|    Dec 13 Wed, 2017 9:17 am
Home   >  Todays Paper  >  page 9  >  

കറുത്ത വര്‍ഗക്കാരന്റെ കൊലപാതകം: യുഎസ് നഗരത്തില്‍ അടിയന്തരാവസ്ഥ

Published : 23rd September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസില്‍ നോര്‍ത്ത് കരോലിനയില്‍ കറുത്തവര്‍ഗക്കാരനായ കെയ്ത് ലാമോണ്ട് സ്‌കോട്ടിനെ (43) പോലിസ് വെടിവച്ചു കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധം തുടരുന്ന ഷാര്‍ലോത് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധപ്രകടനങ്ങള്‍ അക്രമാസക്തമായതിനെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നു നോര്‍ത്ത് കരോലിന ഗവര്‍ണര്‍ അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു പോലിസ് വെടിവയ്പില്‍ സ്‌കോട്ട് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ടുള്‍സ നഗരത്തിലുണ്ടായ പോലിസ് വെടിവയ്പില്‍ ടെറന്‍സ് ക്രട്ചര്‍ എന്ന കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഷാര്‍ലോതിനു പുറമേ ഒക്‌ലഹോമ നഗരത്തിലും പോലിസിന്റെ വര്‍ണവെറിക്കെതിരായ പ്രതിഷേധം തുടരുന്നുണ്ട്.
ഷാര്‍ലോതിലെ പ്രക്ഷോഭത്തിനിടെ വെടിവയ്പില്‍ പ്രതിഷേധക്കാരിലൊരാള്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ ഒരു സിവിലിയന്റെ വെടിവയ്പിലാണ് പ്രതിഷേധക്കാരനു പരിക്കേറ്റതെന്ന് പോലിസ് അവകാശപ്പെട്ടു. സ്‌കോട്ടിന്റെ മരണശേഷമുണ്ടായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനാണ് പോലിസ് ശ്രമിക്കുന്നതെന്നു പ്രതിഷേധക്കാര്‍ അറിയിച്ചു. കലാപക്കേസുകള്‍ ചുമത്തി തങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്ന് അവര്‍ അറിയിച്ചു.
ഷാര്‍ലോതിലുണ്ടായ സ്ഥിതിഗതികള്‍ ദുരന്തസമാനമാണെന്നും അതീവ ദുഃഖകരമാണെന്നും മേക് ഇറ്റ് പ്ലെയിന്‍ എന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന റേഡിയോ പരിപാടി അവതാരകനായ മാര്‍ക് തോംസണ്‍ പറഞ്ഞു. ഡോക്ടര്‍ മാര്‍ട്ടിന്‍ ലൂഥര്‍കിങ് പറഞ്ഞപോലെ കലാപങ്ങള്‍ എന്നു വിളിക്കപ്പെടുന്ന പ്രക്ഷോഭങ്ങള്‍ അവഗണിക്കപ്പെടുന്നവരുടെ ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക