ യാത്രയയപ്പുകള്‍ ആദരാഞ്ജലിയാക്കുന്നതും സ്ഥാപനങ്ങള്‍ തച്ചുടച്ചു കര്‍സേവ നടത്തുന്നതും. ഇതില്‍ വേദനിച്ചാല്‍ പോരാ, പരിഹാരം കാണുക കൂടി വേണം. മാനവികത നഷ്ടമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും സമാധാനത്തിന്റെയും സന്ദേശം വിദ്യാര്‍ഥിമനസ്സുകളില്‍ എത്തിക്കുകയെന്നതു മാത്രമാണ് ഇതിനു പരിഹാരം. മതമുക്ത വിദ്യാഭ്യാസമല്ല, മതാധിഷ്ഠിത വിദ്യാഭ്യാസമാണ് ഇന്നത്തെ കാലഘട്ടം തേടുന്നത് എന്നര്‍ഥം.
മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതവിശ്വാസികള്‍ക്കും ഇവിടെ നിരവധി വിദ്യാലയങ്ങളുണ്ട്. അവയും പതിവുപോലെ വേനലവധിക്ക് അടച്ചു. അവിടെയൊന്നും ഈ മൃഗീയ സ്വഭാവം (മൃഗങ്ങള്‍ ക്ഷമിക്കണം) കണ്ടില്ലെന്നു വരുമ്പോള്‍ മനുഷ്യനെ മനുഷ്യത്വം പഠിപ്പിക്കുന്നതില്‍ മതങ്ങള്‍ സാരമായ പങ്കുവഹിക്കുന്നു എന്നാണല്ലോ മനസ്സിലാക്കേണ്ടത്. ന്യൂനപക്ഷ സമുദായങ്ങളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിവാദങ്ങള്‍ ഉണ്ടാക്കിയും അപകീര്‍ത്തിപ്പെടുത്തിയും സീല്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതു മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകാം. അതുകൊണ്ടാണ് അവര്‍ പീസ് സ്‌കൂളിനെ മതപരിവര്‍ത്തനത്തിന്റെ ഐഎസ് റിക്രൂട്ടിങ് സെന്ററായും ഫാറൂഖ് കോളജിനെ സ്ത്രീവിരുദ്ധതയുടെ കേന്ദ്രമായും ചിത്രീകരിക്കുന്നത്. ഗുണനിലവാരം കൊണ്ട് മല്‍സരിക്കാനാവാത്തവര്‍ വര്‍ഗീയ ശിഖണ്ഡികളെ മുന്‍നിര്‍ത്തിയുള്ള ഒളിപ്പോര് അവസാനിപ്പിച്ച് കാര്യങ്ങളുടെ നിജസ്ഥിതി പഠിക്കണം.
സത്യം പറയണമല്ലോ. ലോകത്തെ ഏതു കോണിലെ വിദ്യാലയവും തുറന്ന് അകത്തുകടക്കാവുന്നവിധം കേരളത്തിലെ വിദ്യാര്‍ഥികള്‍ സാങ്കേതികമായി വളര്‍ന്നിട്ടുണ്ട്. എന്നാല്‍, നന്മകളെ സ്വാംശീകരിക്കുന്നതിനു പകരം തിന്മകളാണ് പാശ്ചാത്യ രാജ്യങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്നു മലയാളി വിദ്യാര്‍ഥികള്‍ അനുകരിക്കുന്നത്. അതാണ് സ്‌കൂളുകള്‍ പൂട്ടുന്ന ദിവസം നാം കണ്ടത്.
വിദ്യാലയം എന്നാല്‍ വിദ്യയുടെ ആലയമാണ്. അതുകൊണ്ടുതന്നെ വിദ്യയുടെ തിളക്കമുള്ള വ്യക്തികളെയാണ് അതില്‍ നിന്നു പുറത്തുവരുന്നവരില്‍ നിന്നു സമൂഹം പ്രതീക്ഷിക്കുന്നത്. പൗരബോധവും പൗരബാധ്യതാബോധവും ഒരു നല്ല വിദ്യാര്‍ഥിയുടെ അടയാളമായിരിക്കണം. അത്തരക്കാര്‍ക്കു മാത്രമേ ഒരു മാതൃകാ രാഷ്ട്രം നിര്‍മിക്കാനാവുകയുള്ളൂ. ഇത്തരമൊരു വിദ്യാര്‍ഥിസമൂഹസൃഷ്ടിക്കായി വിദ്യാലയാധികൃതരും രക്ഷിതാക്കളും ഭരണകൂടവും ഒന്നിച്ചൊന്നായി നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss