|    Apr 29 Sat, 2017 2:53 pm
FLASH NEWS

കറുത്ത വര്‍ഗക്കാരുടെ പ്രകടനത്തിനിടെ സംഘര്‍ഷം: അഞ്ച് പോലിസുകാരെ യുഎസില്‍ വെടിവച്ചുകൊന്നു

Published : 9th July 2016 | Posted By: SMR

വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരായ രണ്ടുപേരെ വെളുത്ത വര്‍ഗക്കാരായ പോലിസുകാര്‍ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ യുഎസിലെ ഡള്ളാസില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ അഞ്ച് പോലിസുകാര്‍ വെടിയേറ്റുമരിച്ചു.
പ്രതിഷേധക്കാരില്‍ ചിലര്‍ സംഘംചേര്‍ന്നു നടത്തിയ വെടിവയ്പില്‍ ആറ് പോലിസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലിസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. പോലിസുകാര്‍ക്കുനേരെ വെടിവച്ച ഒരാള്‍ പിന്നീട് സ്വയം വെടിയുതിര്‍ത്തു മരിച്ചതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളുടെ കാറിനു സമീപം നിന്ന സ്ത്രീയെ ചോദ്യം ചെയ്തുവരുകയാണ്.
വ്യാഴാഴ്ച വൈകീട്ടോടെയാണു വെടിവയ്പുണ്ടായത്. ലൂസിയാനയില്‍ ആള്‍ട്ടണ്‍ സ്റ്റെര്‍ലിങ് എന്നയാളും മിന്നെസോട്ടയില്‍ ഫിലാന്‍ഡോ കാസില്‍ എന്നയാളുമാണ് വെളുത്ത വര്‍ഗക്കാരായ പോലിസുകാരുടെ വെടിയേറ്റു മരിച്ചത്. ഇതിനു പിന്നാലെ യുഎസില്‍ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആക്രമണം അതിക്രൂരമെന്ന് പോളണ്ടില്‍ സന്ദര്‍ശനം നടത്തുന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ഡള്ളാസില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പോലിസുകാരുടെ ത്യാഗത്തെക്കുറിച്ചാണ് ഇവിടെ ഓര്‍മിക്കേണ്ടതെന്നും ഒബാമ പറഞ്ഞു.
പ്രതിഷേധക്കാര്‍ നേരത്തേ ആക്രമണ പദ്ധതിയിട്ടിരുന്നതായി ഡള്ളാസ് പോലിസ് മേധാവി ഡേവിഡ് ബ്രൗണ്‍ അറിയിച്ചു. ഇവര്‍ പോലിസുകാരെ പിറകില്‍ നിന്നു വെടിവയ്ക്കുകയായിരുന്നുവെന്ന് ബ്രൗണ്‍ പറഞ്ഞു. ഡള്ളാസ് ഏരിയ റാപിഡ് ട്രാന്‍സിറ്റ് പോലിസ് ഓഫിസര്‍ ബ്രെന്റ് തോംസണും (43) മരിച്ചവരില്‍ പെടുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day