|    Jan 20 Fri, 2017 3:08 am
FLASH NEWS

കറുകുറ്റി തീവണ്ടിയപകടം: റെയില്‍വേ വിദഗ്ധ സമിതി തെളിവെടുപ്പ് ആരംഭിച്ചു

Published : 31st August 2016 | Posted By: SMR

കൊച്ചി: തിരുവനന്തപുരം-മംഗലാപുരം മലബാര്‍എക്‌സ്പ്രസ് അങ്കമാലി കറുകുറ്റിയില്‍ പാളംതെറ്റിയ സംഭവം സംബന്ധിച്ച് റെയില്‍വേയുടെ വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഒമ്പതു ദിവസത്തിനുള്ളില്‍ അന്വേഷണ റിപോര്‍ട്ട് റെയില്‍വേയ്ക്ക് കൈമാറും. ദക്ഷിണ റെയില്‍വേ ചീഫ് സെക്യൂരിറ്റി ഓഫിസര്‍(സിഎസ്ഒ) ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
അപകടത്തില്‍പ്പെട്ട തിരുവനന്തപുരം -മംഗലാപുരം എക്‌സ്പ്രസിലെയും ഈ സമയം എതിരേ വന്ന ചെന്നൈ എക്‌സ്പ്രസിന്റെയും ലോക്കോ പൈലറ്റുമാര്‍, ഗാര്‍ഡുകള്‍, കറുകുറ്റി സ്‌റ്റേഷന്‍ മാസ്റ്റര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സെക്ഷന്‍ എന്‍ജിനീയര്‍ രാജു ഫ്രാന്‍സിസ് തുടങ്ങി 35 ഓളം പേരില്‍ നിന്നും സംഘം മൊഴി രേഖപ്പെടുത്തി. സംഭവസമയത്ത് ട്രെയിനിലുണ്ടായിരുന്ന നാല് റെയില്‍വേ പോലിസ് ഉദ്യോഗസ്ഥരും മൊഴി നല്‍കാന്‍ എത്തിയിരുന്നു. തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം നല്‍കിയിരുന്നു.
ട്രെയിനിന്റെ വേഗത, സിഗ്നലിങ്, ട്രാക്കിന്റെയും കോച്ചിന്റെയും അവസ്ഥ എന്നിവ അന്വേഷണപരിധിയില്‍ വരും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കു വേണ്ടിയാണ് ഈ അന്വേഷണമെന്ന് സിഎസ്ഒ ജോണ്‍ തോമസ് പറഞ്ഞു.
അതേസമയം തിരുവനന്തപുരം സബ് ഡിവിഷന് കീഴില്‍ 202 ഇടത്ത് റെയില്‍വേ ട്രാക്കില്‍ ഗുരുതരമായ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഓള്‍ ഇന്ത്യ റെയില്‍വേ എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍(എഐആര്‍ഇഎഫ്) ഭാരവാഹികള്‍ വെളിപ്പെടുത്തി. അള്‍ട്രാസോണിക് മെഷീന്‍ ഉപയോഗിച്ച് റെയില്‍വേ നടത്താറുള്ള പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയിട്ടുള്ളത്. മൂന്നു ദിവസത്തിനുള്ളില്‍ റെയില്‍ മാറ്റി സ്ഥാപിക്കണമെന്ന് ശുപാര്‍ശ നല്‍കിയിട്ടുള്ള ഈ സ്ഥലങ്ങളില്‍ പെടുന്നതാണ് കറുകുറ്റിയിലെ അപകട സ്ഥലം. റിപോര്‍ട്ട് ചെയ്തിട്ടും ഒരു നടപടിയും എടുക്കാതിരുന്ന റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് അപകടത്തിന് വഴിയൊരുക്കിയത്. എന്നാല്‍, വസ്തുതകള്‍ മറച്ചുവച്ച് താഴെക്കിടയിലുള്ള എന്‍ജിനീയറുടെ മേല്‍ ഉത്തരവാദിത്തം കെട്ടിവയ്ക്കാനാണ് റെയില്‍വേ അധികൃതര്‍ ശ്രമിക്കുന്നതെന്ന് ഫെഡറേഷന്‍ കുറ്റപ്പെടുത്തി.
അപകടാവസ്ഥയിലുള്ള ട്രാക്കിലൂടെ ട്രെയിനുകള്‍ കൂടിയ വേഗത്തില്‍ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍, ഇത്തരം സുരക്ഷാ മുന്‍കരുതലുകള്‍ അധികൃതര്‍ ഒഴിവാക്കുകയാണെന്നും ഇത് പൊതുജനത്തിന്റെ ജീവന്‍ അപകടത്തിലാക്കുമെന്നും ഫെഡറേഷന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
150 കിലോമീറ്റര്‍ പുതിയ ട്രാക്കും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുകയാണ് പരിഹാര മാര്‍ഗം. എന്നാല്‍, റെയില്‍വേയിലെ കേരള വിരുദ്ധ ലോബി ഇതിനുള്ള നടപടികള്‍ അട്ടിമറിക്കുകയാണെന്ന് ഫെഡറേഷന്‍ പ്രസിഡന്റും സെക്രട്ടറിയും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ഈ മാസം 28ന് പുലര്‍ച്ചെ 2.15 നാണ് തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസ് അങ്കമാലി കറുകുറ്റി റെയില്‍വേ സ്‌റ്റേഷനു സമീപം പാളം തെറ്റിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക