|    Oct 22 Sun, 2017 3:48 pm
FLASH NEWS

കലക്ടറേറ്റ് സ്‌ഫോടനം : കസ്റ്റഡി കാലാവധി അവസാനിച്ചു; പ്രതികളെ കോടതിയില്‍ ഹാജരാക്കി

Published : 21st March 2017 | Posted By: fsq

കൊല്ലം: കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കൊല്ലം കലക്ടറേറ്റ് സ്‌ഫോടന കേസിലെ പ്രതികളെ ജയിലിലേക്ക് അയച്ചു. തമിഴ്‌നാട് മധുര ഇസ്മയില്‍ പുരത്ത് അബ്ബാസ് അലി(27), മധുര വീട്ടു നമ്പര്‍ 17ല്‍ ശംസൂണ്‍ കരിം രാജ(22), മധുര നെല്‍പ്പെട്ട കരിംഷ മസ്ജിദ് ഫോര്‍ട്ട് സ്ട്രീറ്റ് വീട്ടുനമ്പര്‍-23ല്‍ ദാവൂദ് സുലൈമാന്‍(22), മധുര നെല്‍പ്പട്ടയില്‍ ഷംസുദ്ദീന്‍(23) എന്നിവരെ ഏപ്രില്‍ മൂന്ന് വരെയാണ് ജില്ലാ ജയിലിലേക്ക് അയച്ചത്. മലപ്പുറം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലപ്പുറം പോലിസാണ് ഇനി ഇവരെ കസ്റ്റഡിയില്‍ വാങ്ങേണ്ടത്. കസ്റ്റഡി അപേക്ഷ കോടതിയില്‍ നല്‍കുന്നത് അനുസരിച്ച് പ്രതികളെ മലപ്പുറം പോലിസിന് ലഭിക്കും. മാര്‍ച്ച് എട്ടിനാണ് കൊല്ലം ജില്ല സെഷന്‍സ് കോടതി 12 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കി ഇന്നലെ രാവിലെ 11 ഓടെ പ്രതികളെ അഡീഷനല്‍ ഒന്നാം ക്ലാസ് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി. ബന്ധുക്കളുമായി സംസാരിക്കാന്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കണമെന്ന് പ്രതികള്‍ കോടതിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ജയില്‍ അധികൃതരാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. പോലിസിന്റെ ഭാഗത്തു നിന്നുള്ള പെരുമാറ്റത്തില്‍ പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ലായെന്ന് മറുപടി നല്‍കി. ഇംഗ്ലീഷിലാണ് ചോദ്യങ്ങളും ആവശ്യങ്ങളും പ്രതികള്‍ ഉന്നയിച്ചത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയതിനാല്‍ കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടില്ല.2016 ജൂണ്‍ 15ന് രാവിലെ 10.50നാണ് കൊല്ലം കലക്ടറേറ്റ് തൊഴില്‍ വകുപ്പിന്റെ വളപ്പില്‍ ഉപയോഗ ശൂന്യമായ ജീപ്പില്‍ സ്‌ഫോടനം നടന്നത്.  കൊല്ലം സ്‌ഫോടനത്തിന് മുമ്പ് ആന്ധ്രയിലെ ചിറ്റൂരില്‍ ഏപ്രില്‍ 17നും കൊല്ലത്തിന് ശേഷം ആന്ധ്രയിലെ നെല്ലൂരില്‍ സെപ്തംബര്‍ 12നും കര്‍ണാടകത്തിലെ മൈസൂരില്‍ ആഗസ്ത് ഒന്നിനും കേരളപിറവി ദിനത്തില്‍ മലപ്പുറം കലക്ടറേറ്റിലും സംഘം സ്‌ഫോടനം നടത്തിയിരുന്നു. കൊല്ലത്തും മൈസൂരിലും ജനുവരിയില്‍ വീണ്ടും സ്‌ഫോടനത്തിന് പദ്ധതി തയ്യാറാക്കിയതായും ഇവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. കലക്ടറേറ്റ് വളപ്പില്‍ ബോംബ് വെച്ച രണ്ടാം പ്രതി ഷംസൂണ്‍ കരിംരാജയെ സ്‌ഫോടനം നടന്ന സ്ഥലത്തും ഇയാള്‍ മൊബൈല്‍ ഫോണ്‍ റിചാര്‍ജ് ചെയ്ത കോട്ടമുക്കിലെ മൊബൈല്‍ കടയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക