|    Dec 17 Mon, 2018 5:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കലാപത്തിനുത്തരവാദി ആദിത്യനാഥ്: പോപുലര്‍ ഫ്രണ്ട്

Published : 6th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പോലിസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ അടക്കം രണ്ടുപേരുടെ കൊലപാതകത്തിനിടയാക്കിയ സംഘപരിവാര കലാപത്തിനുത്തരവാദി മുഖ്യമന്ത്രി ആദിത്യനാഥാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി ജിന്ന. ബുലന്ദ് ശഹറില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് പശുഭീകരതയുടെ പേരില്‍ നടന്ന അക്രമപരമ്പരകളുടെ ഏറ്റവും ഒടുവിലത്തേതാണിത്.
ആദിത്യനാഥ് തന്നെ സ്ഥാപിച്ച ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകര്‍ പശുസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തുന്നതും ഇതാദ്യമല്ല. പശുക്കള്‍ മാത്രം സുരക്ഷിതവും മനുഷ്യജീവനുകള്‍ക്ക് വിലയില്ലാതാവുകയും ചെയ്യുന്ന കാട്ടുനീതി പുലരുന്ന പ്രദേശമായി അദ്ദേഹം ഉത്തര്‍പ്രദേശിനെ തരംതാഴ്ത്തി. കാലിക്കച്ചവടവും ബീഫ് കഴിക്കുന്നുവെന്നും ആരോപിച്ച് ഏതൊരു മുസ്‌ലിമിനെയും ദലിതനെയും വര്‍ഗീയവാദികളായ ആള്‍ക്കൂട്ടത്തിന് തല്ലിക്കൊല്ലാവുന്ന അപകടകരമായ സ്ഥിതിവിശേഷത്തിലേക്കാണ് സംഘപരിവാര നേതൃത്വത്തിലുള്ള പശുഭീകരത രാജ്യത്തെ എത്തിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സുബോധ് കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍, അഖ്‌ലാഖ് കേസ് അന്വേഷിച്ചതിന്റെ പേരിലുള്ള ഗൂഢാലോചനയുണ്ടെന്ന അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ആരോപണം തള്ളിക്കളയാനാവില്ല.
പശുഭീകരര്‍ നടത്തുന്ന ഇത്തരം കൊലപാതകങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സത്യസന്ധമായി അന്വേഷിക്കുന്ന പോലിസുകാരെ വെറുതെവിടില്ലെന്ന സന്ദേശമാണ് നല്‍കുന്നത്.
ബുലന്ദ്ശഹര്‍ കലാപം വര്‍ഗീയ സംഘര്‍ഷം പടര്‍ത്താനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നാണ് പോലിസിന്റെ പ്രാഥികാന്വേഷണവും ദൃക്‌സാക്ഷി മൊഴികളും ചൂണ്ടിക്കാണിക്കുന്നത്.
കരിമ്പിന്‍തോട്ടത്തില്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടിട്ടതിനു പിന്നില്‍ ഹിന്ദുത്വ സംഘടകള്‍ തന്നെയാണെന്നാണ് ഇതുവരെ പുറത്തുവന്ന തെളിവുകളിലൂടെ വ്യക്തമാവുന്നത്. പ്രദേശത്ത് നടന്ന മുസ്‌ലിം സമ്മേളനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനു പിന്നിലെ ഗൂഢോദ്ദേശ്യവും അന്വേഷിക്കണം. സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിറ്റിങ് ജഡ്ജിമാരെ ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുഹമ്മദാലി ജിന്ന ആവശ്യപ്പെട്ടു. ആദിത്യനാഥ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്താന്‍ രാഷ്ട്രപതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss