|    Jan 16 Mon, 2017 6:40 pm

കലാപ അനുകൂലികളുമായി ചര്‍ച്ചയില്ല: മെഹബൂബ

Published : 29th August 2016 | Posted By: SMR

ശ്രീനഗര്‍: അക്രമം ഒഴിവാക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യാന്‍ തയ്യാറുള്ള ആരുമായും കശ്മീര്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഒരുക്കമാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സമാധാനപരമായ പരിഹാരത്തിന് അനുകൂലമാണെങ്കില്‍ കശ്മീരിലെ സംഘടനകളുമായും ചര്‍ച്ച നടത്തും. എന്നാല്‍, സുരക്ഷാ ക്യാംപുകള്‍ക്കു നേരെയുള്ള ഉപരോധവും ആക്രമണവും നിര്‍ത്തി സംസ്ഥാനത്ത് ചര്‍ച്ചയ്ക്കുള്ള ഒരു അന്തരീക്ഷം ഉണ്ടാവണം. നേരത്തേ മധ്യസ്ഥന്മാരും കര്‍മസമിതികളും മുഖേന നടത്തിയ ചര്‍ച്ചകളെക്കാള്‍ മെച്ചപ്പെട്ട രീതിയിലുള്ള പരിഹാരശ്രമങ്ങളാണ് വേണ്ടത്.
രാഷ്ട്രത്തിനു പുറത്തുള്ള പാകിസ്താനുമായും അകത്തുള്ള ഹുര്‍രിയത്തുമായും മുന്‍ പ്രധാനമന്ത്രി വാജ്‌പേയി നടത്തിയ ഗൗരവസ്വഭാവത്തോടെയുള്ള ചര്‍ച്ചയുടെ തുടര്‍ച്ചയായിരിക്കണം നടത്തേണ്ടതെന്നും മെഹബൂബ പറഞ്ഞു.
കശ്മീര്‍ പ്രശ്‌നത്തിന് ഏതാനും ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ഉള്ളില്‍ പരിഹാരമുണ്ടാവുകയില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. എന്നാല്‍, അതുവരെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കേണ്ടതുണ്ടോയെന്നും നമ്മുടെ യുവാക്കളെ കൊലയ്ക്കു കൊടുക്കേണ്ടതുണ്ടോ എന്നും നാം ചിന്തിക്കണമെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, മെഹബൂബ മുഫ്തി ജനങ്ങളുടെ പക്ഷം ചേര്‍ന്ന് പോരാട്ടത്തിനു തയ്യാറാവണമെന്ന് ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് വക്താവ് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് ഒരവസരംകൂടി നല്‍കണമെന്ന് ഹുര്‍രിയത്ത് നേതാവ് സെയ്ത് അലി ഷാ ഗീലാനിയോട് പിഡിപി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
മാനുഷികവും ദേശീയവും മതപരവുമായ മൂന്ന് ബന്ധങ്ങള്‍ നിലനിര്‍ത്തണമെന്നാണ് ഞങ്ങള്‍ക്ക് മെഹബൂബയോട് പറയാനുള്ളത്. എന്നാല്‍, ഈ മൂന്നു കാര്യവും പാലിക്കുന്നതില്‍ മെഹബൂബ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സായുധസേനയെ ഉപയോഗിച്ച് സ്വര്‍ഗമായ സംസ്ഥാനത്തെ നരകമാക്കുകയും യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ സ്വന്തം ജനങ്ങളെ വധിക്കുകയും ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു. പിഡിപിയുടെ മുഖ്യ വക്താവ് മെഹബൂബ ബേഗ്, മെഹബൂബ മുഫ്തിയെ സ്വന്തം മകളായി കരുതണമെന്ന് കഴിഞ്ഞ ദിവസം ഗീലാനിയോട് ആവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക