|    Oct 21 Sat, 2017 4:16 pm
FLASH NEWS

കലക്ടറേറ്റിലെ സംഭവം; എം കെ രാഘവന്റേത് കഴിവുകേട് മറച്ചുവയ്ക്കാനുള്ള ശ്രമം: സിപിഎം

Published : 2nd July 2016 | Posted By: SMR

കോഴിക്കോട്: എംപി ഫണ്ട് ചെലവഴിക്കുന്നതില്‍ ഗുരുതരമായ വീഴ്ചവരുത്തിയ കോഴിക്കോട് എംപി, എം കെ രാഘവന്‍ സ്വന്തം കഴിവുകേട് മറച്ചുവെക്കാനുള്ള വിലകുറഞ്ഞ നാടകമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ടറേറ്റില്‍ കാണിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരെ മുന്‍കൂട്ടി അറിയിച്ചശേഷം കലക്ടറേറ്റില്‍ എത്തിയ എംപി സബ്കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദേ്യാഗസ്ഥന്മാര്‍ക്കുനേരെ ഭീഷണി മുഴക്കുകയായിരുന്നു. കലക്ടര്‍ സ്ഥലത്തില്ലെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയാണ് എംപി ഈയൊരു നാടകം കളിച്ചത്. എംപി ഫണ്ട് വഴിയുള്ള തന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടറും ഉദേ്യാഗസ്ഥന്മാരും തടസ്സം സൃഷ്ടിക്കുകയാണെന്നായിരുന്നു രാഘവന്റെ ആരോപണം.
എംപി ഫണ്ട് വിനിയോഗിച്ച് നടത്തുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി കിട്ടുന്നില്ലെന്നും കാലതാമസം വരുത്തുന്നുവെന്നും എന്നാരോപിച്ചാണ് കലക്ടറേറ്റില്‍ എംപി പരാക്രമം കാണിച്ചത്. എംപി ഫണ്ട് ചെലവഴിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട രാഘവന്‍ അത് മറച്ചുപിടിക്കാനാണ് ജില്ലാ കലക്ടറെയും ഭരണകേന്ദ്രത്തെയും കുറ്റപ്പെടുത്തുന്ന കഥകള്‍ മാധ്യമങ്ങള്‍ക്കുമുമ്പില്‍ വിളമ്പിയത്. രാഘവന്റെ എംപി ഫണ്ടില്‍ നിന്ന് കഴിഞ്ഞവര്‍ഷം 55% തുക മാത്രമാണ് ചെലവഴിച്ചത്. ഈ കുറ്റകരമായ നിരുത്തരവാദിത്വം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കപ്പെടുന്നതില്‍ വിറളിപിടിച്ചാണ് രാഘവന്‍ കലക്ടര്‍ക്കുനേരെ കലിതുള്ളിയത്.
രാഘവന്റെ എംപി ഫണ്ടുപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികളില്‍ ജില്ലാഭരണകേന്ദ്രം നടത്തുന്ന അനേ്വഷണവും പരിശോധനയുമാണ് ഇദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഒരുവിധ പരിശോധനയുമില്ലാതെ കരാറുകാര്‍ക്ക് ഫണ്ട് പാസ്സാക്കിക്കൊടുക്കണമെന്നാണ് രാഘവന്‍ ജില്ലാഭരണകേന്ദ്രത്തിലെ ഉദേ്യാഗസ്ഥന്മാരോട് ആവശ്യപ്പെട്ടതെന്ന് അറിയാന്‍ കഴിഞ്ഞു. നിയമപരമായ പരിശോധനകള്‍ കൂടാതെ ഫണ്ട് അനുവദിക്കുന്നത് വലിയ അഴിമതിയാണെന്ന കാര്യം മനസ്സിലാക്കിയ കലക്ടര്‍ പരിശോധനകള്‍ക്ക് വിധേയമായി മാത്രം ഫണ്ട് അനുവദിച്ചാല്‍ മതിയെന്ന് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതാണ് രാഘവനെ പ്രകോപിതനാക്കിയത്.
ഉദേ്യാഗസ്ഥരെ ഭീഷണിപ്പെടുത്തി ഇന്‍സ്‌പെക്ഷന്‍ ഉള്‍പ്പെടെയുള്ള നിയമപരമായ നടപടികളെ ഒഴിവാക്കിയെടുക്കാനുള്ള രാഘവന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഒരുകാരണവശാലും അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. നിര്‍ഭയമായി ജോലിചെയ്യാന്‍ കലക്ടറേറ്റിലെ ഉദേ്യാഗസ്ഥന്മാര്‍ക്ക് കഴിയണം. എംപിയെന്ന നിലയിലുള്ള തന്റെ പരാജയം മറച്ചുവെക്കാന്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നപോലെ കലക്ടര്‍ക്കും കലക്ടറേറ്റിലെ ജീവനക്കാര്‍ക്കും മേലെ കുതിരകയറുന്ന ശൈലി ഒരുകാരണവശാലും അനുവദിക്കില്ലെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക