|    Feb 24 Fri, 2017 12:38 am

കലക്ഷന്‍ കുറവുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ നിര്‍ത്താനൊരുങ്ങുന്നു

Published : 1st November 2016 | Posted By: SMR

അബ്ദുല്‍ ഹക്കീം കല്‍മണ്ഡപം

പാലക്കാട്:സംസ്ഥാനത്ത്  10,000 രൂപയില്‍ താഴെ പ്രതിദിന വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലയില്‍ 12 റൂട്ടുകളിലെ ബസ്സുകള്‍ നിര്‍ത്തലാക്കേണ്ടി വരുമെന്ന് സൂചന. നെല്ലിയാമ്പതി, ആനക്കല്ല്, തോലനൂര്‍ റൂട്ടുകളിലെ കെഎസ്ആര്‍ടിസി ബസ്സുകളാണ് കലക്ഷന്റെ കുറവിനെ തുടര്‍ന്ന് നിര്‍ത്താനൊരുങ്ങുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ലഭ്യമായാല്‍ മാത്രമാവും നടപടിയെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.  വനമേഖലയുള്‍പ്പെടെ മറ്റുസേവനങ്ങളില്ലാത്ത മേഖലകളില്‍ വരുമാനം നോക്കാതെ സര്‍വീസ് നടത്തുമെന്ന് എംഡി  എം ജി രാജമാണിക്യം അറിയിച്ചിരുന്നു. നഷ്ടത്തിലോടുന്നവയ്ക്കു പകരം പുതിയ റൂട്ടുകളില്‍ ഇത്തരത്തില്‍ നിര്‍ത്തലാക്കിയ ബസ്സുകള്‍ സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. ഇന്ധനവും ജീവനക്കാരുടെ ശബളവും ഉള്‍പ്പെടെ പതിനായിരം രൂപ കലക്ഷനുള്ള ബസ്സിന് ദിവസം 7800 രൂപയോളം ചെലവുവരുന്നുണ്ട്. പ്രതിദിനം ഡീസലിനു മാത്രം ശരാശരി ചെലവ് 4500 രൂപയാണ്. നേരത്തെ പ്രതിദിനവരുമാനമായി കെഎസ്ആര്‍ടിസി നിശ്ചയിച്ചിരുന്ന മിനിമം തുക 7000 രൂപയായിരുന്നു. ജീവനക്കാര്‍ അനധികൃതമായി ഹാജരാകാതിരിക്കുന്നതുമൂലം സര്‍വീസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാനും നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസത്തില്‍ മാത്രം 300 ബസുകളാണ് ജീവനക്കാരില്ലാതെ മുടങ്ങിയത്. അനധികൃതമായി ഹാജരാകാതിരുന്ന 17 ജീവനക്കാരെ  ഇതോടെ പുറത്താക്കി. രണ്ടും മൂന്നും വര്‍ഷങ്ങളായി ജോലിക്കെത്താത്തവരും ഇക്കൂട്ടത്തിലുണ്ട്. കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.  കട്ടപ്പുറത്തായിരുന്ന നൂറോളം ബസ്സുകള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സര്‍വീസിന് നടത്തി തുടങ്ങി. ഇതോടെ വരുമാനം അഞ്ച് കോടിയില്‍ നിന്ന് 5.2 കോടിയായി ഉയര്‍ന്നു. ദീര്‍ഘദൂര ബസുകളില്‍ കണ്ടക്ടര്‍ക്കുപകരം കണ്ടക്ടര്‍ ലൈസന്‍സുള്ള രണ്ടു ഡ്രൈവര്‍മാരായിരിക്കും. ജിപിഎസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ ട്രെയിനുകളുടെ മാതൃകയില്‍ ബസ്സുകള്‍ എവിടെ എത്തിയെന്ന് അറിയാന്‍ യാത്രക്കാര്‍ക്കു കഴിയും. ടിക്കറ്റിനു പകരം എറണാകുളത്ത് സ്വകാര്യ ബസുകളില്‍ നടപ്പാക്കിയ മാതൃകയില്‍ സ്ഥിരം യാത്രികര്‍ക്കും വിദ്യാര്‍ഥികള്‍ക്കു കാര്‍ഡ് സംവിധാനം ജില്ലയിലെ കെഎസ്ആര്‍ടിസി ബസ്സുകളിലും നടപ്പിലാക്കിയാല്‍ വരും നാളുകളില്‍ സര്‍വീസ് വെട്ടികുറയ്ക്കാതെ കെഎസ്ആര്‍ടിസിക്ക് വരുമാന വര്‍ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കോഴിക്കോട്, തൃശ്ശൂര്‍, ഗുരുവായൂര്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് സാമാന്യം കലക്ഷനാണുള്ളത്. പുതിയ അന്താരാഷ്്ട്ര കെട്ടിടസമുച്ചയം കൂടി വന്നാല്‍ ജില്ലയിലെ കെഎസ്ആര്‍ടിസി സര്‍വീസില്‍ തന്നെ മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക