|    Aug 18 Fri, 2017 12:46 am
FLASH NEWS
Home   >  Kerala   >  

കലങ്ങിയവെള്ളത്തില്‍ കാമറ ഉപയോഗിക്കാനായില്ല; സനഫാത്തിമയ്ക്കായുള്ള തിരച്ചില്‍ മുടങ്ങി

Published : 8th August 2017 | Posted By: shadina sdna

പാണത്തൂര്‍(കാഞ്ഞങ്ങാട്): ദുരൂഹസാഹചര്യത്തില്‍ കാണാതായ പാണത്തൂര്‍ ബാപ്പുങ്കയത്തെ അങ്കണവാടി വിദ്യാര്‍ഥിനിയായ സന ഫാത്തിമയെ കണ്ടെത്താന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ വിദഗ്ധര്‍ പാണത്തൂര്‍ പുഴയില്‍ തിരച്ചില്‍ നടത്തി. വെള്ളത്തിനടിയിലെ ചിത്രങ്ങള്‍ വ്യക്തമായി പകര്‍ത്താന്‍ കഴിയുന്ന സ്‌ക്യൂബ് കാമറ ഉപയോഗിച്ചുള്ള പരിശോധനയാണ് നടന്നത്. പുഴയിലെ വെള്ളം കലങ്ങിയതിനാല്‍ ഫോട്ടോ എടുക്കുന്നത് ശ്രമകരമായി. ബാപ്പുങ്കയം മുതല്‍ ചന്ദ്രഗിരിപ്പുഴയുടെ അഴിമുഖം വരെയാണ് പരിശോധന നടത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് ദുരന്തനിവാരണ സേന പരിശോധനയ്‌ക്കെത്തിയത്. ഇതിനിടയില്‍ വെള്ളരിക്കുണ്ട് സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സന ഫാത്തിമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രുപീകരിച്ചു.  കഴിഞ്ഞ വ്യാഴാഴ്ചയാണ് അങ്കണവാടിയില്‍ നിന്ന് വീട്ടിലെത്തിയ ബാപ്പുങ്കയത്തെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹീമിന്റെ മകള്‍ സന ഫാത്തിമയെ കാണാതായത്. കുട്ടിയുടെ ഒരു ചെരുപ്പും കുടയും വീട്ടുപരിസത്തെ ഓവുചാലിന് സമീപത്തു നിന്ന് കണ്ടെത്തിയതിനാലാണ് ഒഴുക്കില്‍ പെട്ടതാണെന്ന സംശയത്തില്‍ നാട്ടുകാരും പോലിസും അഗ്നിശമന സേനയും കഴിഞ്ഞ അഞ്ച് ദിവസമായി പുഴയില്‍ തിരച്ചില്‍ നടത്തിയത്. ഇതിനിടെ ജില്ലയിലെ നാടോടികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
സന ഫാത്തിമയുമായി സാദൃശ്യമുള്ള ഒരു കുട്ടിയെ നീലേശ്വരം ബങ്കളത്തെ നാടോടികളുടെ താമസസ്ഥലത്ത് കണ്ടെത്തി എന്ന പ്രചാരണത്തെ തുടര്‍ന്ന് പോലിസ് സംഘം ഏതാനും നാടോടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള അഞ്ചംഗ ദുരന്ത നിവാരണ സേനയുടെ വിദഗ്ധരാണ് ഇന്നലെ തിരച്ചില്‍നടത്തിയത്. വൈകിട്ടോടെ തിരിച്ചില്‍ പൂര്‍ത്തിയാക്കി ഇവര്‍ മടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക