|    Apr 21 Sat, 2018 12:54 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കലാഭവന്‍ മണി: വേറിട്ടൊരു താരം

Published : 14th March 2016 | Posted By: sdq

എ എസ് അജിത്കുമാര്‍

കലാഭവന്‍ മണിയുടെ നിര്യാണം അടുത്ത കാലത്ത് ഏറ്റവും നടുക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു. ഒരു ജനപ്രിയ സിനിമാനടന്റെ വിയോഗം ആരാധകര്‍ക്കു വലിയവേദന ഉളവാക്കി. അതിനപ്പുറമായിരുന്നു ജനങ്ങളുടെ ഇടയില്‍ അതു സൃഷ്ടിച്ച ദുഃഖം. മലയാള സിനിമയിലെ സുപ്രധാന സ്ഥാനമുള്ള ഒരു ജനപ്രിയ താരമായിരിക്കുമ്പോള്‍ തന്നെ മറ്റു സിനിമാ താരങ്ങളില്‍ നിന്നു വ്യത്യസ്തമായ സിനിമയ്ക്കു പുറത്തെ സാന്നിധ്യവും മണിക്കുണ്ടായിരുന്നു. നാടന്‍പാട്ട്, മിമിക്രി, സ്റ്റേജ് ഷോകളില്‍ അടിച്ചുപൊളിക്കുന്ന സാന്നിധ്യം; കൂടാതെ ജനങ്ങള്‍ക്കു പല രീതിയില്‍ സഹായങ്ങള്‍ നല്‍കുകയും പൊതു ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിലും മറ്റു താരങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഒരു പൊതു സാന്നിധ്യം കൂടിയായിരുന്നു മണി. അതു കൊണ്ടു തന്നെ സിനിമയ്ക്കുള്ളിലെ കലാഭവന്‍ മണിയും സിനിമയ്ക്കു പുറത്തെ മണിച്ചേട്ടനും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്ത നിലയില്‍ ജനങ്ങള്‍ക്കു പ്രിയപ്പെട്ടതായിരുന്നു.
കലാഭവന്‍ മണിയെ സാമൂഹിക മണ്ഡലത്തില്‍ എവിടെ പ്രതിഷ്ഠിക്കും? പലര്‍ക്കും അതൊരു ധര്‍മ സങ്കടമാണെന്നു മനസ്സിലാക്കാന്‍ ഫേസ്ബുക്കില്‍ വന്ന ചര്‍ച്ചകള്‍ നോക്കിയാല്‍ മനസ്സിലാക്കാം. ചിരി, നാടന്‍പാട്ട് എന്നതിലേക്ക് ഒതുക്കരുതെന്ന നിലയില്‍ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ കണ്ടിരുന്നു. മലയാള സിനിമയിലെ മണി അവതരിപ്പിച്ച ശക്തമായ കഥാപാത്രങ്ങളെ മുന്നില്‍ക്കണ്ടാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കപ്പെട്ടത്. എന്നാല്‍, ആ ഗൗരവമുള്ള അഭിനേതാവ് എന്നതിലേക്കു മാത്രം മണിയെ ഒതുക്കാന്‍ കഴിയുമോ? നാടന്‍പാട്ട് ചിരി, കോമഡി, മിമിക്രി, സ്റ്റേജ് പെര്‍ഫോമന്‍സ് എന്നിവയെല്ലാം ചേര്‍ന്നതല്ലേ മണി?
സിനിമയിലെ, സിനിമാ വ്യവസായത്തിലെ മണിയുടെ സ്ഥാനത്തെ കുറിച്ചു പഠനങ്ങള്‍ നിരവധിയുണ്ട്. മണി അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ കീഴാളത്തത്തെ അടയാളപ്പെടുത്തുന്ന വാര്‍പ്പുമാതൃകകള്‍ ആവുന്നതെങ്ങനെയെന്നു സുജിത് പാറയിലിന്റെ അക്കാദമിക പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പലപ്പോഴും പ്രത്യക്ഷമായ നിലയില്‍ അല്ലാതെ തൊലിയുടെ നിറം, പേര്, ഭാഷ, തൊഴില്‍, ശാരീരിക അടയാളങ്ങള്‍, വസ്ത്രധാരണം, സാമൂഹിക പെരുമാറ്റം, ഇടം എന്നിവയിലൂടെയാണ് ജാതി, മലയാള മുഖ്യധാരാ സിനിമയില്‍ അടയാളപ്പെടുത്തുന്നത് എന്ന് അദ്ദേഹം പറയുന്നു. ഓട്ടോ ഡ്രൈവറും പട്ടി പിടിത്തക്കാരനും ഭിന്നശേഷിയുള്ളയാളും കള്ളുചെത്തുകാരനും ഒക്കെയായി മണി പ്രത്യക്ഷപ്പെട്ടിട്ടുള്ള വേഷങ്ങള്‍ ഇവയെ എങ്ങനെ വ്യക്തമാക്കുന്നു എന്നു പ്രബന്ധം വിശദീകരിക്കുന്നു.
സിനിമയ്ക്കുള്ളിലെ, സിനിമ വ്യവസായത്തിലെ ഈ കീഴാള അവസ്ഥകളോട് എങ്ങനെയാണ് മണി ഇടപെടുന്നത്? കലാഭവന്‍ മണിയുടെ ജനങ്ങളുമായുള്ള ബന്ധം തന്നെ ഈ അവസ്ഥകളോടുള്ള ഒരു ചെറുത്തു നില്‍പാണെന്നു കരുതാം. അദ്ദേഹം ഒരിക്കലും ജാതി ഐഡന്റിറ്റി മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതു തന്നെ ഈ കീഴാളത്തത്തോടുള്ള ഒരു ഇടപാടായാണ് കാണാന്‍കഴിയുന്നത്. മലയാള സിനിമാ വ്യവസായത്തില്‍ ജാതി മറച്ചു വയ്ക്കുക എളുപ്പമല്ല. അതുകൊണ്ടു തന്നെ ദലിത് ഐഡന്റി റ്റി മറയ്ക്കുക എന്ന ദുഷ്‌കരമായ കാര്യം ചെയ്യാതെ മണി അതിനെ നിലനില്‍പ്പിന്റെ ഒരു മുദ്രയായി തന്നെ ശക്തമായി ഉപയോഗിക്കുകയായിരുന്നു. മണിയുടെ നാടന്‍പാട്ടു തന്നെ അദ്ദേഹത്തിന്റെ സാമുദായിക അടയാളമായി ഉപയോഗിക്കുന്നതു കാണാം. ജോണ്‍ ബ്രിട്ടാസുമായുള്ള ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ‘എന്റെ കുലത്തെ ഇത്തറ താത്തിയതാരോ…’ എന്ന വരികള്‍ വരുന്ന പാട്ട് മണി പാടുന്നതു വെറുതെയാവാന്‍ വഴിയില്ല. ജാതിയുടെ തലത്തെയും ഐഡന്റിറ്റിയുടെ പ്രശ്‌നത്തെയും പറയാതെ പറയുകയാണ്. എനിക്കെന്റെ ഭൂതകാലത്തെ മറക്കാന്‍ കഴിയില്ല എന്നു മണി പറയുന്നുണ്ട്. അതില്ലെങ്കില്‍ ഞാനില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഭൂതകാലം അദ്ദേഹത്തിന് സാമുദായിക അടയാളമാണ്. സാമുദായികമായ ഈ അടയാളം തന്നെ ഉപയോഗിച്ചാണ് പൊതുയിടത്തില്‍ മണി സ്വന്തം ഇടം ഉറപ്പിക്കുന്നത്. പക്ഷേ, അതേസമയം തന്നെ എങ്ങനെയാണ് ഒരു സമുദായത്തിന്റെ ഒരാള്‍ മാത്രമല്ലാതെ മറ്റു സമുദായങ്ങള്‍ക്കും പ്രിയപ്പെട്ട ഒരു ജനപ്രിയ നടനായി അദ്ദേഹം സ്ഥാനം നേടുന്നത് എന്നത് അദ്ദേഹം സിനിമാ മേഖലയോട് ഇടപെട്ടിരുന്ന രീതികളുടെ സങ്കീര്‍ണത വെളിവാക്കുന്നു.
തന്റെ നാടന്‍പാട്ടും സ്റ്റേജ് ഷോയും സാമുദായിക അടയാളങ്ങള്‍ ഉള്ളപ്പോഴും പൊതുജനസമൂഹത്തിനു പ്രിയങ്കരമായിരിക്കാനും മണി ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയും അങ്ങനെ തന്നെ. ഇതെങ്ങനെ സാധിക്കുന്നു? ഒരു കാര്യം എനിക്കു തോന്നിയിട്ടുള്ളത് മണി ഒരു പ്രത്യേക രീതിയിലാണ് ഈ മേഖലയില്‍ ഇടപെട്ടിട്ടുള്ളത് എന്നാണ്. മലയാള സിനിമയിലെ വാര്‍പ്പുമാതൃകകളോട് പ്രത്യക്ഷത്തില്‍ കലഹിക്കുന്നതായി ഒരു പ്രതീതി അദ്ദേഹം ഉണ്ടാക്കിയിരുന്നില്ല. അദ്ദേഹം നായക വേഷം ചെയ്തിരുന്നപ്പോഴും ഇപ്പുറത്തു പല പ്രമുഖ താരങ്ങളുടെ ചിത്രങ്ങളില്‍ വില്ലനായും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. മണി സിനിമാ വ്യവസായത്തില്‍ സാധ്യമായ നിലയില്‍ ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെ അദ്ദേഹം സൂപ്പര്‍ സ്റ്റാറുകള്‍ക്കോ സൂപ്പര്‍സംവിധായകര്‍ക്കോ ഒരു ഭീഷണിയായി മാറിയില്ല എന്നു തോന്നുന്നു. അദ്ദേഹത്തെ ആ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ മലയാള സിനിമയ്ക്കു കഴിഞ്ഞിരുന്നു. ഈ ഉള്‍ക്കൊള്ളലിനെ വേദനയോടെയെങ്കിലും ഉപയോഗിക്കുകയും സ്വന്തമായ ഒരു സ്ഥാനം ഉണ്ടാക്കുകയും ചെയ്യാനാണ് മണി ശ്രമിച്ചത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അഭിനയവുമായി ബന്ധപ്പെട്ട അവാര്‍ഡ് വിവാദത്തെ അദ്ദേഹം സമീപിച്ചതും അങ്ങനെയാണ്. അവാര്‍ഡുകള്‍ ലഭിക്കുന്നതിന്റെ രാഷ്ട്രീയം നന്നായി അറിയാവുന്നതു കൊണ്ടു തന്നെ അതിനോടു പ്രത്യക്ഷമായ കലഹം നടത്തിയില്ല. എന്നാല്‍, ഓരോ കഥാപാത്രങ്ങളേയും പ്രഫഷനല്‍ആയി തന്നെ ഏറ്റവും നന്നാക്കിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.
സിനിമയെ സ്വന്തം ജീവിതത്തെ/സാമുദായിക ചരിത്രത്തെ മാറ്റിമറിക്കുന്ന ഒന്നായി ഉപയോഗിക്കുകയാണു മണി ചെയ്തത്. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ജാതീയമായി നിര്‍ണയിക്കപ്പെട്ട തൊഴില്‍ ചെയ്തു സ്ഥലം വാങ്ങിക്കൊണ്ടു മധുരമായി പകരം വീട്ടി എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. അഭിനയ പ്രതിഭ എന്ന നിലയില്‍ സിനിമയ്ക്കുള്ളില്‍ നില്‍ക്കുമ്പോഴും സിനിമ മണിക്ക് മറ്റു പലതും ആയിരുന്നു. ഭൗതിക സാഹചര്യങ്ങളെ മാറ്റിത്തീര്‍ക്കുന്നതു സാമൂഹിക അവസ്ഥയെ കൂടി മാറ്റി തീര്‍ക്കുന്ന ഒന്നായിരുന്നു. ഓട്ടോ ഡ്രൈവര്‍, മിമിക്രി ആര്‍ട്ടിസ്റ്റ് എന്നിവയിലൂടെയുള്ള മണി ജീവിത പരിസരത്തെ സിനിമയിലൂടെ അടിമുടി മാറ്റി തീര്‍ത്തു. എന്നാല്‍, ഇതേ സമയം ആ ഭൂതകാല അടയാളങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞുമില്ല. ചാലക്കുടി മണിയുടെ സ്വത്വമായി ചേര്‍ന്നുനില്‍ക്കുന്ന പോലെ മറ്റൊരു സിനിമാ താരത്തിനും ഒരു ജന്മസ്ഥലമില്ല. സിനിമയ്ക്കു പുറത്തെ ഈ ഇടം സിനിമയിലെയും പുറത്തെയും സാമൂഹികമായ ഒരു ശക്തിയായി മാറ്റുകയായിരുന്നു. ചാലക്കുടി തന്നെ ഒരു സിനിമാ ലോക്കേഷനോ ഒരു വെള്ളിത്തിരയോ ആയിരുന്നിരിക്കണം കലാഭവന്‍ മണിക്ക്. മണിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചാലക്കുടി ഒരു പ്രാദേശികത മാത്രമല്ല. സിനിമാ വ്യവസായം എന്താണെന്ന് അറിയാവുന്ന മണിക്ക് ചവിട്ടിനില്‍ക്കാന്‍ കഴിയുന്ന ഒരു ഇടവുമായിരുന്നു. മണിയെ ഒരുപക്ഷേ, ഒരു ‘നാടന്‍’ ആളായി മാത്രം കാണാന്‍ ശ്രമിച്ച ആളുകളെ അതേ ‘നാടന്‍’ എന്നത് ഒരു കരുത്തുകാട്ടി മണി വിസ്മയിപ്പിക്കുകയായിരുന്നു. അങ്ങനെ മറ്റു താരങ്ങള്‍ക്കു കഴിയാത്ത നിലയില്‍ നാട്ടുകാരുടെ താരമാവാന്‍ കഴിഞ്ഞു എന്നുള്ളതാണ് മണിയുടെ വിജയം. തെലുങ്കിലും തമിഴിലും ഒക്കെ അഭിനയിക്കാനും ശ്രദ്ധ നേടാനും കഴിഞ്ഞു എന്നതു വ്യക്തമാക്കുന്നത് ഈ പ്രാദേശികതയ്ക്കുള്ളിലേക്കും പുറത്തേക്കും ഇഷ്ടമനുസരിച്ചു മണിക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നു എന്നതാണ്. മഹാ പ്രതിഭകള്‍ക്കു മാത്രം സാധിക്കുന്നതാണത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss