|    Jul 20 Fri, 2018 2:05 pm
FLASH NEWS

കറുത്ത വെള്ളിയുടെ ഓര്‍മയില്‍ തേലക്കാട്‌

Published : 8th September 2017 | Posted By: fsq

 

നഹാസ് എം നിസ്താര്‍

മലപ്പുറം: കറുത്ത വെള്ളിയാഴ്ചയുടെ ഓര്‍മയിലാണ് തേലക്കാട്ടുക്കാര്‍. നാട്ടുകാരായ വിദ്യാര്‍ഥികളടക്കം 15 പേരുടെ ജീവന്‍ കവര്‍ന്ന തേലക്കാട് ബസ്സപകടം നടന്നത് നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വെള്ളിയാഴ്ചയായിരുന്നു. 2013 സപ്തംബര്‍ ആറിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ജില്ലയിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ ബസ്സപകടമായിരുന്നു തേലക്കാട്ടേത്. പെരിന്തല്‍മണ്ണയില്‍നിന്ന് മേല്‍ക്കുളങ്ങരയിലേക്കു പോവുകയായിരുന്ന ഫ്രണ്ട്‌സ് ബസ്സാണ് അപകടത്തില്‍പെട്ടത്. അലനല്ലൂര്‍-കാര്യവട്ടം പാതയില്‍ തേലക്കാടിനു സമീപം പൂവക്കുണ്ടില്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഏഴ് വിദ്യാര്‍ഥിനികളടക്കം 15 പേര്‍ മരിച്ചതില്‍ 11 പേരും മേല്‍ക്കുളങ്ങര സ്വദേശികളായിരുന്നു. പരിക്കേറ്റവരില്‍ പലരും ഇന്നും പൂര്‍ണമായും മുക്തരായിട്ടില്ല. സഹോദരങ്ങളും അടുത്തടുത്ത വീടുകളിലുള്ളവരും ഒരേ കോളജില്‍ പഠിക്കുന്നവരുമൊക്കെയാണ് മരിച്ചവരിലും പരിക്കേറ്റവരിലുമുണ്ടായിരുന്നത്. താനൂരില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ ബസ്സപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴായിരുന്നു വെട്ടത്തൂരില്‍ മറ്റൊരപകടത്തിന് സാക്ഷ്യം വഹിച്ചത്. അപകടം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ബസ്സിന്റെ ഇന്‍ഷൂറന്‍സ് സംബന്ധമായ കാര്യങ്ങള്‍ക്ക് ഇനിയും തീരുമാനമായിട്ടില്ല. അപകടത്തില്‍പെട്ട ബസ്സിന് ഇന്‍ഷൂര്‍ ഇല്ലാത്തതു കാരണം സക്കാര്‍ പ്രഖ്യാപിച്ച തുഛമായ തുക മാത്രമാണ് മരിച്ചവരുടെ ആശ്രിതര്‍ക്കും അപകടത്തില്‍പെട്ടവര്‍ക്കും ലഭിച്ചത്. തേലക്കാട് ബസ്സപകടം നടന്ന കാര്യവട്ടം-അലനല്ലൂര്‍ പാതയുടെ നവീകരണത്തിന് ഇനിയും നടപടിയായിട്ടില്ല. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് തേലക്കാട് അപകടത്തിന് ഒരു കാരണമായി അധികൃതര്‍ ചൂണ്ടി കാണിച്ചിരുന്നത്. ഇതിന്റെ ഭാഗമായി നാറ്റ്പാക്ക് നടത്തിയ പരിശോധനയില്‍, പാതയില്‍ അപകടങ്ങള്‍ ലഘൂകരിക്കുന്നതിനായി വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. 12 കിലോമീറ്റര്‍ ദൂരമുള്ള പാതയില്‍ വാഹന നിയമപ്രകാരം സര്‍വേ നടത്തി വാഹനങ്ങളുടെ വേഗപരിധി പുനര്‍നിശ്ചയിക്കുക, വേഗപരിധി റോഡരികിലെ ബോര്‍ഡില്‍ സൂചിപ്പിക്കുക, റോഡ് ശാസ്ത്രീയമായി പുനര്‍നിര്‍മിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നാറ്റ്പാക് നല്‍കിയിരുന്നത്. എന്നാല്‍, ഇവയെല്ലാം ഇപ്പോഴും കടലാസില്‍ തന്നെയാണ്. റോഡ് നിര്‍മാണത്തിലെ പോരായ്മ കാരണം ചെറുതും വലുതുമായ നിരവധി അപകടങ്ങളുടെ തുടര്‍ക്കഥയാണ് ഇന്നും കാര്യവട്ടം-അലനല്ലൂര്‍ പാത.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss