|    Jan 19 Thu, 2017 8:39 pm
FLASH NEWS

കലക്ടര്‍ എം ജി രാജമാണിക്യത്തെ മാറ്റണം: സിപിഐ

Published : 2nd July 2016 | Posted By: SMR

കാക്കനാട്: എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ കമ്മിറ്റി രംഗത്തെത്തി. സന്തോഷ് മാധവന് ഭൂമിദാനം ചെയ്തതിലും ഭൂമിഗീതം പരിപാടിയിലുമടക്കം വ്യാപക അഴിമതിയാണ് കലക്ടര്‍ നടത്തിയിരിക്കുന്നതെന്നാണ് സിപിഐയുടെ ആരോപണം.
റവന്യു വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനെ ചൊല്ലി കലക്ടറും ഭരണകക്ഷി യൂനിയനായ ജോയിന്റ് കൗണ്‍സിലും തമ്മില്‍ തുറന്ന് പോര് നടക്കുന്നതിനിടെയാണ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ രംഗത്തെത്തിയത്.
കലക്ടര്‍ അഴിമതിക്കാരനാണെന്നും ജില്ലാ ഭരണകൂടം നിര്‍ജീവമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു ആരോപിച്ചു. ഇദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിട്ടുണ്ടെന്നും ഈ മാസം 16ന് ശേഷം തീരുമാനം ഉണ്ടാകുമെന്നും പി രാജു പറഞ്ഞു. ഇടത് ഭരണം തുടങ്ങിയതോടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പൂര്‍ണമായും സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഏറ്റെടുത്തിരിക്കുകയാണ്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പകപോക്കല്‍ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയവരെയെല്ലാം തിരിച്ചുകൊണ്ട് വരണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മാനദണ്ഡം പാലിക്കാതെ സ്ഥലംമാറ്റിയ രണ്ട് ജീവനക്കാരെ കലക്ടര്‍ എം ജി രാജമാണിക്യം തിരിച്ചുകൊണ്ടു വന്നതാണ് നേതാക്കളെ ചൊടിപ്പിച്ചത്. കലക്ടറേറ്റ് സെക്ഷനില്‍ നിന്ന് സ്ഥലം മാറ്റിയ ജീവനക്കാരി പരാതി നല്‍കിയതിനെ തുടര്‍ന്ന് കലക്ടര്‍ ഇവരുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി. ഇതോടെ കലക്ടറും സംഘടനാ നേതാക്കളും തമ്മില്‍ തുറന്ന് പോരിന് വഴിവെക്കുകയായിരുന്നു.
നടപടിയില്‍ പ്രതിഷേധിച്ച് സംഭവദിവസം ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷനില്‍ പ്രതിഷേധ പ്രകടനം നടത്തിയെങ്കിലും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ സിപിഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂനിയന്‍ മാറി നിന്നതു കലക്ടറേറ്റില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിവെച്ചു.
അതിനിടെ കലക്ടറെ സസ്‌പെന്റ് ചെയ്തു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മിറ്റി ഇന്നലെ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ എന്‍ സുഗതന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി സി സന്‍ജിത്ത്, ജില്ലാ സെക്രട്ടറി സന്തോഷ് പീറ്റര്‍, എന്‍ അരുണ്‍, പി എ നവാസ് തുടങ്ങിയവര്‍ സംസാരിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക